X

ഒരു ജാറില്‍ മനുഷ്യ മലവുമായി ബില്‍ ഗേറ്റ്സ് ബീജിംഗില്‍ എത്തിയതെന്തിന്?

പുതിയ ടോയ്ലറ്റ്‌ സാങ്കേതികവിദ്യയുമായി ബില്‍ ആന്‍ഡ് മിലിന്‍ഡ ഫൌണ്ടേഷന്‍

ബിൽ ഗേറ്റ്സ് പുതിയ ടോയ്ലറ്റ്‌ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ചൈനയിലെ ബീജിംഗില്‍ നടന്ന ‘റീ ഇന്‍വെന്‍റ് ടോയ്ലറ്റ് എക്സ്പോ’യിലാണ് കീടാണുക്കളെ നശിപ്പിക്കുന്ന ശുചീകരണ ഉത്പന്നങ്ങള്‍ ബില്‍ ആന്‍ഡ് മിലിന്‍ഡ ഫൌണ്ടേഷന്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഫീൽഡ് ഗവേഷണത്തിനായി 200 മില്യണിലധികം ഡോളർ ചെലവഴിച്ചുകൊണ്ടാണ് പുതിയ സാങ്കേതികവിദ്യ ഫൌണ്ടേഷന്‍ വികസിപ്പിച്ചെടുത്തത്. മാരകമായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും വേണ്ടി വികസിപ്പിച്ച നൂതനമായ ഇരുപത് ശുചിത്വ ഉൽപ്പന്നങ്ങൾ എക്സ്പോയില്‍ പ്രദർശിപ്പിച്ചിരുന്നു. ചൈനയില്‍ ‘ടോയ്ലറ്റ് വിപ്ലവം’ സൃഷ്ടിക്കുക എന്ന ഷി ജിൻപിങ്ങിന്‍റെ നയത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കമ്പനികളാണ് പങ്കെടുത്തത്.

ഖരമാലിന്യവും ദ്രാവകമാലിന്യവും വേർതിരിച്ചെടുത്ത് ഉപദ്രവകരമായ ഉൽപ്പന്നങ്ങൾ നീക്കംചെയ്യുന്ന തരത്തിലുള്ള ശുചീകരണ സാങ്കേതികവിദ്യകളാണ് പ്രധാനമായും പ്രദര്‍ശിപ്പിച്ചത്. ‘ടോയ്ലറ്റും മറ്റ് ശുചിത്വ സംവിധാനങ്ങളും പുനരുജ്ജീവിപ്പിക്കുക എന്നത് ഇനി ഒരു പ്രശ്നമല്ല’, എന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. 200 വർഷത്തിനുള്ളിൽ ശുചിത്വ മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാന പുരോഗതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 2.3 ബില്ല്യൻ ജനങ്ങൾക്ക് ഇപ്പോഴും അടിസ്ഥാന ശുചീകരണ സൗകര്യങ്ങളില്ല. ഓരോ വർഷവും നൂറുകണക്കിന് ആളുകളെ കൊല്ലുന്ന കോളറ, വയറിളക്കം മുതലായ രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. പുതിയ സാങ്കേതികവിദ്യ വ്യാപകമാകുന്നതോടെ ഈ പ്രശ്നത്തിന് കാര്യമായ പരിഹാരമാകുമെന്നാണ് ബില്‍ ആന്‍ഡ് മിലിന്‍ഡ ഫൌണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്.