X

സ്ത്രീവിരുദ്ധ പരാമര്‍ശം; ക്രിസ് ഗെയിലിനെതിരെ നിയമനടപടിക്കു സാധ്യത

അഴിമുഖം പ്രതിനിധി

മാധ്യമ പ്രവര്‍ത്തകയോട് സഭ്യേതരമായ ഭാഷയില്‍ സംസാരിച്ചു എന്നുള്ള കാരണത്തിന് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനെതിരെ നിയമനടപടിക്ക് സാധ്യത. ഓസ്ട്രേലിയയില്‍ നടന്ന ടി20 മത്സരത്തിനിടെ ചാനല്‍ 10 റിപ്പോര്‍ട്ടര്‍ മെല്‍ മക് ലൌഖ്ലിന്‍ എന്ന യുവതിയോട് ലൈംഗികച്ചുവയുള്ള ഭാഷയില്‍ സംസാരിച്ചു എന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമുള്ള കാരണമാണ് ഗെയിലിനെതിരെ ചുമത്താന്‍ സാധ്യതയുള്ള കുറ്റങ്ങള്‍. ഗ്രൗണ്ടില്‍ നിന്നും പവലിയനിലേക്കു വന്ന ഗെയിലിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തക ഇന്നിംഗ്സിനേക്കുറിച്ചു ചോദിക്കുന്നതിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്.

‘നിങ്ങളുമായി അഭിമുഖത്തിന് ഞാനാഗ്രഹിച്ചിരുന്നു. അതാണ്‌ ഞാന്‍ നന്നായി കളിച്ചത്’. ഇതു കേട്ട് കാര്യമായ ഭാവവ്യത്യസങ്ങളൊന്നും അവരില്‍ നിന്നുണ്ടാവാതിരുന്നപ്പോള്‍ ‘മനോഹരമായ കണ്ണുകളാണ് നിങ്ങള്‍ക്കുള്ളത്‌.  ഈ കളി ഞങ്ങള്‍ ജയിക്കുമെന്നാണ് പ്രതീക്ഷ, അങ്ങനെയെങ്കില്‍ നമുക്കൊരുമിച്ച് ഒരു ഡ്രിങ്ക് ആവാം’, എന്നായിരുന്നു ഗെയിലിന്‍റെ അടുത്ത പരാമര്‍ശം. താന്‍ തമാശയായി പറഞ്ഞതാണെന്നും അതിന്  പ്രാധാന്യം നല്‍കേണ്ടെന്നും റിപ്പോര്‍ട്ടര്‍ക്ക് വിഷമമാകുന്ന രീതിയില്‍ അതു മാറിപ്പോയതില്‍ ഖേദിക്കുന്നുവെന്നും ഗെയില്‍ പറഞ്ഞുവെങ്കിലും മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫ് അടക്കമുള്ള താരങ്ങളും ഇതിനെതിരെ രംഗത്തുവന്നു. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.

അഭിമുഖത്തിന്‍റെ വീഡിയോ കാണാം 

 

This post was last modified on December 27, 2016 3:31 pm