X

രാജിവച്ചില്ലെങ്കില്‍ പുറത്താക്കണം; കെ എം മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ ഹൈക്കോടതിയിലും തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കെ എം മാണി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. കെ എം മാണി മന്ത്രിസ്ഥാനം ഒഴിയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. മാണി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണമെന്ന ശക്തമായ ആവശ്യമാണ് ടി എന്‍ പ്രതാപന്‍ എം എല്‍ എ മുന്നോട്ടുവച്ചിരിക്കുന്നത്. മാണി രാജിവയ്ക്കണമെന്ന ആവശ്യം കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും ഉന്നയിച്ചു. പിടിച്ചുനില്‍ക്കാവുന്ന ഘട്ടമെല്ലാം കഴിഞ്ഞെന്നും കോടതിയുടെ അഭിപ്രായം ഗൗരവത്തോടെ കാണണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയും വക്താവുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും അഭിപ്രായപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി അംഗീകരിച്ച ഹൈക്കോടതി മാണി രാജിവയ്ക്കുന്ന കാര്യം അദ്ദേഹത്തിന്റെ മനസാക്ഷിക്കു വിടുകയാണെന്ന് അഭിപ്രായപ്പെട്ടു. ആരോപണ വിധേയനായ ആള്‍ ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത് കാരണം കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടുണ്ടോയെന്ന സംശയം ജനങ്ങള്‍ക്ക് ഉണ്ടെന്നും കോടതി പ്രകടിപ്പിച്ചു.സീസറിന്റെ ഭാര്യയും സംശയത്തിന് അതീതനായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള ഈ പ്രതികരണങ്ങള്‍ കെ എം മാണിയുടെ നില ഏറെ പരിങ്ങലില്‍ ആക്കിയിരിക്കുകാണ്. സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ മന്ത്രിസഭ രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാണിയെ സംരക്ഷിച്ച മുഖ്യമന്ത്രിക്കും ഇനി ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കോടിയേരി പറഞ്ഞു. മാണി രാജിവയ്ക്കുക മാത്രമല്ല മന്ത്രിസഭ തന്നെ ഒഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും അഭിപ്രായപ്പെട്ടു.

അതേസമയം മാണി രാജിവയ്‌ക്കേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്നെ് കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ പ്രതികരിച്ചു. പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രി പി ജെ ജോസഫ് പറഞ്ഞത്. കോടതി വിധിയുടെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്നു മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ പറഞ്ഞു.

 

This post was last modified on December 27, 2016 3:23 pm