X

ബാര്‍ കോഴ; മന്ത്രി ബാബുവിനെതിരെ വിജിലന്‍സിന്റെ പ്രത്യേക അന്വേഷണം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് തീരുമാനം. വിജിലന്‍സ് ഡയറ്കടറാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വിജിലന്‍സിന്റെ എറണാകുളം യൂണിറ്റ് ആയിരിക്കും അന്വേഷണം നടത്തുക. ബാബുവിനെതിരെ ബിജു രമേശ് വിജിലന്‍സിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ എസ് പി സുകേശന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മന്ത്രിക്കെതിരെ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

നേരത്തെ ബാബുവിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇതും ചേര്‍ത്താല്‍ മതിയെന്നുമായിരുന്നു നിയമോപദേശം. പലഘട്ടങ്ങളിലായി ബാബു 10 കോടി കൈക്കൂലി വാങ്ങിയതായാണ് ബിജു രമേശിന്റെ മൊഴി.

തനിക്കെതിരെ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെ മന്ത്രി കെ ബാബു സ്വാഗതം ചെയ്തു. ആരോപണങ്ങള്‍ പരിശോധിക്കട്ടെയെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷണത്തിനുശേഷം പറയാമെന്നും ബാബു പറഞ്ഞു. തന്നെ ആക്ഷേപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

This post was last modified on December 27, 2016 2:57 pm