X

ഹിന്ദു ദൈവത്തെ അപമാനിച്ച കേസ്; ധോണിക്കെതിരെ ജാമ്യമില്ലാ വാറണ്ട്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ അനന്ത്പൂര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2013 ല്‍ ഇറങ്ങിയ ഒരു മാഗസിന്‍ കവറില്‍ ഹൈന്ദവ ദൈവമായ വിഷ്ണുവിനെ അപമാനിക്കുന്ന തരത്തില്‍ പോസ് ചെയ്തു എന്ന പരാതിയിന്മേലാണ് കോടതി വാറണ്ട് അച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ധോണിയിപ്പോള്‍ അവിടെയാണുള്ളത്.

സാമൂഹ്യപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരെമാത് ആണ് ധോണിക്കെതിരെ പരാതി നല്‍കിയിരുന്നത്. 2013 ല്‍ ഇറങ്ങി ബിസിനസ് ടുഡെ മാഗസിനിലാണ് ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍ കൈകകളില്‍ ശീതള പാനീയം, മൊബൈല്‍ ഫോണ്‍, ഷൂസ് എന്നിവ പിടിച്ചു നില്‍ക്കുന്ന ധോണിയുടെ കവര്‍ പേജ് അടിച്ചുവന്നത്. ഇതിലൂടെ ഹൈന്ദവരുടെ വികാരത്തെയാണ് ധോണി വ്രണപ്പെടുത്തിയതെന്ന് ജയകുമാര്‍ തന്റെ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ധോണിക്കെതിരെ സെക്ഷന്‍ 255, സെക്ഷന്‍ 34 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

കേസിന്റെ വാദം കേള്‍ക്കെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റനു നേര്‍ക്ക് കോടതി ഉന്നയിച്ചത്. ധോണിയെ പോലൊരാള്‍ ഇത്തരം പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ അതൊരു വിഭാഗത്തിന്റെ വികാരത്തെ മുറിപ്പെടുത്തുമെന്നും അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കണമെന്നും മനസിലാക്കണമായിരുന്നു. ഓരോ പരസ്യത്തിന്റെ ഭാഗമാകുമ്പോള്‍ ഇതേതു തരത്തില്‍ സമൂഹത്തില്‍ പ്രതിഫലനം ഉണ്ടാകുമെന്ന് ഇങ്ങനെയുള്ളവര്‍ ചിന്തിക്കേണ്ടതാണ്. ധോണിയെ പോലുള്ള സെലിബ്രിറ്റികള്‍ ഒരു ഉത്തരവാദിത്വവും ഇല്ലാതെയാണ് പരസ്യങ്ങളുടെ ഭാഗമാകുന്നത്. എന്ത് പ്രശ്‌നമാണുണ്ടാകാന്‍ പോകുന്നതെന്നും അവര്‍ക്ക് ആലോചിക്കേണ്ടതില്ല, വേഗത്തില്‍ പണം ഉണ്ടാക്കിയാല്‍ മാത്രം മതി, അതാണ് ചിന്ത. കോടതി വിമര്‍ശിച്ചു.

This post was last modified on December 27, 2016 3:31 pm