X

ഹോങ്കോങ്ങിൽ ജനാധിപത്യത്തിന്റെ വിജയം: ചൈനയ്ക്ക് കുറ്റവാളികളെ കൈമാറുന്ന നിയമം പിൻവലിക്കുന്നു

ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിൻലാൻഡിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്ലെന്ന് പ്രക്ഷോഭകർ പറയുന്നു.

ഹോങ്കോങ്ങിൽ യുവാക്കളുടെ പ്രക്ഷോഭത്തിന് കാരണമായ നിയമഭേദഗതി ബില്ല് രാജ്യത്തിന്റെ ഭരണാധികാരി കാരി ലാം പിൻവലിച്ചു. ചൈനയുമായി കുറ്റവാളികളെ കൈമാറുന്നതിനായി കൊണ്ടുവന്ന ബില്ലാണ് പിൻവലിച്ചത്. ബില്ല് പിൻവലിക്കുമെന്ന് നേരത്തെ തന്നെ കാരി ലാം പ്രഖ്യാപിച്ചിരുന്നതാണ്.

തന്നെ അനുകൂലിക്കുന്ന നിയമസഭാംഗങ്ങളെ ഇന്ന് ലാം കാണുന്നുണ്ട്. ഇവരുമായി ചർച്ച ചെയ്തതിനു ശേഷമായിരിക്കും പിൻവലിക്കൽ പ്രഖ്യാപിക്കുക.

നഗരത്തെ കൂടുതൽ അധീനപ്പെടുത്താനുള്ള മെയിൻലാൻഡിന്റെ, ചൈനയുടെ, ശ്രമമാണ് ഈ നിയമഭേദഗതിക്കു പിന്നിലെന്നാണ് പ്രക്ഷോഭകാരികൾ ആരോപിച്ചിരുന്നത്. എന്നാൽ ഹോങ്കോങ്ങിന്റെ കുറ്റവാളികളെ കൈമാറൽ നിയമത്തിലെ ‘ലൂപ്പ്ഹോളുകൾ’ നീക്കുകയും ക്രിമിനലുകള്‍ നഗരത്തെ സുരക്ഷിത താവളമാക്കുന്ന സ്ഥിതിയിൽ മാറ്റം വരുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരത്തിന്റെ ചീഫ് എക്സിക്യുട്ടീവ് കാരി ലാം വിശദീകരിക്കുകയുണ്ടായി. ഈ വിശദീകരണത്തിൽ പ്രക്ഷോഭകർ തൃപ്തരായിരുന്നില്ല.

ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിൻലാൻഡിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്ലെന്ന് പ്രക്ഷോഭകർ പറയുന്നു. നഗരത്തിന്റെ നീതിന്യായപരമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ചൈനയുടെ പദ്ധതിയെന്നാണ് ആരോപണം. ജൂലൈ മാസത്തിനു മുമ്പ് ഭേദഗതി ബിൽ പാസ്സാക്കിയെടുക്കാനുള്ള നീക്കമാണ് കാരീ ലാം നടത്തിയത്. എന്നാൽ പ്രക്ഷോഭം മൂലം അത് പാളി.

ചൈന, മകാവു, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെ കൈമാറൽ അപേക്ഷകൾ സ്വീകരിക്കാൻ പാകത്തിൽ നിയമഭേദഗതി വരുത്തുകയാണ് ഹോങ്കോങ് ചെയ്യുന്നത്.

This post was last modified on September 4, 2019 4:45 pm