X

മാഞ്ചസ്റ്റര്‍ സ്‌ഫോടനം; മരണ സംഖ്യ 22; കൊല്ലപ്പെട്ടവരില്‍ കുട്ടികളും

നടന്നത് ചാവേര്‍ സ്‌ഫോടനം

മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. 59 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഇയാന്‍ ഹോപ്കിന്‍സ് മാധ്യങ്ങളോടു വെളിപ്പെടുത്തിയ കാര്യങ്ങളാണിത്.

ചാവേര്‍ സ്‌ഫോടനമായിരുന്നു നടന്നതെന്നും ചാവേര്‍ ഉള്‍പ്പെടെയാണു 22 പേര്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. സ്‌ഫോടനം നടത്തിയത് ഇയാള്‍ ഒറ്റയ്ക്കാണെങ്കിലും ചാവേറിന്റെ പിന്നില്‍ ആരെങ്കിലുമുണ്ടോ മറ്റൊരു അക്രമിക്കു കൂടി സ്‌ഫോടനത്തില്‍ പങ്കുണ്ടോ എന്നകാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം കനത്ത സുരക്ഷയാണ് പൊലീസ് എങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ ആക്രമണം ഉണ്ടായേക്കുമോയെന്ന ഭയത്തില്‍ ലണ്ടനിലെ വിക്ടോറിയ റെയില്‍വേ സ്‌റ്റേഷന്‍ അടച്ചു. ഇതിന്റെ സ്റ്റേഷന്റെ പ്രാന്തപ്രദേശങ്ങളായ വിക്ടോറിയ പാലസ് റോഡ് അടക്കമുള്ള തെരുവുകളും സുരക്ഷാകാരണങ്ങള്‍ അടച്ചിരിക്കുകയാണ്.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പാര്‍ട്ടികളും പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ നിര്‍ത്തിവച്ചു. ജൂണ്‍ 8 ന് നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായ നടന്നു വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സംയുക്തമായി തീരുമാനം എടുക്കുകയായിരുന്നുവെന്നു പ്രധാനമന്ത്രി തെരേസ മേ യുമായി കൂടിക്കാഴ്ച നടത്തിയശേഷം ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. തീവ്രവാദത്തിന്റെ ഭീരുത്വപരമായ പ്രഹരം ഒരിക്കല്‍ കൂടി ഏല്‍ക്കേണ്ടി വന്നിരിക്കുകയാണെന്നു 2015 ല്‍ നടന്ന പാരീസ് ആക്രമണത്തെ ഓര്‍മിച്ചുകൊണ്ട് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പി പറഞ്ഞു. നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവുക. മുന്‍പത്തേക്കാള്‍ അധികമായി ഭീഷണികളോടു മുഖാമുഖം വന്നിരിക്കുകയാണ്; ഫ്രഞ്ച് പ്രധാനമന്ത്രി ജനങ്ങളോടായി പറഞ്ഞു.

38 പേരുടെ മരണത്തിന് ഇടയാക്കി 2005 ല്‍ നടന്ന ലണ്ടന്‍ സ്‌ഫോടനത്തിനുശേഷം ബ്രിട്ടനെ ഭയത്തിലാഴ്ത്തിയ രണ്ടാമത്തെ വലിയ ദുരന്തമാണ് ഇന്നു പുലര്‍ച്ചെ(ഇന്ത്യന്‍ സമയം) ഏറെ പ്രശസ്തമായ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്നത്.2005 ജൂലൈ ഏഴിനു ലണ്ടനില്‍ മൂന്നു ട്യൂബ് ട്രെയിനുകളിലും ഒരു ഡബിള്‍ ഡക്കര്‍ ബസിലുമായി നടന്ന സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ അല്‍ ഖ്വയ്ദയായിരുന്നു. 45 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയായിരുന്നു സ്‌ഫോടനം. 21,000ത്തോളം പേര്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് സംഗീത പരിപാടി കാണാന്‍ അവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.

സംഗീത പരിപാടി നടക്കുന്നിടത്തെ സ്‌ഫോടനത്തിനു മുമ്പുള്ള ദൃശ്യം

ഇത് ഭീകരാക്രമണം ആണെന്നു ഭീകരവിരുദ്ധവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുമ്പോഴും സ്‌ഫോടനം നടന്നവിധവും പിറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്നുമുള്ള ഉത്തരം അവര്‍ പുറത്തുവിടുന്നില്ല. പൊലീസ് കൗണ്ടര്‍ ടെററിസം നെറ്റ്‌വര്‍ക്കും ചാരസംഘടനയായ എംഐ ഫൈവും ചേര്‍ന്നാണ് ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന വിവരം മാത്രം പുറത്തുവിടുന്നു. അതേസമയം ചില അമേരിക്കന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം മാഞ്ചസ്റ്ററില്‍ നടന്നത് ചാവേര്‍ സ്‌ഫോടനമാണെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഓണ്‍ലൈനില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ ആഹ്ലാദം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയെന്ന വാര്‍ത്തയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബ്രിട്ടനില്‍ തന്നെയുള്ളവരാണോ സ്‌ഫോടനത്തില്‍ പങ്കാളിയായിരിക്കുന്നതെന്ന സംശയത്തില്‍ വീട്ടില്‍ നിന്നും കാണാതായ മക്കളെ കുറിച്ചുള്ള വിവരങ്ങള്‍ തരാന്‍ മാതാപിതാക്കളോട് സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാഞ്ചസ്റ്ററില്‍ നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വേദനാജനകം എന്നാണ് മോദി പ്രതികരിച്ചത്. തന്റെ പരിപാടിക്കിടയില്‍ നടന്ന ദുരന്തത്തില്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയും വേദനയും നിരാശയും പങ്കുവച്ചു. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. എന്നോട് ക്ഷമിക്കുക, പറയാന്‍ വാക്കുകളില്ല; 23 കാരിയായ അരിയാന ട്വിറ്ററില്‍ കുറിച്ചു.

This post was last modified on May 24, 2017 5:50 am