X

‘ഒരു അഡാറ് ലവ്’ തെലുങ്ക് പതിപ്പ് ‘ലൗവേഴ്സ് ഡേ’യുടെ പുതിയ ​ഗാനമെത്തി

തെലുങ്കിലും തമിഴിലും കന്നഡയിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്

പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ കൊണ്ട് ശ്രദ്ധേയമായ ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ലൗവേഴ്സ് ഡേയുടെ പുതിയ ഗാനമെത്തി. ദിനകറും ഹരിണിയും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. ശ്രീ സായ് കിരണിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അഡാര്‍ ലൗവിലെ മലയാളത്തിലെ പാട്ടുകള്‍ക്ക് വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ലഭിച്ചത്. ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ലൈക്കുകളേക്കാളധികം ഡിസ്‌ലൈക്കായിരുന്നു ലഭിച്ചത്. എന്നാല്‍ അന്യഭാഷകളിലേക്ക് മാറുംമ്പോൾ പാട്ടുകള്‍ക്ക് ലൈക്കുകളാണധികവും. യൂട്യൂബില്‍ ഇറങ്ങിയ ഗാനം ഇതിനോടകം ആറുലക്ഷത്തോളം ആളുകളാണ് കണ്ടത്.

ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്കിലും തമിഴിലും കന്നഡയിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഒമര്‍ ലുലുവാണ് സംവിധായകന്‍. ലൗവേഴ്സ് ഡേ എന്ന പേരില്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എ ​ഗുരുരാജ്, സിഎച്ച്‌ വിനോദ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്.