X

പാര്‍ട്ടി വരുദ്ധ പരാമര്‍ശം പിന്‍വലിക്കാതെ പാര്‍ട്ടിയുമായി സഹകരിക്കാനാവില്ല- വി എസ്

അഴിമുഖം പ്രതിനിധി

തനിക്കെതിരായ സംസ്ഥാന കമ്മിറ്റിയുടെ പാര്‍ട്ടി വരുദ്ധ പരാമര്‍ശം പിന്‍വലിക്കാതെ പാര്‍ട്ടിയുമായി സഹകരിക്കാനാവില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു. സഹകരിക്കാനാവാത്ത സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. തനിക്കെതിരായ പ്രമേയം റദ്ദാക്കണമെന്നും അദ്ദേഹം കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ജില്ലാ സമ്മേളനങ്ങളിലെല്ലാം സഹകരിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ പാര്‍ട്ടി വിരുദ്ധന്‍ എന്ന പരാമര്‍ശം വന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. തനിക്കെതിരായ നടപടി ഏകപക്ഷീയമാണ്. വിയോജനക്കുറിപ്പ് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിക്കുമെന്നും വിഎസ് പറഞ്ഞു. താങ്കള്‍ തൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

ഇന്നലെ കേന്ദ്ര കമ്മിറ്റി   ആരംഭിക്കുന്നതിനു മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വിഎസ് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയോടെപ്പം നില്‍ക്കാന്‍ വിഎസിനോട് കാരാട്ട് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയില്‍ വിഷയം അവതരിപ്പിക്കാന്‍ വിഎസിന് അവസരം നല്‍കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

This post was last modified on December 27, 2016 2:54 pm