X

ഖവാലിയെ പേടിക്കുന്നതെന്തിന്? ഫാറൂഖ് കോളേജിലെ സംഗീത പരിപാടി റദ്ദാക്കിയ സംഘാടകരോട് ഗായകന്‍ സമീര്‍ ബിന്‍സി

സൂഫി, പ്രണയ, പ്രവാചക കീര്‍ത്തനങ്ങള്‍ അപകടമാണ് എന്നാണ് ഇവരുടെ ധാരണയെന്ന് സമീര്‍ ബിന്‍സി കുറ്റപ്പെടുത്തുന്നു.

കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ തന്‍റെ ഖവാലി സംഗീത പരിപാടി റദ്ദാക്കിയതിന് എതിരെ വിമര്‍ശനവുമായി ഗസല്‍ – ഖവാലി ഗായകന്‍ സമീര്‍ ബിന്‍സി. സൂഫി, പ്രണയ, പ്രവാചക കീര്‍ത്തനങ്ങള്‍ അപകടമാണ് എന്നാണ് ഇവരുടെ ധാരണയെന്ന് സമീര്‍ ബിന്‍സി കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സമീര്‍ ഇക്കാര്യം പറയുന്നത്. സമീര്‍ ബിന്‍സിയെ പിന്തുണച്ചും സംഘാടകരുടെ നിലപാട് ചോദ്യം ചെയ്തും എഴുത്തുകാരന്‍ ഇഎം ഹാഷിമും ഫേസ്ബുക്കില്‍ രംഗത്തെത്തി. പാടിപ്പാടി മരിക്കുക രക്തസാക്ഷിത്വമാകുന്നു എന്ന് ഹാഷിം പറയുന്നു.

അതേസമയം കോളേജ് മാനേജ്‌മെന്റ് അല്ല പ്രോഗ്രാം സംഘാടകരാണ് തന്റെ പരിപാടി റദ്ദാക്കിയത് എന്ന് ബിന്‍സി പറയുന്നു. Roudathul Uloom അടക്കമുള്ളവരാണ് പരിപാടി ഏല്‍പ്പിച്ചത്. ഇസ്ലാമിനകത്ത് തന്നെയുള്ള വ്യാഖ്യാന വൈവിധ്യങ്ങളുടെ സ്‌പേസില്‍, സൂഫിവിരുദ്ധമായ കാഴ്ചപ്പാടുള്ളവരായ ചില കമ്മിറ്റി അംഗങ്ങളുടെ വിയോജിപ്പ് അപ്പോള്‍ തന്നെ ചിലര്‍ വ്യകതമാക്കിയിരുന്നു. അവര്‍ക്ക് കൂടി യോജിക്കാവുന്ന തരത്തില്‍ അവതരിപ്പിക്കാം എന്ന് ഞാന്‍ പറഞ്ഞു. രാവിലെ പ്രോഗ്രാം ക്യാന്‍സലായി. ഇത് മേല്‍ പറഞ്ഞ തരത്തില്‍, ഒരു മത വ്യാഖ്യാന പരമായ ഇഷ്യു ആയാണ് ഞാന്‍ എടുത്തത് എന്നും സമീര്‍ ബിന്‍സി പറയുന്നു.

This post was last modified on December 4, 2017 2:29 pm