X

13 കോടി ചിത്രീകരണ നഷ്ടത്തിന്, 5 കോടി മനപ്രയാസത്തിന്; 18 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സജീവ് പിള്ളയ്ക്ക് മാമാങ്കം നിര്‍മ്മാതാവിന്റെ വക്കീല്‍ നോട്ടീസ്

കൂടാതെ സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പ്രതിഫലമായി നല്‍കിയ 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരിച്ചു കൊടുക്കണമെന്നും വേണു കുന്നപ്പള്ളി

മമ്മൂട്ടി ചിത്രം മാമാങ്കം വിവാദം വീണ്ടും മറുകുന്നു. സംവിധായകന്‍ സജീവ് പിള്ളയോട് 18 കോടിക്കുമേല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാവ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നതാണ് പുതിയ വാര്‍ത്ത. സജീവ് പിള്ളയുടെ പരിചയക്കുറവും നിസ്സഹകരണവും മൂലം തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഈ തുക 30 ദിവസത്തിനുള്ളില്‍ തിരിച്ചു നല്‍കണമെന്നും കാണിച്ചാണ് വേണു കുന്നപ്പള്ളിയുടെ അഭിഭാഷകന്‍ സജീവ് പിള്ളയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ തുക കൂടാതെ തനിക്ക് നേരിട്ട മാനസികപ്രയാസത്തിന് നഷ്ടപരിഹാരമായി അഞ്ചു കോടി രൂപ വേറെയും നല്‍കണമെന്നു നിര്‍മാതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു കോടി 15 ദിവസത്തിനകം നല്‍കണം. കൂടാതെ സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പ്രതിഫലമായി നല്‍കിയ 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരിച്ചു കൊടുക്കണമെന്നും വേണു കുന്നപ്പള്ളി സജീവ് പിള്ളയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വക്കീല്‍ നോട്ടീസ് കിട്ടിയ കാര്യം സജീവ് പിള്ള അഴിമുഖത്തോട് സ്ഥിരീകരിച്ചു. തന്നെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇത്രയും തുക എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ തനിക്കൊരു മാര്‍ഗവും കാണുന്നില്ലെന്നും സജീവ് പിള്ള പറഞ്ഞു.

സംവിധായകന്റെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവ് പിള്ളയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വേണു കുന്നപ്പള്ളി പത്രക്കുറിപ്പ് ഇറക്കിയതിനു പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്ന വിവരവും പുറത്തു വരുന്നത്. മാമാങ്കം സിനിമയുടെ പേരില്‍ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകള്‍ നടത്തിയാല്‍ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ലെന്നും മലയാളത്തിലെ ഏറ്റവും പരിയസമ്പന്നരായ സംവിധായകരിലൊരാളായ എം.പദ്മകുമാര്‍ മാമാങ്കം ഏറ്റെടുക്കുമെന്നും നിര്‍മാതാവ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എഗ്രിമെന്റിലെ മൂന്നാം പേജിലെ ‘D’ clause പ്രകാരം മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്‌ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കണ്‍സപ്റ്റ്, എല്ലാ വിധത്തിലുമുള്ള പകര്‍പ്പവകാശവും സംവിധായകന്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നാണ് നിര്‍മാതാവ് പറയുന്നത്. സജീവ് പിള്ളയുടെ പരിചയക്കുറവ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ തന്നെ ബോധ്യം വന്നതിനാല്‍ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ് ഷെഡ്യൂള്‍ ആയാണ് ഒരു നിശ്ചിത ബജറ്റില്‍ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പ്ലാന്‍ ചെയ്തതെങ്കിലും പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചെലവാകുകയും യാതൊരു ക്വാളിറ്റിയുമില്ലാതെ, ഉപയോഗിക്കാന്‍ കഴിയാത്തവിധമുള്ള ചിത്രീകരണമാണ് സജീവ് പിള്ള നടത്തിയതെന്നും നിര്‍മാതാവ് കുറ്റപ്പെടുത്തുന്നു.

This post was last modified on January 31, 2019 6:32 pm