X

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലെന്ന് വിഡി സതീശന്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എയാണ് പരസ്യപ്രസ്താവനയുമായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലില്‍ ആണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് നേതൃത്വമാറ്റം ആവശ്യപ്പെടാത്തതെന്നും ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സതീശന്‍ തുറന്നടിച്ചു. 

ഐ ഗ്രൂപ്പ് നേതൃത്വമാറ്റം ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു മുതിര്‍ന്ന നേതാവ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തുന്നത് ഇതാദ്യമാണ്. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലാണ് സാധാരണ പ്രവര്‍ത്തകര്‍ മത്സരിക്കുന്നത്. അവരുടെ സാധ്യകള്‍ ഇല്ലാതാക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെടാത്തത്. യുപിഎ സര്‍ക്കാരിലെ ഘടകക്ഷികളുടെ അഴിമതി നിമിത്തമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വെറും നാല്‍പ്പത്തിനാല് സീറ്റിലേക്ക് കോണ്‍ഗ്രസിന് ചുരുങ്ങേണ്ടി വന്നതെന്ന കാര്യം ആരും മറക്കരുതെന്നും സതീശന്‍ ഓര്‍മിപ്പിച്ചു. കെഎം മാണിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:10 pm