X

സി പി എമ്മിന്റെ ബ്ലാക്ക്മെയിലിങ്ങില്‍ കാനം കുടുങ്ങിയെന്ന് ആരോപണം; സി പി ഐയില്‍ അടി മുറുകുന്നു

എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചാണ് മാര്‍ച്ച് നടത്തിയത് എന്ന് കാനം വിഭാഗം

എറണാകുളത്ത് സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിരോധത്തിലായ സിപിഐയിലെ കാനം വിഭാഗം തിരിച്ചടിയ്‌ക്കൊരുങ്ങുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചാണ് മാര്‍ച്ച് നടത്തിയെന്നതിന് പുറമെ ഇപ്പോള്‍ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുമാണ് കാനം വിഭാഗം ആയുധമാക്കുന്നത്. കൈയൊടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളി സിപിഐ ജില്ലാ സെക്രട്ടറി പി രാജു രംഗത്തെത്തുകയും ചെയ്തു.

എറണാകുളത്തെ സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ തിരിച്ചടിയാണ് സിപിഐയിലെ കാനം വിഭാഗത്തിന് നേരിടേണ്ടി വന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തിന് വഴങ്ങിയാണ് കാനം രാജേന്ദ്രന്‍ പ്രതികരണം നടത്തിയതെന്നായിരുന്നു ആരോപണം. പാര്‍ട്ടിയില്‍ കാനത്തിനോട് അനുഭാവം പ്രകടിപ്പിച്ച വിഭാഗങ്ങള്‍ പോലും ഇതില്‍ രോഷാകുലരായിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ആരോപണങ്ങളാണ് കാനം രാജേന്ദ്രനെതിരെ ഉയര്‍ന്നുവന്നത്. കാനത്തിന്റെ മകന്റെ ചില ഇടപെടലുകളാണ് അദ്ദേഹത്തെ പൊലീസിനെ വിമര്‍ശിക്കുന്നതില്‍നിന്ന് തടയുന്നതെന്ന ആരോപണവും ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. സിപിഎം നേതൃത്വത്തിന്റെ ബ്ലാക്ക് മെയിലിംങിന് വിധേയമായി കഴിയുകയാണ് സംസ്ഥാന നേതൃത്വം എന്നാണ് ആരോപണം. കെ ഇ ഇസ്മായിലും സിഎന്‍ ജയദേവനുമുള്‍പ്പെടെയുള്ളവര്‍ പരസ്യമായി തന്നെ കാനം രാജേന്ദ്രനെ സംശയത്തിന്റെ നിഴലില്‍നിര്‍ത്തുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ആലപ്പുഴയില്‍ കാനത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഐയില്‍ കാനത്തിനെതിരായ വിഭാഗത്തിന് ശക്തി നല്‍കുന്നതായിരുന്നു സമീപകാലത്തെ സംഭവങ്ങള്‍. വീട്ടില്‍ കയറിയല്ല, പോലീസ് മര്‍ദ്ദിച്ചതെന്നും സമരം ചെയ്തിട്ടാണെന്നുമുള്ള പ്രസ്താവന കാനം നടത്തിയത് മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടതിന് ശേഷമാണ്. ഇതാണ് പാര്‍ട്ടിയില്‍ കൂടുതല്‍ വിവാദം സൃഷ്ടിച്ചത്.

ഇങ്ങനെ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് തിരിച്ചടിക്ക് കാനം തയ്യാറെടുക്കുന്നത്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സിപിഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തില്‍നിന്ന് അനുമതി വാങ്ങിയത്. എന്നാല്‍ പിന്നിട് ഐജി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ജില്ലാ കമ്മിറ്റി ചെയ്തതെന്നാണ് ആരോപണം. ഇത് പാര്‍ട്ടി രീതികള്‍ക്ക് നിരക്കുന്നതെന്നും കാനം വിഭാഗം ആരോപിക്കുന്നു. പ്രത്യേകിച്ചും ജില്ലയില്‍ നിയമസഭ ഉപതെരഞ്ഞൈടുപ്പ് അടുത്തിരിക്കെ മുന്നണിയെ പ്രതിരോധത്തിലാക്കുന്ന സമീപനം രാഷ്ട്രീയ ശരികേടാണെന്നാണ് ഇവരുടെ പക്ഷം. ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്.
കൂടുതല്‍ പ്രതികരണത്തില്‍നിന്ന് തന്നെ വിലക്കുന്നത് രാഷ്ട്രീയ കാര്യങ്ങളാണാണെന്ന് നേരത്തെ കാനം രാജേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെയാണ് എല്‍ദോയുടെ പരുക്ക് സംബന്ധിച്ച വിവാദം. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കൈയൊടിഞ്ഞില്ലെന്ന പരമാര്‍ശം തെറ്റാണെന്ന വാദവുമായി ജില്ലാ നേതൃത്വം രംഗത്തെത്തി കഴിഞ്ഞു. എന്തായാലും പരുക്ക് സംബന്ധിച്ച കാര്യങ്ങളും സിപിഐയിലെ വിവാദത്തിന് ആക്കം കൂട്ടുമെന്ന കാര്യം ഉറപ്പാണ്.

നേരത്തെ സിപിഎമ്മുമായി നല്ല ബന്ധത്തിലാല്ലാതിരുന്ന കാനത്തിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നാതാണ് ഏറെ ശ്രദ്ധേയം. കാനത്തെ പ്രതിരോധിക്കാന്‍ എത്തുന്നത് സിപിഎമ്മും. സിപിഎം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് കരുതിപ്പോന്ന കെ ഇ ഇസ്മയില്‍ ഇപ്പോള്‍ കാനത്തിന്റെ സിപിഎം അനുകൂല സമീപനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരിക്കുന്നു എന്നതാണ് വൈരുദ്ധ്യം. വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ പിന്തുടര്‍ന്ന് സിപിഎമ്മിനെതിരായ സമീപനം തുടര്‍ന്നുകൊണ്ടായിരുന്നു കാനം ഇതുവരെ പ്രവര്‍ത്തിച്ചുപൊന്നത്. എന്നാല് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ സമീപനത്തില്‍ മാറ്റം വന്നത്. ഇതിന്റെ പിന്നില്‍ ചില വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

This post was last modified on July 27, 2019 12:37 pm