X

ചാറ്റില്‍ ഉള്ള ഗ്രൂപ്പ് അംഗങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കി വാട്‌സ്ആപ്പ്

ഫേസ്ബുക്ക് ഏറ്റെടുത്തതോടെ വാട്‌സ്ആപ്പ് അടിക്കടി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്

ഇനി ഗ്രൂപ്പ് ചാറ്റില്‍ ഉള്ള സുഹൃത്തുക്കള്‍ എവിടെ നിന്നുമാണ് സന്ദേശം അയച്ചതെന്നുവരെ വാട്‌സ്ആപ്പ് നിങ്ങള്‍ക്ക് പറഞ്ഞുതരും. സ്ഥിരമായി വാട്‌സ്ആപ്പ് ഫീച്ചറുകള്‍ ലീക്ക് ചെയ്യുന്ന @WABetainfo എന്ന ട്വിറ്റര്‍ അക്കൗണ്ട് ആണ് ഈ വിവരം പുറത്തുവിട്ടത്.

ഫേസ്ബുക്ക് ഏറ്റെടുത്തതോടെ വാട്‌സ്ആപ്പ് അടിക്കടി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. അതിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഗ്രൂപ്പ് അംഗങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക എന്നത്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പായ 2.17.3.28-ലും ഐഒഎസ് പതിപ്പായ വി 2.16.399-ലും മാത്രമേ നിലവില്‍ ‘ഷോ മൈ ഫ്രണ്ട്‌സ്’ എന്ന ഈ ഓപ്ഷന്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളൂ. ഗ്രൂപ്പിന്റെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പുതുതായി ചേര്‍ക്കപ്പെട്ടിട്ടുള്ള ഷെയറിംഗ് സെറ്റിംഗിനോടു ചേര്‍ന്നുള്ള ‘ഷോ മൈ ഫ്രണ്ട്‌സ്’ എനേബിള്‍ ചെയ്താല്‍ മാത്രമേ ഈ ഫീച്ചര്‍ ആസ്വദിക്കാനാകൂ. ശേഷം ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നത് എത്ര സമയത്തേക്ക് വേണമെന്നതും ഉപയോക്താവിനു തീരുമാനിക്കാം. അതിനുള്ള സൗകര്യം വാട്‌സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ ക്രമീകരണങ്ങള്‍ എല്ലാം ഡിസേബിള്‍ ആയ രീതിയിലായിരിക്കും നിങ്ങളുടെ വാട്‌സ്ആപ്പ് സജ്ജീകരിക്കപ്പെട്ടിരിക്കുക. ആവശ്യമുള്ളവര്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് എനേബിള്‍ ചെയ്യണം എന്നു മാത്രം.

നിങ്ങളുടെ ലൊക്കേഷന്‍ ഒരു മെസ്സേജ് വഴി ഗ്രൂപ്പ് ചാറ്റിലോ അല്ലെങ്കില്‍ പേഴ്‌സണല്‍ മെസ്സെജിലോ മാത്രമായിരുന്നു ഇതുവരെ അയക്കാന്‍ സാധിച്ചിരുന്നത് എങ്കില്‍ പുതിയ ഫീച്ചറിന്റെ വരവോടെ അതിനെ കൂടുതല്‍ പ്രയോജനകരമാക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അതോടൊപ്പം തന്നെ മുന്‍പുണ്ടായിരുന്ന നിയര്‍ബൈ ഫ്രണ്ട്‌സ് എന്ന ഓപ്ഷന്‍ അവര്‍ ആപ്പില്‍ നിന്നും മാറ്റിയിട്ടുണ്ട്.

കൂടാതെ ഐഒഎസ് ബീറ്റ പതിപ്പില്‍ മെസ്സേജ് ആയി ലഭിക്കുന്ന ചിത്രങ്ങള്‍ ക്യാമറ റോളില്‍ (ആപ്പിളിന്റെ ഫോട്ടോ/ വീഡിയോ ഗ്യാലറിയിലെ ഒരു ഫോള്‍ഡര്‍) പുതിയ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യാനും സാധിക്കും. സാധാരണ ഗതിയില്‍ ഗ്യാലറിയില്‍ മറ്റു ഫോട്ടോകള്‍ക്ക് ഒപ്പം ആണ് ഇവ സേവ് ചെയ്യപ്പെട്ടിരുന്നത്. അതോടൊപ്പം തന്നെ പുതിയ കോണ്ടാക്റ്റ് അസ് ഓപ്ഷനും സ്റ്റോറേജ് യൂസേജ് സെക്ഷനായി വ്യത്യസ്തമായ യൂസര്‍ ഇന്റര്‍ഫേസും ലഭ്യമായിട്ടുണ്ട്. വീഡിയോ കോളിംഗ്, ജിഫ് സപ്പോര്‍ട്ട്, കോള്‍ ഫോര്‍വേര്‍ഡിംഗ് എന്നിവ മുന്‍പ് വന്ന അപ്‌ഡേറ്റുകളില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. വരും നാളുകളില്‍ വാട്‌സ്ആപ്പ് കൂടുതല്‍ വിപുലീകരണത്തിന് വിധേയമാകും എന്ന് ഇതില്‍നിന്നു തന്നെ വ്യക്തം.

Related Post
Leave a Comment