X

“ലക്ഷ്യമിടുന്നത് ഇന്ത്യയടക്കമുള്ള കിഴക്കൻ കടന്നുകയറ്റക്കാരെ ഓടിക്കൽ”: ക്രൈസ്റ്റ്ചര്‍ച്ച് അക്രമിയുടെ മാനിഫെസ്റ്റോ

വേണ്ടത്ര പരിശീലനം നേടുന്നതിനുള്ള സമയം കൂടി കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്.

ഇന്ത്യയിൽ നിന്നുള്ള കടന്നു കയറ്റക്കാരെ യൂറോപ്യൻ മണ്ണിൽ നിന്ന് നീക്കം ചെയ്യണമെന്നതാണ് ലക്ഷ്യമെന്ന് ന്യൂ സീലാൻഡിലെ ക്രൈസ്റ്റ്ചർച്ച് ആക്രമണം നടത്തിയ ഭീകരവാദി ബ്രെന്റൺ ടെറന്റിന്റെ മാനിഫെസ്റ്റോയിൽ രേഖപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ട്. 49 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം പിടിക്കപ്പെട്ട ഇയാളിൽ നിന്നും പിടിച്ചെടുക്കപ്പെട്ട രേഖയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ശത്രുരാജ്യങ്ങളെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളെ കിഴക്കൻ ദേശത്തെ പ്രധാന ശത്രുക്കളെന്ന് ഈ രേഖയിൽ പറയുന്നു.

‘മഹത്തായ പുനസ്ഥാപനം’ എന്നാണ് ഈ രേഖയുടെ പേര്. യൂറോപ്യൻ മണ്ണിൽ നിന്ന് കടന്നുകയറ്റക്കാരെ മൊത്തം നീക്കം ചെയ്യണമെന്ന് ഈ രേഖ പറയുന്നു. അവർ എവിടെ നിന്ന് വന്നവരായാലും നീക്കം ചെയ്യണം. ആഫ്രിക്ക, ഇന്ത്യ, തുർക്കി തുടങ്ങി എവിടെ നിന്നുള്ളവരാണെങ്കിലും അവരെ നിർബന്ധമായും നീക്കണമെന്ന് മാനിഫെസ്റ്റോ പറയുന്നു.

ഈ രേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൻതോതിലുള്ള കുടിയേറ്റം വഴി സ്വരാജ്യത്ത് തന്റെ ‘വംശം’ ന്യൂനപക്ഷമാകുമെന്ന ആശങ്കയാണ് ഇയാൾ ഈ രേഖയിൽ പങ്കു വെക്കുന്നത്. പുറത്തു നിന്നും വരുന്നവരുടെ ഉയർന്ന ജനനനിരക്ക് മൂലം ഇത് അതിവേഗം സംഭവിക്കുമെന്നും ഈ രേഖ പറയുന്നു.

ആക്രമണത്തിന് ഏറ്റവും മികച്ച സമയം തന്നെയാണ് താൻ തെരഞ്ഞെടുത്തതെന്ന് ബ്രെന്റൺ പൊലീസിനെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വേണ്ടത്ര പരിശീലനം നേടുന്നതിനുള്ള സമയം കൂടി കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. തന്റെ കാഴ്ചപ്പാടുകൾ എഴുതി വെക്കുകയും വ്യക്തിപരമായ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുകയും ചെയ്തു. ന്യൂ സീലാൻഡിൽ തന്നെ ആക്രമണം നടത്തണമെന്ന് തനിക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. കുറച്ചുകാലം താമസിച്ച് തിരിച്ചുപോകാമെന്ന് കരുതിയാണ് വന്നത്. പടിഞ്ഞാറൻ നാടുികളിൽ ഏറ്റവും മികച്ച ലക്ഷ്യമാണ് ന്യൂസീലാൻഡെന്ന് തനിക്ക് പിന്നീട് ബോധ്യമായെന്നും ബ്രെന്റൺ ടെറന്റ് വിശദീകരിച്ചു.

‘പടിഞ്ഞാറൻ പരിഷ്കൃതിക്കു നേരെ നടക്കുന്ന ആക്രമണ’ത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരാനും ഇത്തരമൊരാക്രമണം വഴി തനിക്ക് സാധിക്കുമെന്ന കണക്കു കൂട്ടലുണ്ടായിരുന്നതായും ബ്രെന്റൺ ടെറന്റ് മാനിഫെസ്റ്റോയിൽ വിശദീകരിച്ചു. ലോകത്തിൽ ഒരിടത്തും സുരക്ഷിതത്വമില്ലെന്ന സന്ദേശം പകരാനാണ് ഇതുവഴി താൻ ശ്രമിച്ചത്. കൂട്ട കുടിയേറ്റം എല്ലായിടങ്ങളെയും അരക്ഷിതമാക്കുകയാണെന്നും ബ്രെന്റൺ ടെറന്റ് വിശദീകരിച്ചു.

74 പേജുകളാണ് ഇയാളുടെ മാനിഫെസ്റ്റോയ്ക്കുള്ളത്. പ്രശസ്ത സംഗീതജ്ഞനായ ഡിലന്‍ തോമസിന്റെ ഡു നോട്ട് ഗോ ജന്റ്‌ലി ഇന്‍റ്റു ദാറ്റ് ഗുഡ് നൈറ്റ് എന്ന കവിതയിൽ നിന്നുള്ള ഉദ്ധരണികളോടെയാണ് മാനിഫെസ്റ്റോ തുടങ്ങുന്നത്. താൻ വിദ്യാഭ്യാസത്തിൽ താൽപര്യമില്ലാത്തയാളാണെന്ന് 28കാരനായ ബ്രെന്റൺ മനാനിഫെസ്റ്റോയിൽ പറയുന്നുണ്ട്. ക്രൈസ്റ്റ്ചർച്ചിലെ ലിൻവുഡ് പള്ളിയിൽ കൂടുതല്‍ കടന്നുകയറ്റക്കാരുണ്ടാകും എന്നതാണ് തന്നെ പ്രസ്തുത സ്ഥലം ആക്രമണത്തിന് തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും ഇയാളുടെ മാനിഫെസ്റ്റോ പറയുന്നു.