X

കൂളീംഗ് ഗ്ലാസ് ധരിച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ കളക്ടര്‍ക്ക് നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയ ജില്ലാ കലക്ടര്‍ക്ക് നോട്ടീസ്. ബസ്തര്‍ ജില്ലാ കലക്ടര്‍ അമിത് കതാരിയക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. മോദിയെ സ്വീകരിക്കുമ്പോള്‍ കീഴ് വഴക്കമനുസരിച്ച് വസ്ത്രം ധരിക്കാത്തതിന് വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. മോദി കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
‘ബസ്തര്‍ കലക്ടര്‍ എന്ന നിലയില്‍ താങ്കള്‍ പ്രധാനമന്ത്രിയെ മെയ് ഒമ്പതിന് ജഗ്ദല്‍പൂരില്‍ സ്വീകരിക്കാനെത്തി. ആ സമയത്ത് ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാത്തതിന് താങ്കള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുന്നു. താങ്കള്‍ സണ്‍ഗ്ലാസ് ധരിച്ചതായും കണ്ടെത്തിയിട്ടുണ്ട്’ ^സര്‍ക്കാറിന്റെ പൊതുഭരണ വിഭാഗത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി ഡി.ഡി സിങ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കതാരിയ ആള്‍ ഇന്ത്യ സര്‍വീസ് റൂളിലെ 3 (1) വകുപ്പ് ലംഘിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍മാര്‍ എല്ലാ സമയത്തും സത്യസന്ധവും ശ്രദ്ധയോടുകൂടിയതുമായ സമീപനം ജോലിയുമായി ബന്ധപ്പെട്ട് സ്വീകരിക്കണം. സര്‍വീസില്‍ നിന്ന് പുറത്താവുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുത്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ത്യശാസനം നല്‍കുന്നു നോട്ടീസ് വ്യക്തമാക്കുന്നു. മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടുതലുള്ള മേഖലയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ബസ്തര്‍.

 

 

This post was last modified on December 27, 2016 3:10 pm