X

രണ്ട് വര്‍ഷത്തിനിടെ ചൈന വധിച്ചത് 18 സിഐഎ ചാരന്മാരെ: ഇന്റലിജന്‍സ് പരാജയത്തില്‍ പകച്ച് യുഎസ്

2010 മുതലാണ് സിഐഎ വിരുദ്ധ ഓപ്പറേഷന്‍ ചൈന കൂടുതല്‍ ശക്തമാക്കിയത്. നിരവധി ചാരന്മാരേയും ഇവര്‍ക്ക് സഹായം നല്‍കിയവരേയും ജയിലിലടച്ചു.

രണ്ട് വര്‍ഷത്തിനിടെ 18 സിഐഎ ചാരന്മാരെ വധിച്ചാണ് ചൈന യുഎസ് ചാരപ്പണിയെ നേരിട്ടതെന്ന് റിപ്പോര്‍ട്ട്. 2010 മുതലാണ് സിഐഎ വിരുദ്ധ ഓപ്പറേഷന്‍ ചൈന കൂടുതല്‍ ശക്തമാക്കിയത്. നിരവധി ചാരന്മാരേയും ഇവര്‍ക്ക് സഹായം നല്‍കിയവരേയും ജയിലിലടച്ചു. ഏറ്റവും വലിയ ഇന്റലിജന്‍സ് പരാജയമായാണ് യുഎസ് അധികൃതര്‍ ഇതിനെ വിലയിരുത്തുന്നത്. അതേസമയം ഇന്റലിജന്‍സ് വീഴ്ച സംബന്ധിച്ച് വാഷിംഗ്ടണില്‍ ഭിന്നാഭിപ്രായങ്ങള്‍ ശക്തമാണ്. സിഐഎയ്ക്കകത്ത് നിന്ന് തന്നെയാണ് നീക്കം നടന്നതെന്ന് ഒരു വിഭാഗം വിലയിരുത്തുമ്പോള്‍ സിഐഎയുടെ കവര്‍ട്ട് സംവിധാനം ചൈന ഹാക്ക് ചെയ്തതാണ് പ്രശ്‌നമായതെന്നാണ് മറു വിഭാഗത്തിന്റെ വിലയിരുത്തല്‍. വിദേശ സോഴ്‌സുകളുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നതാണ് ഇത്.

2010 അവസാന വാരത്തില്‍ തുടങ്ങി 2012 അവസാനം വരെ നീണ്ട ഓപ്പറേഷനിലൂടെയാണ് സിഐഎ പ്രവര്‍ത്തനങ്ങളെ ചൈന ഒതുക്കിയത്. ഒരാളെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ഒരു ഗവണ്‍മെന്റ് കെട്ടിടത്തില്‍ വെടി വച്ച് കൊല്ലുകയായിരുന്നു. സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് താക്കീത് എന്ന നിലയ്ക്കായിരുന്നു ഇത്. സോവിയറ്റ് യൂണിയനിലും പിന്നീട് റഷ്യയിലും ഉണ്ടായ നഷ്ടത്തിന് തുല്യമാണ് ചൈനയിലും സംഭവിച്ചിരിക്കുന്നത്. സിഐഎയിലും എഫ്ബിഐയിലും പ്രവര്‍ത്തിച്ചിരുന്ന ആല്‍ഡ്രിച്ച് എയിംസും റോബര്‍ട്ട് ഹാന്‍സണും സിഐഎക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ഇവര്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ മോസ്‌കോയ്ക്ക് ചോര്‍ത്തി നല്‍കി.

ഇന്റലിജന്‍സ് കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെട്ടതടക്കം ആയിരക്കണക്കിന് യുഎസ് ഗവണ്‍മെന്റ് രേഖകളാണ് ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്. വിക്കീലീക്സ്‌ തങ്ങളുടെ വിവരം ചോര്‍ത്തിയത് സംബന്ധിച്ച് പരിശോധിച്ച് വരുന്നതിനിടെയാണ് ചൈന വിവരം ചോര്‍ത്തി ചാര ശൃംഘല തകര്‍ത്തത് സിഐഎയ്ക്ക് തലവേദനയായിരിക്കുന്നത്. സിഐഎയും എഫ്ബിഐയും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ചൈനീസ് ഉദ്യോഗസ്ഥ വൃന്ദത്തിനകത്തേയ്ക്ക് നുഴഞ്ഞു കയറി വലിയ തോതിലുള്ള വിവരം ചോര്‍ത്തല്‍ നടത്താന്‍ ചൈന പൗരന്മാര്‍് അടക്കമുള്ള സിഐഎ ചാരന്മാര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷെ 2010 അവസാനത്തോടെ തിരിച്ചടി തുടങ്ങി.

2011 ആദ്യമാണ് ചൈനയിലെ തങ്ങളുടെ ചാരന്മാര്‍ അപ്രത്യക്ഷരാകുന്നതായി സിഐഎ തിരിച്ചറിഞ്ഞത്. ഉദ്യോഗസ്ഥതലത്തില്‍ സിഐഎയും എഫ്ബിഐയും സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. ബിജിംഗിലെ ഓരോ ഓപ്പറേഷനും സൂക്ഷ്മമായി വിലയിരുത്താന്‍ തുടങ്ങി. ഹണി ബാഡ്ജര്‍ എന്ന കോഡിലായിരുന്നു അന്വേഷണം. ബീജിംഗിലെ യുഎസ് എംബസിയിലുള്ള ഉദ്യോഗസ്ഥരെ പദവി ഭേദമന്യേ വിശദമായി ചോദ്യം ചെയ്തിരുന്നു. സിഐഎയുടെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഹാക്ക് ചെയ്താണ് ചൈന വിവരം ചോര്‍ത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും കരുതുന്നത്. അതേസമയം സിഐഎയ്ക്കകത്ത് നിന്ന് തന്നെയാണ് തങ്ങള്‍ക്കെതിരെ ചതി വന്നതെന്ന് കരുതുന്നവരുമുണ്ട്. തായവാനിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറിയിരുന്നു.

എന്നാല്‍ അകത്തുള്ളവര്‍ ചതിച്ചതായുള്ള വാദത്തെ സിഐഎയുടെ മുന്‍നിര ചാര വേട്ടക്കാരനായ മാര്‍ക് കെല്‍ടണ്‍ തള്ളിക്കളയുകയാണ്. ബ്രയാന്‍ ജെ കെല്ലിയെ തെറ്റിദ്ധരിച്ച പോലെയാണ് ഇതെന്നാണ് കെല്‍ടന്റെ വാദം. 1990കളില്‍ കെല്ലി റഷ്യന്‍ ചാരനാണെന്ന് എഫ്ബിഐ സംശയിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ചാരന്‍ റോബര്‍ട്ട് ഹാന്‍സണായിരുന്നു. ചൈനയിലെ ചാരശൃംഘലയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ കെല്‍ടണ്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്നുണ്ട്. സംശയത്തിന് ഇട നല്‍കുന്ന വിധം സിഐഎ ഉദ്യോഗസ്ഥര്‍ ഒരേ വഴികളും ഒരേ കൂടിക്കാഴ്ചാ സ്ഥലങ്ങളും പലപ്പോഴും തിരഞ്ഞെടുത്തതായാണ് എഫ്ബിഐയുടെ നിഗമനം. ഇത് ചാരന്മാരെ പിടികൂടാന്‍ ചൈനീസ് അധികൃതര്‍ക്ക് സഹായകമായിട്ടുണ്ട്. റസ്റ്റോറന്റുകളില്‍ വച്ചായിരുന്നു വിവര സ്രോതസുകളുമായുള്ള സിഐഎ ഉദ്യോഗസ്ഥരുടെ ചില കൂടിക്കാഴ്ചകള്‍. എന്നാല്‍ ചൈനീസ് അധികൃതര്‍ റെക്കോഡിംഗ് ഉപകരണങ്ങള്‍ ഇവിടങ്ങളില്‍ അതീവ രഹസ്യമായി സ്ഥാപിച്ചിരുന്നു. പലയിടങ്ങളിലും വെയ്റ്റര്‍മാര്‍ പോലും ചൈനീസ് ഇന്റലിജന്‍സിന്റെ ആളുകളായിരുന്നു.

ഈ അശ്രദ്ധയും ഒപ്പം തന്നെ ഹാക്കിംഗും ചാരന്മാരെ പിടികൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് സിഐഎയും എഫ്ബിഐയും വിലയിരുത്തുന്നത്. ചാര ശൃംഘല തകര്‍ന്നുതുടങ്ങുന്നതിന് തൊട്ടുമുമ്പ് സിഐഎ വിട്ട ചൈനീസ് – അമേരിക്കക്കാരനെ സംബന്ധിച്ച് അന്വേഷിച്ചുവരുകയാണ്. ഇയാള്‍ ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തുകയാണെന്നാണ് കരുതുന്നത്. ഇയാള്‍ ഏഷ്യയില്‍ തന്നെ കുടുംബമായി താമസിക്കുകയാണ്. ബിസിനസ് തുടങ്ങിയത് ചൈനീസ് സഹായത്തോടെയാണെന്നാണ് സിഐഎ കരുതുന്നത്. 2012ല്‍ എഫ്ബിഎയും സിഐഎയും ഇയാളെ അമേരിക്കയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാള്‍ക്കെതിരെ കൃത്യമായ തെളിവൊന്നും കിട്ടിയിരുന്നില്ല. ഇയാള്‍ പിന്നീട് ഏഷ്യയിലേയ്ക്ക് മടങ്ങുകയും ചെയ്തു.

This post was last modified on May 21, 2017 1:25 pm