X

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

2019 ഓഗസ്റ്റ് മുതല്‍ രണ്ടുവര്‍ഷത്തേക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം പ്രളയ സെസ് പിരിക്കാനാണ് അനുമതി.

പ്രളയ സെസ് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതോടെ കേരളത്തിലെ ജനങ്ങള്‍ ഈ അധിക നികുതിയെക്കുറിച്ച് ആശങ്കയിലാണ്. പ്രളയശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്തുന്നതിനായാണ് പ്രളയ സെസ് ഏര്‍പ്പെടുന്നതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഇതോടെ അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം വില കൂടും. കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തെ മുക്കിയ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും കരകയറാനുള്ള റവന്യൂ സമാഹരണം എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്ത് വരികയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട് എന്ന സാധ്യത കണക്കിലെടുത്തും ഗവണ്‍മെന്‍റ് താല്‍ക്കാലികമായി പിന്‍മാറുകയായിരുന്നു.

എന്താണ് പ്രളയസെസ്?

സെസ് (Cess) എന്നാല്‍ നികുതി എന്നാണര്‍ത്ഥം. നികുതിയ്ക്കുമേല്‍ നികുതിയെന്നാണ് പൊതുവേ സെസ് അറിയപ്പെടുന്നത്. എന്നാല്‍ പ്രളയ സെസ് ഉല്‍പന്ന വിലയ്ക്ക് മുകളിലാണ് ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായത് 2018 ഓഗസ്റ്റില്‍ സംസ്ഥാനത്തെ സാരമായി ബാധിച്ച പ്രളയത്തെ തുടര്‍ന്നാണ്. സംസ്ഥാനത്തിന്റെ ആസ്തികളിലും വരുമാനത്തിലും കനത്ത നഷ്ടമായിരുന്നു പ്രളയം സൃഷ്ടിച്ചത്. ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്മെന്റ് പ്രകാരം 36706 കോടി രൂപയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടത്. കേരളത്തിനെ പുനരുദ്ധിക്കുന്നതിനായിട്ടുള്ള തുക കണ്ടെത്തുന്നതിനാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജനുവരിയില്‍ കേരളത്തിന് മാത്രമായി പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി ഉപസമിതിയില്‍ ധാരണയാവുകയും തുടര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കുകയും ചെയ്തു. 32-മത്തെ ജിഎസ്ടി കൗണ്‍സിലാണ് സെസ് പിരിക്കുന്നതിനുള്ള അനുമതി നല്‍കിയത്. ഇതുപ്രകാരം സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ജിഎസ്ടിക്ക് ഒപ്പം പ്രളയസെസും ഏര്‍പ്പെടുത്തി. ഏതൊക്കെ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും സെസ് വേണമെന്ന് നിശ്ചയിച്ചതും സംസ്ഥാന സര്‍ക്കാരാണ്. 2019 ഓഗസ്റ്റ് മുതല്‍ രണ്ടുവര്‍ഷത്തേക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം പ്രളയ സെസ് പിരിക്കാനാണ് അനുമതി. ഇതിലൂടെ 600 കോടി രൂപ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ധനവകുപ്പ് കരുതുന്നത്. കേരള ഫിനാന്‍സ് ആക്ടിന്റെ (2019) സെക്ഷന്‍ 14 പ്രകാരമാണ് സെസ് ഈടാക്കുക.

വിവാദമാകാന്‍ കാരണമെന്ത്?

പ്രളയസെസിനെ പറ്റിയുള്ള പ്രഖ്യാപനം നിയസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടവും മൂലം വലഞ്ഞ ജനതക്കുമേല്‍ പ്രളയസെസ് കൂടി അടിച്ചേല്‍പിക്കുകയാണ്. പലപേരുകളില്‍ ഇതിനകം അധികനികുതി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നുണ്ട്. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേല്‍പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏര്‍പ്പെടുത്തിയത് കൂടാതെയാണ് അധികനികുതി. തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമാണ് അധികനികുതിയുടെ അടിച്ചേല്‍പിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം. പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമതിയും രംഗത്തുണ്ട്. പ്രളയസെസ് സൃഷ്ടിക്കുന്ന വിലക്കയറ്റം വീണ്ടും വ്യാപാരമാന്ദ്യമുണ്ടാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഒരു വിഭാഗം ഓഗസ്റ്റ് ഒന്നിന് കരിദിനം ആചരിച്ചിരിക്കുകയാണ്. സംസ്ഥാന വിപണി ഏറ്റവും സജാവമാകുന്ന ഓണക്കാലം അടുത്തിരിക്കെ സെസ് നടപ്പാക്കലിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികള്‍.

പ്രളയസെസിന്റെ പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

അഞ്ച് ശതമാനത്തിന് മുകളില്‍ ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 5%, 12%, 18% ജിഎസ്ടി നിരക്കുള്ള സേവനങ്ങളും 12%, 18%, 28% ജിഎസ്ടി നിരക്കുള്ള സാധനങ്ങളും രജിസ്‌ട്രേഷനില്ലാത്തവര്‍ക്ക് വില്‍ക്കുമ്പോഴോ സേവനം നല്‍കുമ്പോഴോ ആണ് പ്രളയ സെസ് നല്‍കേണ്ടത്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം,ഡയമണ്ട് ഉള്‍പ്പെടുന്ന 3% ജിഎസ്ടി നിരക്കുള്ള ഉല്‍പന്നങ്ങള്‍ക്ക് നിരക്ക് 0.25% ആണ് പ്രളയ സെസ്.

928 ഉല്‍പന്നങ്ങള്‍ക്കാണ് വില കൂടുന്നത്. വാഹനങ്ങള്‍, ടി വി, റഫ്രിജറേറ്റര്‍, എ സി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മരുന്നുകള്‍, തുണിത്തരങ്ങള്‍, കണ്ണട, ചെരുപ്പ്, നോട്ട്ബുക്ക്, ബാഗ്, മരുന്നുകള്‍, ശീതീകരിച്ച ഇറച്ചി, ഐസ്‌ക്രീം, ചോക്കലേറ്റ്, ജാം, കുപ്പിവെള്ളം, സിമന്റ്, പെയിന്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍, വയറിങ് കേബിള്‍, ഇന്‍ഷ്വറന്‍സ്, ഹോട്ടല്‍ മുറിവാടക, സിനിമ, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും വില കൂടും.

കേരള ഫിനാന്‍സ് ആക്ടിന്റെ (2019) സെക്ഷന്‍ 14 (2) യില്‍ ഉള്‍പ്പെടുത്താത്ത ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പ്രളയ സെസ് നല്‍കേണ്ടി വരില്ല. ഇന്റര്‍‌സ്റ്റേറ്റ് (കേരളവും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള) സപ്ലൈയ്ക്ക് സെസ് ബാധകമല്ല. 0%, 5% ജി എസ് ടി നിരക്കുള്ള ഉല്‍പന്നങ്ങളെയും ഒന്നരക്കോടി വരെ വിറ്റുവരവുള്ള അനുമാന നികുതിക്കാരായ വ്യാപാരികളെയും (ചെറുകിടവ്യാപാരികള്‍) സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും ഹോട്ടല്‍ ഭക്ഷണം, എസി ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയ്ക്കും സെസ് ഉണ്ടാകില്ല. കോമ്പോസിഷന്‍ രീതി തിരഞ്ഞെടുത്ത വ്യാപാരികളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജി എസ് ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് നികുതിദായകര്‍ തമ്മിലുള്ള ഇടപാടുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ അതിന് പ്രളയ സെസ് ബാധകമാകില്ല. അതേസമയം രജിസ്റ്റേര്‍ഡ് ആയ നികുതിദായകനും രജിസ്റ്റേര്‍ഡ് അല്ലാത്ത നികുതി ദായകനുമായാണ് ഇടപാടെങ്കില്‍ സെസ് ബാധകമാണ്. ഇനി രജിസ്റ്റേര്‍ഡ് ആയ നികുതി ദായകര്‍ തമ്മിലുള്ള ട്രാന്‍സാക്ഷന്‍ ബിസിനസ് ആവശ്യത്തിനല്ല എങ്കിലും സെസ് ഈടാക്കും.

പ്രളയ സെസ് കണക്കുകൂട്ടുന്നത് എങ്ങനെ?

സപ്ലൈയുടെ മൂല്യത്തിന്മേലാണ് (value of supply) പ്രളയ സെസ് കണക്കുകൂട്ടുന്നത്. ഇതില്‍ CGST, SGST കളക്ഷനുകള്‍ ഉള്‍പ്പെടുത്തില്ല. ഉദാഹരണത്തിന് ഉല്‍പന്നത്തിന്റെ മൂല്യം 100 രൂപയും അതിന്മേലുള്ള ജിഎസ്ടി നിരക്ക് 12 ശതമാനവുമാണെങ്കില്‍, ഇന്‍വോയ്സ് റെയ്സ് ചെയ്യുന്നത് ഇങ്ങനെയായിരിക്കും;
Value of Supply – Rs.100
CGST – Rs.6
SGST- Rs.6
Cess – Rs.1
Total Sales Value – Rs. 113

പ്രളയ സെസിന്റെ തുക അടയ്ക്കാന്‍ വൈകിയാല്‍ 18 ശതമാനം നിരക്കില്‍ പലിശ നല്‍കേണ്ടിവരും

Read: മഹാപ്രളയത്തിന് ഒരു വയസ്സ്; നാം എന്തു പഠിച്ചു…? / ഡോക്യുമെന്ററി

പ്രളയ സെസ് രജിസ്‌ട്രേഷന്‍ എങ്ങനെ?

പ്രളയ സെസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേകമായ രജിസ്‌ട്രേഷന്‍ ഇല്ല. www.keralataxes.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. സെസിനുള്ള രജിസ്‌ട്രേഷന്‍ നമ്പറായി ഉപയോഗിക്കുക നിലവിലെ GSTIN ആയിരിക്കും. യൂസര്‍ ഐഡി, പാസ്വേഡ് എന്നിവ നല്‍കിയതിന് ശേഷം GSTIN നമ്പര്‍ നല്‍കുക. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ഒരു OTP നമ്പര്‍ ലഭിക്കും. ആ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ ലോഗിന്‍ പ്രോസസ്സ് പൂര്‍ണമായി. അതിനുശേഷം ഇ-പേയ്മെന്റ് നടത്താം.

റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പ്രത്യേകമാണ്. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ റിട്ടേണ്‍ സമയം, ഉല്‍പന്നത്തിന്റെ വില്‍പന മൂല്യം തുടങ്ങിയ വിശദാംശങ്ങള്‍ എന്റര്‍ ചെയ്യണം. ജിഎസ്ടി നിയമമനുസരിച്ച്, GSTR 3B റിട്ടേണ്‍ ആണെങ്കില്‍ ഒരു മാസത്തെ നികുതി തുടര്‍ന്നുവരുന്ന മാസത്തെ 20-ാമത്തെ ദിവസത്തിലോ അതിനുമുന്‍പോ ഫയല്‍ ചെയ്തിരിക്കണം. GSTR 3B യുടെ ഡ്യൂ ഡേറ്റ് പ്രളയ സെസ് റിട്ടേണിനും ബാധകമാണ്.

കടപ്പാട്:

The hindu businsse line – Tax expert fears Kerala Flood Cess could imply ‘tax on tax’ (Story by Vinson Kurian)
Taxguru.in – Impact of Kerala Flood Cess (Story By CA Spudarjunan S)
ധനം – പ്രളയ സെസ് ഓഗസ്റ്റ് 1 മുതല്‍: അറിയേണ്ടതെല്ലാം

 

Read: പന്തിഭോജനം നടത്തിയതിന് ബഹിഷ്കരിക്കപ്പെട്ട ബ്രാഹ്മണ ദമ്പതികളുടെ ചരിത്രം ജസ്റ്റിസ് ചിദംബരേഷിനറിയാമോ? താങ്കള്‍ ജനിച്ച അതേ കല്‍പ്പാത്തിയില്‍ തന്നെ

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

This post was last modified on August 2, 2019 6:16 am