X

പരസ്യമായി മുള്ളാൻ അധികാരികളുടെ മൂത്രപ്പെട്ടികൾ; എതിർപ്പുമായി പ്രദേശവാസികൾ

ഇൽ സെയ്ന്റ് ലൂയിസ് ദ്വീപിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് സൗകര്യപ്രദമെന്ന തോന്നലിൽ അധികാരികൾ ഈ ചെറിയ മൂത്രപാത്രങ്ങൾ കൊണ്ടുവെച്ചത്.

കേരളത്തിൽ പൊതുസ്ഥലങ്ങളിലെ മൂലകളിൽ മുണ്ട് പൊക്കി നിന്ന് മൂത്രമൊഴിക്കുന്ന ആണുങ്ങൾ മൂത്രം പിടിച്ചുവെച്ച് മാന്യത സൂക്ഷിക്കുന്നവരുടെയും മൂത്രമൊഴിക്കാന്‍ മറ്റ് വഴികളുള്ളവരുടെയും സ്ഥിരം വേട്ടമൃഗങ്ങളാണ്. മറ്റ് സൗകര്യങ്ങളില്ലാത്തതാണ് ഇത്തരം പരസ്യ മുള്ളലുകള്‍ക്ക് കാരണമാകുന്നത്. എന്നാൽ, സർക്കാർ തന്നെ പരസ്യമായി മുള്ളാനുള്ള സൗകര്യം ഏർപ്പാടാക്കിയാലോ? അത്തരമനൊരു വാർത്തയാണ് പാരിസിൽ നിന്നും വരുന്നത്. പൊതുസ്ഥലത്തു നിന്ന് ‘ഇക്കോ ഫ്രണ്ട്‌ലി’യായി മുള്ളാനുള്ള സംവിധാനം അവതരിപ്പിച്ച അധികാരികൾക്കിടെ സ്ഥലത്തെ താമസക്കാർ രംഗത്തു വന്നിരിക്കുകയാണ്. ഇത്തരം അപരിഷ്കൃതമായ ഏർപ്പാട് സർക്കാർ ചെയ്യേണ്ടിയിരുന്നില്ലെന്ന് അവർ പറയുന്നു.

ഇൽ സെയ്ന്റ് ലൂയിസ് ദ്വീപിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് സൗകര്യപ്രദമെന്ന തോന്നലിൽ അധികാരികൾ ഈ ചെറിയ മൂത്രപാത്രങ്ങൾ കൊണ്ടുവെച്ചത്. അപരിചിതരായ ആളുകൾ തങ്ങളുടെ നാട്ടിൽ വന്ന് പാന്റും തുറന്നുവെച്ച് മുള്ളുന്നത് കണ്ട നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

പരിസ്ഥിതി സൗഹാർദ്ദമുള്ള മൂത്രപ്പെട്ടികൾ നിർമിക്കുന്ന യൂറിട്രോറ്റോയർ എന്ന കമ്പനിയിൽ നിന്നാണ് സർക്കാർ ഇവ വാങ്ങിയത്. മൂത്രത്തെ പ്രത്യേക രീതിയിൽ പ്രോസസ് ചെയ്ത് വളമാക്കി മാറ്റി മുകൾഭാഗത്ത് ചെടികൾ വളർത്തുകയാണ് ഈ പെട്ടികൾ ചെയ്യുന്നത്.

ഈ മൂത്രപാത്രങ്ങൾ നീക്കം ചെയ്തു കിട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികാരികൾക്ക് കത്തെഴുതിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് ഇത്തരം ‘വൃത്തികെട്ട’ പാത്രങ്ങൾ കൊണ്ടുവെച്ചിരിക്കുന്നതെന്ന് അവർ പരാതിയിൽ പറയുന്നു.