X

സെനഗലില്‍ രവിവര്‍മ ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചു; രാജകുടുംബാംഗം ക്രിമിനല്‍ സംഘത്തിന്റെ വലയില്‍

അഴിമുഖം പ്രതിനിധി

എല്ലാം പറഞ്ഞുറപ്പിച്ചശേഷമായിരുന്നു ശ്രീകുമാര്‍ വര്‍മ വിമാനം കയറിയത്. ദുബായ് വഴി സെനഗലിലേക്കായിരുന്നു യാത്ര. എയര്‍പോര്‍ട്ടില്‍ സുബ്രഹ്മണ്യം ശേഷാദ്രി കാത്തു നില്‍ക്കും. എല്ലാം കുഴപ്പമില്ലാതെ നടക്കും, വിലയിലുണ്ടാകാന്‍ സാധ്യതയുള്ള ഏറ്റക്കുറച്ചിലുകള്‍ മാത്രമായിരിക്കാം ഒരുപക്ഷേ ആകെ ഉണ്ടായിരുന്ന ആശങ്ക.

തന്റെ കൈയിലുള്ളതിന് വിപണിയില്‍ രണ്ടു മില്യണ്‍ ഡോളര്‍ വിലയുണ്ട്; ലാഭകരമായൊരു കച്ചവടം നടക്കാന്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ ശ്രീകുമാര്‍ സെനഗലില്‍ വിമാനമിറങ്ങി…

പക്ഷേ അവിടം തൊട്ട് ചിത്രങ്ങള്‍ മാറാന്‍ തുടങ്ങി.

ശേഷാദ്രി എയര്‍പോര്‍ട്ടില്‍ എത്തിയിട്ടില്ല.

ശ്രീകുമാറിനെ ആശങ്കയും ഭയവും പൊതിഞ്ഞു. അപ്പോഴേക്കും അബ്ദുള്‍ എത്തി. അയാള്‍ സെനഗലുകാരനാണ്. ശേഷാദ്രിയുടെ സുഹൃത്താണെന്നു പരിചയപ്പെടുത്തി. ശ്രീകുമാറിന്റെ വരവിന്റെ ഉദ്ദേശ്യം അയാള്‍ക്കറിയാം. ചില കാരണങ്ങളാല്‍ ശേഷാദ്രിക്ക് വരാന്‍ കഴിയില്ല. പക്ഷേ നിരാശനാകണ്ട, വന്നകാര്യം സാധിച്ചു തന്നെ മടങ്ങാമെന്ന ഉറപ്പ് അബ്ദുള്‍ നല്‍കി. ശ്രീകുമാറിന് അയാളെ വിശ്വസിക്കേണ്ടി വന്നു. ശ്രീകുമാറിനെ കയറ്റി അബ്ദുള്ളിന്റെ കാര്‍ പുറത്തേക്ക്.  എന്നാല്‍ 
ആ യാത്ര അപകടത്തിലേക്കായിരുന്നു എന്നു ശ്രീകുമാര്‍ അറിഞ്ഞിരുന്നില്ല.  

ആരാണ് ശ്രീകുമാര്‍ വര്‍മ? എന്തിനാണ് അദ്ദേഹം സെനഗലില്‍ എത്തിയത്? 

ചെന്നൈയില്‍ സ്ഥിരതാമസക്കാരനായ മലയാളിയും പുരസ്‌കാര ജേതാവായ എഴുത്തുകാരനും എന്നതുമാത്രമല്ല ശ്രീകുമാര്‍ വര്‍മയുടെ മേല്‍വിലാസം. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇളമുറക്കാരന്‍ കൂടിയാണ് അദ്ദേഹം. രാജാ രവിവര്‍മ്മയുടെ പ്രപൌത്രന്‍!

ഇനി സെനഗലിലേക്കുള്ള യാത്ര; അതൊരു കച്ചവടത്തിനായിരുന്നു. വളരെ അമൂല്യമായ സാമ്പാദ്യങ്ങളുടെ കച്ചവടത്തിന്.

സാക്ഷാല്‍ രാജ രവിവര്‍മയുടെ കൈയ്യാല്‍ വരച്ച ചിത്രങ്ങള്‍!

തിരുവിതാംകൂര്‍ രാജവംശത്തിന്റെ പാരമ്പര്യസ്വത്തുശേഖരത്തില്‍ നിന്നുള്ള രവിവര്‍മയുടെ ചിത്രങ്ങളുടെ കച്ചവടത്തിനായിരുന്നു ആ വിഖ്യാത ചിത്രകാരന്റെ പ്രപൗത്രന്‍ കൂടിയായ ശ്രീകുമാര്‍ സെനഗലിലേക്ക് വിമാനം കയറിയത്. പണത്തിന്റെ പ്രലോഭനത്തില്‍ മയങ്ങി അമൂല്യമായ ആ ചിത്രരചനകള്‍ വില്‍ക്കാന്‍ എത്തിയ ശ്രീകുമാര്‍ ചെന്നു ചാടിയത് അപകടത്തിലാണെന്നുമാത്രം.

മാലിയുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ ആഫിക്കന്‍ രാജ്യമായ സെനഗല്‍ തീവ്രവാദിസംഘങ്ങളുടെ വിളനിലമായാണ് അറിയപ്പെടുന്നത്. അത്തരമൊരിടത്തേക്കായിരുന്നു ശ്രീകുമാറിന്റെ യാത്ര.

രവിവര്‍മ ചിത്രങ്ങളുടെ വില്‍പ്പനസാധ്യതയെക്കുറിച്ച് നല്ലവണ്ണം അറിയാവുന്ന ശ്രീകുമാറിന് അതിന്റെ പിന്നിലെ അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാകണം കച്ചവടം അങ്ങുദൂരെ ആഫ്രിക്കന്‍ രാജ്യത്തേക്ക് നീട്ടിയത്.

സെനഗലിലുള്ള ഒരിന്ത്യന്‍ കമ്പനയിലെ ജീവനക്കാരനായ സുബ്രഹ്മണ്യം ശേഷാദ്രിയുമായാണ് വര്‍മ കച്ചവടം പറഞ്ഞുറപ്പിച്ചിരുന്നത്. ഡീല്‍ സമ്മതമായതോടെ വിമാനം കയറി.

ജനുവരി 18 ന് ആയിരുന്നു ശ്രീകുമാര്‍ സെനഗലില്‍ എത്തുന്നത്. അന്നു തന്നെ ആയാള്‍ അബ്ദുള്ളിന്റെ സംഘത്തിന്റെ പിടിയിലായി. ജനുവരി 23 ന് വര്‍മയ്ക്ക് നാട്ടിലുള്ള മകന്‍ വിനായകനുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞു. താന്‍ കെണിയില്‍ അകപ്പെട്ട കാര്യം വര്‍മ മകനെ അറിയിച്ചു.

തടങ്കല്‍ സംഘത്തില്‍ നിന്നു തന്നെയാണോ അതോ അവരില്‍ നിന്നും രക്ഷപ്പെട്ടശേഷമാണോ വര്‍മ വിനായകന് ഫോണ്‍ ചെയ്തതെന്ന് അറിയില്ല. പക്ഷേ അയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതായും എന്നാല്‍ വര്‍മയുടെ പാസ്‌പോര്‍ട്ട് അബ്ദുളിന്റെ കൈവശമായിപ്പോയെന്നും വിനായക് പറയുന്നുണ്ട്.

പിതാവിനു സംഭവിച്ച അപകടത്തെ കുറിച്ച് അറിഞ്ഞ വര്‍മയുടെ മകന്‍ വിനായക് എല്ലാ വിവരങ്ങളും കാണിച്ച് ഉടന്‍ തന്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതി. ഈ കത്തില്‍ വിനായക് പറയുന്നത്, കുടുംബത്തിന്റെ അറിവോടുകൂടിയാണ് രവിവര്‍മ പെയിന്റിംഗുകളുടെ കച്ചവടത്തിനായി തന്റെ പിതാവ് സെനഗലില്‍ പോയതെന്നും സുബ്രഹ്മണ്യം ശേഷാദ്രിയുമായി വില്‍പ്പനയെക്കുറിച്ച് പറഞ്ഞുറപ്പിച്ചിരുന്നുവെന്നുമാണ്.

ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ സെനഗലിന്റെ തലസ്ഥാനമായ ദുക്കറിലുള്ള ഇന്ത്യന്‍ എംബസിയില്‍ വര്‍മ എത്തപ്പെട്ടുണ്ട്. ഇതുപക്ഷേ വര്‍മയുടെ വീട്ടുകാരില്‍ നിന്നും കിട്ടുന്ന വിവരമാണ്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യമാന്ത്രാലയം ഗൗരവതരമായി ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നുമാത്രമാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

(സ്ലൈഡര്‍ ചിത്രം കടപ്പാട്: ദി ഹിന്ദു)

This post was last modified on December 27, 2016 3:34 pm