X

ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തത്തിനു സിപിഐഎം അംഗത്തെ പുറത്താക്കിയതായി ആക്ഷേപം

അഴിമുഖം പ്രതിനിധി

ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഐഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ദ്വാരക ജനസംസ്‌കൃതി ബ്രാഞ്ചിന്റെ ചെയര്‍മാന്‍ പി കെ രവീന്ദ്രനാഥിന്റെ അംഗത്വമാണ് റദ്ദ് ചെയ്തത്. ദ്വാരക കളക്ടീവ് എന്ന പേരിലുള്ള കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചെന്നും പരിപാടികള്‍ പ്രചരിപ്പിച്ചുമെന്നാണ് അദ്ദേഹത്തിനെതിരെയുള്ള നടപടിയുടെ കാരണങ്ങള്‍.

ബാത്ചിത്ത് എന്ന പേരില്‍ ഫാസിസ്റ്റ് വിരുദ്ധ ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് ദ്വാരക കളക്ടീവ്. എല്ലാ ഞായറാഴ്ച്ചകളിലും ദ്വാരകയില്‍ ബാത്ചിത്ത് എന്ന പേരില്‍ ഇവര്‍ പരിപാടികള്‍ നടത്താറുമുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 31 ന് വര്‍ഗീയതയ്‌ക്കെതിരെ സംഘടിപ്പിച്ച പീപ്പിള്‍ മാര്‍ച്ചില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതിന്റെ പേരില്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം രവീന്ദ്രനാഥ് പങ്കെടുത്തിരുന്നില്ല. പക്ഷേ പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതായാണ് രവീന്ദ്‌നാഥിനെതിരെ ആരോപരണം വന്നത്. ഇതിനെ തുടര്‍ന്നു, ദ്വാരക കളക്ടീവ് എന്നാല്‍ പ്രദേശത്തെ മലയാളികള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ കൂട്ടായ്മയാണെന്നും സംഘടന പ്രധാനമായും നടത്തുന്നത് ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങളാണെന്നും വിശദീകരിച്ച് രവീന്ദ്രനാഥ് നേതൃത്വത്തിന് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടി വരുദ്ധമായ യാതൊന്നും സംഘടനയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന രവീന്ദ്രനാഥിന്റെ നിലപാടും അംഗീകരിക്കപ്പെട്ടില്ല. ഇക്കഴിഞ്ഞ ഹോളി ദിനത്തില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ രവീന്ദ്രനാഥിന്റെ അംഗത്വം തുടരേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം രവീന്ദ്രനാഥിന്റെ അസാന്നിധ്യത്തിലായിരുന്നുവെന്നും ആക്ഷേപമുണ്ട്.

രവീന്ദ്രനാഥിനെതിരെ പാര്‍ട്ടിയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നാണ് ദ്വാരക കളക്ടീവ് പറയുന്നത്. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ഐഡിയോളജി പിന്തുടരുന്ന പ്രസ്ഥാനമല്ലിതെന്നും സ്വതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാണ് തങ്ങളുടേതെന്നും സംഘടനപ്രവര്‍ത്തകര്‍ അറിയിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ കടന്നാക്രമണം നടക്കുന്നൊരു കാലത്ത് ജനാധിപത്യപരമായൊരു പ്രവര്‍ത്തനത്തിന്റെ ഭാഗമായതിന്റെ പേരില്‍ രവീന്ദ്രനാഥിനെ പുറത്താക്കിയ സിപിഐഎം നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ദ്വാരക കളക്ടീവ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ എല്ലാ പുരോഗമന-മതനിരപേക്ഷിത സംഘടനകളും കൈകോര്‍ക്കുമെന്നും അവര്‍ അറിയിച്ചു.

കലാകാരന്മാര്‍, ബുദ്ധിജീവികള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കായി ഒരു വേദി എന്ന നിലയില്‍ 2015 ല്‍ രൂപീകൃതമായ ദ്വാരക കളക്ടീവില്‍ ഹര്‍തോഷ് സിംഗ് ബാല്‍, പ്രൊഫ. ആദിത്യ മുഖര്‍ജി, വി എസ് രവീന്ദ്രന്‍, അശോക് വാജ്‌പേയ്, കിരണ്‍ സേഗാള്‍, സോഹയ്ല്‍ ഹാഷ്മി, കമല ബാഹ്‌സിന്‍, മായ റാവു റാന സാഫ്‌വി, കെ സച്ചിതാനന്ദന്‍ എന്നിവരെ പോലുള്ള സാംസ്‌കാരിക നായകന്മാര്‍ ദ്വാരക കളക്ടീവിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളതാണെന്നും സംഘാടകര്‍ അറിയിക്കുന്നു.

This post was last modified on December 27, 2016 3:59 pm