X

യുഡിഎഫ് നേതാക്കള്‍ വനിതകളെ പൊതുവേദിയില്‍ അപമാനിക്കുന്നു; വി എസ്

അഴിമുഖം പ്രതിനിധി

വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ പി സദാശിവത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ അഞ്ച് വനിത എംഎല്‍എമാര്‍ക്കൊപ്പമാണ് വി എസ് ഗവര്‍ണറെ കണ്ടത്. വനിത എംഎല്‍എമാര്‍ക്കെതിരെ നടന്നത് ലൈംഗികാതിക്രമം തന്നെയാണെന്നും വി എസ് ഗവര്‍ണറോട് ആവര്‍ത്തിച്ചു.യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ പക്ഷപാതത്തോടെയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷം ഗവര്‍ണറോട് പരാതിപ്പെട്ടു. നിയമപരമായി ചെയ്യാന്‍ കഴിയുന്നകാര്യങ്ങള്‍ ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയെന്നും വി എസ് രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങിയശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വനിതകളെ ചാവേറാക്കിയെന്നു പറയുന്നവര്‍ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വായിക്കണമെന്നും വനിത എംഎല്‍എമാരെ ചാവേറുകളെന്നു വിളിക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും വി എസ് ചോദിച്ചു,യുഡിഎഫ് നേതാക്കള്‍ പൊതുവേദിയില്‍ വനിതകളെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറപ്പെടുത്തി. നിയമസഭയില്‍ നടത്തിയതുപോരാഞ്ഞാണ് പുറത്തും വനിതകളെ ആക്രമിക്കുന്നത്. സരിതയോട് കാണിച്ച ആനുകൂല്യം വനിത എംഎല്‍എമാരുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി കാണിച്ചില്ലെന്നും വി എസ് ആരോപിച്ചു.

This post was last modified on December 27, 2016 2:54 pm