X

ബ്ലോക്കേണ്ടവരെ ബ്ലോക്കും: വിടി ബലറാം

അഴിമുഖം പ്രതിനിധി

തൃത്താല എംഎല്‍എ വിടി ബലറാമിന് എതിരെ ബ്ലോക്ക് റാം ഹാഷ് ടാഗുമായി സോഷ്യല്‍ മീഡിയ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനം ഇല്ലായിരുന്നതുവെന്ന് പറഞ്ഞുള്ള വിടിയുടെ പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ട് കീഴില്‍ കമന്റ് ചെയ്തവരെ ബ്ലോക്ക് ചെയ്തുവെന്നാരോപിച്ചാണ് ഹാഷ് ടാഗ് പ്രചാരണം ആരംഭിച്ചത്. 
ബ്ലോക്ക് റാം ഹാഷ് ടാഗിനെതിരെ രംഗത്തെത്തിയ അദ്ദേഹം ഒരാള്‍ ബ്ലോക്ക് ചെയ്യപ്പെടാനുള്ള കാരണങ്ങളും വിശദീകരിച്ചു.

വിടി ബലറാമിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ ഫേസ്ബുക്ക് വാള്‍ എന്റെ സ്വാതന്ത്ര്യമാണ്. എന്റെ അവകാശമാണ്. പേഴ്‌സണല്‍ പ്രൊഫൈലില്‍ ആരെയൊക്കെ ഉള്‍ക്കൊള്ളണം, ആരെയെങ്കിലും ബ്ലോക്ക് ചെയ്യണമോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. ഫേസ്ബുക്കില്‍ ആളുകളെ ബ്ലോക്ക് ചെയ്യില്ല എന്ന് ഞാനൊരിക്കലും വീമ്പ് പറയാറില്ല. പക്ഷേ കേരളത്തില്‍ ആദ്യമായി ഐ.ടി. ആക്റ്റിലെ കരിനിയമമായ 66 എ ഉപയോഗിച്ച് തനിക്കിഷ്ടമില്ലാത്ത സൈബര്‍ പ്രചരണത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് കൊടുത്ത പിണറായി വിജയന്റേത് പോലുള്ള മാതൃക സ്വീകരിക്കാന്‍ ഞാനിതുവരെ ശ്രമിച്ചിട്ടില്ല. എതിരഭിപ്രായം പുലര്‍ത്തുന്നവരെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയവും എനിക്കില്ല.

ഫ്രണ്ട്‌സും ഫോളോവ്വേഴ്‌സുമായി ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം ആളുകള്‍ ബന്ധപ്പെടുന്ന ഒരു പ്രൊഫെയില്‍ ആണിത്. അതിലെ എല്ലാവരേയും നേരിട്ട് അറിയാനോ അവരുടെ മുന്‍കാലചരിത്രമോ പൊതുവായ സംവാദ നിലവാരമോ പരിശോധിക്കാനോ പ്രായോഗികമായി ഒരു മാര്‍ഗ്ഗവുമില്ല. ഏതൊരു ഫോളോവര്‍ക്കും കാണാനും അവരിലെ ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് വിഭാഗക്കാര്‍ക്ക് കമന്റ് ചെയ്യാനും കഴിയുന്ന തരത്തിലാണ് സെറ്റിംഗ്‌സ് ക്രമീകരിച്ചുവച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ സാഹചര്യത്തെ ദുരുപയോഗപ്പെടുത്തുന്നതിനായി പലരും ആസൂത്രിതമായി ശ്രമിക്കുന്നതിനാല്‍ സദുദ്ദേശത്തോടെ ഇടപെടാനാഗ്രഹിക്കുന്ന ബാക്കിയുള്ളവരെക്കൂടി കണക്കിലെടുത്ത് ചില പൊതുനിയന്ത്രണങ്ങളും തുടക്കം മുതല്‍ ഏര്‍പ്പെടുത്തി വരാറുണ്ട്. അതിന്റെയൊക്കെ ഭാഗമായി താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ളവര്‍ ബ്ലോക്ക് ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ് എന്ന് ഒന്നുകൂടി ആവര്‍ത്തിക്കുന്നു:

1) തെറിവിളിക്കുന്നവര്‍, ചിലപ്പോള്‍ അത്തരം തെറിവിളികളെ ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കുന്നവര്‍.

2) ഫേക്ക് ഐഡികള്‍

3) ഒരു വിഷയത്തെ അധികരിച്ചുകൊണ്ടുള്ള ചര്‍ച്ചയുടെ ഇടക്ക് കയറിവന്ന് മനപൂര്‍വ്വം യാതൊരു ബന്ധവുമില്ലാത്ത മറ്റ് കാര്യങ്ങള്‍ പറഞ്ഞ് വഴിതെറ്റിക്കാന്‍ നോക്കുന്നവര്‍.

4) മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എവിടുന്നെങ്കിലും കൊണ്ടുവന്ന് ചുമ്മാ കോപ്പി പേസ്റ്റ് നടത്തുന്നവര്‍, സ്ഥിരം ഫോട്ടോ കമന്റുകള്‍ ആവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ ഒരു ചര്‍ച്ചക്ക് ഗുണകരമാവുന്ന തരത്തില്‍ സ്വന്തമായി ഒരഭിപ്രായവും പറയാനില്ലെന്ന് എനിക്ക് ബോധ്യപ്പെടുന്നവര്‍.

5) മനപൂര്‍വ്വം പ്രകോപനങ്ങള്‍ സൃഷ്ടിച്ച് നമ്മെക്കൊണ്ട് എന്തെങ്കിലുമൊക്കെ പറയിപ്പിച്ച് പിന്നെ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ആഘോഷിക്കാനും ഇരവാദമുന്നയിക്കാനും വേണ്ടി ആസൂത്രിതമായി കടന്നുവരുന്ന സൈബര്‍ ഗുണ്ടകള്‍.

6) പുതിയ ഒരു കാറ്റഗറി കൂടി ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ലെങ്കിലും തങ്ങളെന്തോ വലിയ സംഭവമാണ് എന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ മേനി നടിക്കാന്‍ വേണ്ടി ‘ഞാന്‍ പണ്ടൊരു ചോദ്യം ചോദിച്ചപ്പോഴേക്കും മറുപടിയില്ലാത്തതുകൊണ്ട് പുള്ളി എന്നെക്കേറി ബ്ലോക്ക് ചെയ്തു’ എന്ന് എല്ലായിടത്തും പോയി പച്ചനുണ പറയുന്നവര്‍. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തില്‍ തന്നെ അവരോട് പെരുമാറേണ്ടതുണ്ട്.

ഇങ്ങനെയുള്ള വിഭാഗക്കാരെ ഇനിയും കിട്ടുന്നിടത്തുവച്ച് ബ്ലോക്ക് ചെയ്യാന്‍ തന്നെയാണ് തീരുമാനം. അത്രക്കുള്ള ജനാധിപത്യ സംസ്‌ക്കാരത്തിനേ സൈബര്‍ ബുള്ളിയിങ്ങിന്റെ കാലത്ത് സ്‌കോപ്പുള്ളൂ എന്നാണ് എന്റെ തോന്നല്‍. സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം സഹകരിക്കുക, അല്ലാത്തവര്‍ അവരുടെ വഴി നോക്കുക.

This post was last modified on December 27, 2016 4:12 pm