X

വി എസ് പുറത്തേക്കോ?

അഴിമുഖം പ്രതിനിധി

തന്നെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ അവതരിപ്പിച്ച വിയോജനക്കുറിപ്പ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തള്ളി. ഇതോടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ കൂടി നഷ്ടപ്പെട്ട വിഎസ് പാര്‍ട്ടിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. വിഷയത്തില്‍ നാളെ പ്രതികരണം അറിയിക്കുമെന്ന് വിഎസ് മാധ്യമങ്ങളോട് പ്രതകരിച്ചു.

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതിലൂടെ വിഎസ് കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന സൂചന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നല്‍കി. ഈ വിഷയത്തിലുള്ള വിഎസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാരാട്ട് അറിയിച്ചു.
വിഎസ് നല്‍കിയ കത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കാരാട്ട് വ്യക്തമാക്കി. വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തതാണ്. മറ്റു ചില കാര്യങ്ങളില്‍ സംസ്ഥാന സമ്മേളനത്തില്‍ തന്നെ തീരുമാനമായതുമാണ് – കാരാട്ട് പറഞ്ഞു. കത്ത് കേന്ദ്ര കമ്മിറ്റിയോഗം വോട്ടിനിട്ടു തള്ളി. വിഎസിന്റെ വിയോജിപ്പോടെയാണ് തള്ളിയത്.

കൂടാതെ, സംസ്ഥാന സെക്രട്ടറിയേറ്റ് അവതരിപ്പിച്ച പ്രമേയത്തിനെതിരായ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതി പിബി കമ്മിഷന്‍ കൈമാറാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പിബി കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനും വിഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഎസ് തയ്യാറാക്കിയ വിയോജന കുറിപ്പ് എങ്ങനെ മലയാള മനോരമയ്ക്ക് ലഭിച്ചു എന്നതും പിബി കമ്മിഷന്‍ പരിശോധിക്കും. ഇവയുള്‍പ്പെടെയുള്ള കേരള വിഷയങ്ങളും പിബി കമ്മിഷനു വിടാനാണ് തീരുമാനം.

This post was last modified on December 27, 2016 2:54 pm