X

ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

അഴിമുഖം പ്രതിനിധി

സംസ്ഥാന ഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ സഹായിച്ചെന്ന പരാതിയിലാണ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം, തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്,ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്‍ ജയചന്ദ്രന്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ് വന്നത്. ഈ പരാതിയില്‍ കേസ് എടുക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാനുള്ള പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവ്. വിജിലന്‍സ് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണം ജൂണ്‍ 25 ന് മുമ്പ് പൂര്‍ത്തിയാക്കണം. ഈ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം മാത്രമെ ഇവര്‍ക്കെതിരെ കേസ് എടുക്കണമോയെന്ന കാര്യത്തില്‍ കോടതി ഉത്തരവ് ഉണ്ടാകൂ.

നിഷാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ആരോപണം വിവാദമായിരുന്നു. ഇതുസംബന്ധിച്ച് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയും കമ്മീഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ജോര്‍ജ് പുറത്തുവിട്ടിരുന്നു.

 

This post was last modified on December 27, 2016 2:54 pm