X

നിങ്ങള്‍ ശരിയായി ഭരിച്ചിരുന്നെങ്കില്‍ ഞാന്‍ പാര്‍ട്ടി രൂപികരിക്കില്ലായിരുന്നു; ഷീലാ ദീക്ഷിതിനെ പരിഹസിച്ച് അരവിന്ദ് കേജ്‌റിവാള്‍

ആംആദ്മിപാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേജ്‌റിവാളിന്റെ വിമര്‍ശനം.

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യ സാധ്യത നിലനില്‍ക്കെ പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌റിവാള്‍. ഡല്‍ഹിയില്‍ ഒരു റാലിക്കിടെയാണ് ഷീലാ ദീക്ഷിതിനെ രൂക്ഷമായി വിമര്‍ശിച്ചത്.

“ഇതേ അവസ്ഥയിലാണ് ഷീലാ ദീക്ഷിത് ഡല്‍ഹി ഭരിച്ചതെന്നാണ് പലരും പറയുന്നത്. എന്നാല്‍ അവര്‍ ശരിയായ രീതിയിലല്ല ഭരണം നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ ആശുപത്രികള്‍ വരെ വളരെ മോശം അവസ്ഥയിലായിരുന്നു.” അവര്‍ നല്ല രീതിയില്‍ ഭരണം നടത്തിയിരുന്നുവെങ്കില്‍ എനിക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കേണ്ടിവരില്ലായിരുന്നുവെന്ന് അരവിന്ദ് കേജ്‌റിവാള്‍ പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് കേജ്‌റിവാള്‍ നടത്തിയത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ അതിനെ തടയുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണമെങ്കിലും കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സിസിടിവി സ്ഥാപിക്കാനുള്ള അനുമതി പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചത്. ഇതിന് പിന്നില്‍ സമീപകാലത്ത് പിസിസി അധ്യക്ഷയായി നിയമിക്കപ്പെട്ട ഷീലാ ദീക്ഷിതിന്റെ ഇടപെടലാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ആം ആദ്മിയും കോണ്‍ഗ്രസും പരസ്പരം മല്‍സരിച്ചാല്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുമെന്ന സര്‍വെയുടെ പാശ്ചാത്തലത്തലത്തില്‍ സഖ്യ സാധ്യതകള്‍ ഇരു പാര്‍ട്ടികളും ആരായുന്നതിനിടെയാണ് കേജ്‌റിവാളിന്റെ ഷിലാ ദീക്ഷിത് വിമര്‍ശനം.

ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭ സീറ്റുകളാണുള്ളത്. 2014 ല്‍ എല്ലാ സീറ്റുകളിലും ബിജെപിക്കായിരുന്നു വിജയം.

This post was last modified on March 27, 2019 11:43 am