X

മാലിന്യനിക്ഷേപം; ബിഗ് ബസാറിനെതിരെ കടുത്ത നടപടിയെടുത്ത് തിരുവനന്തപുരം നഗരസഭ

അഴിമുഖം പ്രതിനിധി

റീട്ടെയ്ല്‍ ഭീമനായ ബിഗ് ബസാറിന്റെ മാലിന്യനിക്ഷേപത്തിനെതിരെ തിരുവനന്തപുരം നഗരസഭയുടെ ശക്തമായ നടപടി. നഗരസഭ പരിധിയില്‍ വരുന്ന തിരുമല കൊങ്കളം നാഗരുകാവിന് സമീപത്തായി പൊതുസ്ഥലത്തും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമായി പഴയ ബാഗുകളും ചെരുപ്പുകളും ഉള്‍പ്പെടുന്ന അഞ്ച് ലോഡോളം വരുന്ന മാലിന്യങ്ങളാണ് കേശവദാസപുരത്തുള്ള ബിഗ് ബസാറില്‍ നിന്നുകൊണ്ടുവന്നു തള്ളിയത്. ഇതിനെതിരെയാണ് നഗരസഭയുടെ നടപടി വന്നിരിക്കുന്നത്. അനധികൃതമായി മാലിന്യം നിക്ഷേപിച്ചതിന് ബിഗ്ബസാറിന് 25,000 രൂപ പിഴ ചുമത്തുകയും ബന്ധപ്പെട്ടവരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി മാലിന്യം നീക്കം ചെയ്യുന്നതിന് ഉത്തരവു കൊടുക്കുകയും ചെയ്തു. നാളെ ഉച്ചയോടു കൂടി മുഴുവന്‍ മാലിന്യവും സ്ഥലത്തു നിന്നു നീക്കാനാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പഴയ സാധനങ്ങള്‍ സ്വീകരിച്ച് പകരം ഡിസ്‌കൗണ്ട് കൂപ്പണുകള്‍ നല്‍കുന്ന പദ്ധതിപ്രകാരം ശേഖരിച്ചവയാണ് രാത്രിയുടെ മറവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിക്ഷേപിച്ചത്. ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് മേയര്‍ അഡ്വ. വി. കെ പ്രശാന്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ . ശ്രീകുമാര്‍, പുന്നയ്ക്കാമുഗള്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. പി ശിവജി, തിരുമല വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു. പി വി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബിജു, തിരുമല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി മോഹനചന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് ബിഗ്ബസാറിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.

നഗരത്തില്‍ പഴയ സാധനങ്ങള്‍ സ്വീകരിച്ച് പകരം പുതിയ സാധനങ്ങളുടെ വില്‍പ്പനയില്‍ ഡിസ്‌കൗണ്ട് നല്‍കി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന പഴയ സാധനങ്ങള്‍ കൈയൊഴിയുന്നതിനുള്ള സംവിധാനം എന്താണെന്ന വിവരം നഗരസഭയെ ബോധ്യപ്പെടുത്തണമെന്ന് മേയര്‍ അറിയിച്ചു. വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ മുന്നറിപ്പു നല്‍കി.

This post was last modified on December 27, 2016 3:59 pm