X

ഡല്‍ഹിയില്‍ വെള്ളക്കരം പത്തുശതമാനം വര്‍ദ്ധിപ്പിച്ചു

 

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ വെള്ളക്കരത്തില്‍ വര്‍ദ്ധനവ്. പ്രതിദിനം 700 ലിറ്റര്‍ വരെ വെള്ളം സൗജന്യമാക്കിയതിനു പിന്നാലെയാണ് വെള്ളത്തിനുള്ള നിരക്ക് പത്തു ശതമാനം വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ഡല്‍ഹി ജലബോര്‍ഡ് യോഗം തീരുമാനിച്ചത്. പ്രതിമാസം 20,000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധിപ്പിച്ച നിരക്കുവര്‍ധന ബാധകമാവുക.

ഡല്‍ഹി മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ളതാണ് സംസ്ഥാന ജലബോര്‍ഡ് എങ്കിലും ഇപ്പോഴത്തെ വര്‍ദ്ധനവിനെ ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനമായി വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. എല്ലാവര്‍ഷവും ജനുവരി ഒന്നിന് പത്തു ശതമാനം വര്‍ദ്ധനവോടെ വെള്ളക്കരം പരിഷ്‌കരിക്കണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ തീരുമാനം കൈകൊണ്ടിട്ടുള്ളതാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ അസ്ഥിരത്വം കാരണം കഴിഞ്ഞ രണ്ടുവര്‍ഷവും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ പോവുകയായിരുന്നു.

ജലബോര്‍ഡിന് കൂടുതല്‍ ധനസമാഹരണം നടത്തുന്നതിനു വേണ്ടിയാണ് നിരക്ക് വര്‍ദ്ധനവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നഗരവാസികള്‍ക്ക് സൗജന്യ ജലവിതരണം പ്രഖ്യാപിച്ചു. ഓരോ വര്‍ഷവും പത്തു ശതമാനം സ്വാഭാവിക വര്‍ധന ഈ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല. അതുകൊണ്ടു തന്നെ നിലവിലുള്ള നിരക്ക് പരിഷ്‌കരിച്ച് ജലബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് ഒന്നു മുതല്‍ 20,000 ലിറ്റര്‍ വരെ വെള്ളം സൗജന്യമായി വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഡല്‍ഹി ജലബോര്‍ഡ് യോഗം ഔദ്യോഗികമായി അംഗീകാരം നല്‍കി. ഇതു പരിഗണിച്ച ശേഷമാണ് 20,000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പത്തു ശതമാനം നിരക്കു കൂട്ടാനുള്ള തീരുമാനം.

ഇതോടെ, ജലവിനിയോഗത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നഗരവാസികള്‍ നിര്‍ബന്ധിതരാവും. പ്രതിമാസം 20,000 ലിറ്റര്‍ വരെ വെള്ളം സൗജന്യമാണെങ്കിലും പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍, മുഴുവന്‍ തുകയും അടയ്‌ക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വ്യവസ്ഥ. ജലബോര്‍ഡ് തീരുമാനം കൂടി നടപ്പാവുന്നതോടെ, പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചാല്‍ വെള്ളത്തിനു നല്‍കേണ്ടി വരുന്ന നിരക്കില്‍ വലിയ വര്‍ധനയുണ്ടാവും.

 

This post was last modified on December 27, 2016 2:54 pm