X

ഹോങ്കോങ് സമരക്കാരെ ഐസിസുമായി താരതമ്യം ചെയ്യുന്ന സന്ദേശങ്ങൾ ചൈന പ്രചരിപ്പിക്കുന്നു: പരാതിയുമായി ഫേസ്ബുക്കും ട്വിറ്ററും

മൂന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകളും അഞ്ച് അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്. ട്വിറ്റർ 936 അക്കൗണ്ടുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

ഹോങ്കോങ്ങിൽ ചൈന തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി സോഷ്യൽ മീഡിയ വെബ്സൈറ്റുകളായ ഫേസ്ബുക്കും ട്വിറ്ററും രംഗത്ത്. ചൈനയില്‍ നിന്നും പ്രവർത്തിപ്പിക്കുന്ന പ്രൊഫൈലുകളിലൂടെയാണ് ഹോങ്കോങ്ങിലെ പ്രക്ഷോഭത്തെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്ന വാർത്തകൾ വരുന്നത്. ഇവ സംഘടിതമായ രീതിയിലാണ് വരുന്നതെന്നും സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ പറയുന്നു.

ഹോങ്കോങ്ങിലെ നടന്നുകൊണ്ടിരിക്കുന്ന സമരം അക്രമാസക്തമാണെന്ന് പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലേക്ക് ചൈന കുത്തിക്കേറ്റുന്നതെന്നാണ് പരാതി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായും സമരക്കാരെ താരതമ്യം ചെയ്യുന്നുണ്ട് ചൈനീസ് പ്രൊഫൈലുകൾ.

ഈ അക്കൗണ്ടുകൾ തങ്ങൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിക്കുന്നു. മൂന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകളും അഞ്ച് അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്. ട്വിറ്റർ 936 അക്കൗണ്ടുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

പടിഞ്ഞാറൻ നാടുകളിൽ നിന്നുള്ള സഹായത്തോടെയാണ് പ്രക്ഷോഭകർ പ്രവർത്തിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ ചൈനയിൽ നിന്നും പ്രവർത്തിപ്പിക്കുന്ന അക്കൗണ്ടുകൾ മനപ്പൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ട്വിറ്റർ പരാതിപ്പെടുന്നു. തങ്ങൾ ഈ അക്കൗണ്ടുകളെക്കുറിച്ച് വിശദമായ പഠനം നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിൽ അഴയെ നീക്കം ചെയ്യാൻ തീരുമാനിച്ചെന്നും ട്വിറ്റർ പ്രസ്താവനയിൽ പറഞ്ഞു.

ഹോങ്കോങ് തങ്ങളുടെ കുറ്റവാളികളെ കൈമാറുന്ന നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് പ്രക്ഷോഭം ഉയർന്നുവന്നത്. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥ ഭരണഘടനാ ഭേദഗതിയിലൂടെ വരുത്തുകയായിരുന്നു അധികാരികളുടെ ലക്ഷ്യം. നിലവിൽ യുഎസ്സും യുകെയുമടക്കം ഇരുപത് രാജ്യങ്ങളുമായി ഈ ബിസിനസ് നഗരം കുറ്റവാളികളെ കൈമാറുന്ന ഉടമ്പടിയിൽ ഒപ്പു വെച്ചിട്ടുണ്ട്. എന്നാൽ, ചൈനയുമായി ഇത്തരമൊരു കരാർ നിലവിലില്ല. ചൈനയുമായും തായ്‌വാനുമായും മകാവുവുമായും ഒരു ഉടമ്പടിയിലെത്താൻ ഹോങ്കോങ് ഭരണാധികാരികൾ നീക്കം തുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. നഗരത്തിന്റെ പൗരസ്വാതന്ത്ര്യത്തെ വലിയ തോതിൽ ഇല്ലായ്മ ചെയ്യാൻ സാധ്യതയുള്ള നീക്കമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്. രാഷ്ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കി സ്വന്തം നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരാനാണ് ചൈന ഈ നീക്കം നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്നു.