മമ്മൂട്ടി കുട്ടികളുടെ ഭൂതമായി എത്തിയ ചിത്രമായിരുന്നു ‘ഈ പട്ടണത്തില്‍ ഭൂതം’, തിയേറ്ററുകളില്‍ കൈയ്യടി നേടിയില്ലെങ്കിലും ടിവി ചാനലുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന സൂചനകളാണ് സംവിധായകന്‍ ജോണി ആന്റണി നല്‍കുന്നത്. കോമഡി ഫാന്റസി വിഭാഗത്തില്‍ പെടുന്ന ‘പട്ടണത്തില്‍ ഭൂത’ത്തിന്റെ രണ്ടാംഭാഗം ചെയ്താലോ എന്ന് മമ്മൂട്ടി ഈയിടെ തന്നോട് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജോണി ആന്റണി അറിയിച്ചത്.
2009ല്‍ പുറത്തെത്തിയ ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്തമായ ഒരു നായകകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയതെന്ന് ജോണി ആന്റണി പറഞ്ഞിട്ടുള്ള ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുമായിരുന്നു മമ്മൂട്ടിയുടേത്. ഇപ്പോഴും ചാനല്‍ റേറ്റിംഗില്‍ മുന്നിലുള്ള സിനിമയാണ് ‘പട്ടണത്തില്‍ ഭൂത’മെന്ന് പറയുന്നു ജോണി ആന്റണി. ‘റേറ്റിംഗ് ഉള്ളതുകൊണ്ടായിരിക്കുമല്ലോ സിനിമ ചാനലുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ചിത്രം റിലീസ് ചെയ്തത് ജൂലൈയിലെ ഒരു മഴക്കാലത്തായിരുന്നു. റിലീസ് സമയം ഉണ്ടായ ശക്തമായ മഴയാണ് ചിത്രം ഹിറ്റാകാതിരിക്കാന്‍ കാരണം എന്നാണ് ജോണി ആന്റണി പറഞ്ഞത്. ഈയിടെ മമ്മൂക്ക എന്നെ കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് ഭൂതത്തിന് ഒരു രണ്ടാംഭാഗം ആലോചിച്ചാലോ എന്ന്. അപ്പോള്‍ അത്രയ്ക്ക് ആവേശമുണ്ട് മമ്മൂക്കയ്ക്ക്’, ഞാന്‍ തമാശ സിനിമകളിലൂടെ മുന്നോട്ട് വന്നൊരാളാണ് അപ്പോള്‍ എന്നെ പോലെ ഒരാള്‍ എങ്ങനെ ഉള്ള ചിത്രവുമായി ആയിരിക്കും അദ്ദേഹത്തിന് അടുക്കലേക്ക് എത്തുക എന്നത് അദ്ദേഹത്തിന് നേരത്തെ അറിയാം. വളരെ കൂള്‍ ആയി സന്തോഷത്തോടെ മമ്മൂട്ടി ചെയ്‌തൊരു ചിത്രമാണത് ജോണി ആന്റണി പറഞ്ഞു.
കാവ്യാ മാധവന്‍ ആദ്യമായി മമ്മൂട്ടിയുടെ നായികയായെത്തിയ ചിത്രമായിരുന്നു ഇത്. ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജന്‍ പി ദേവ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താരനിരയുമുണ്ടായിരുന്നു ചിത്രത്തില്‍. ഷാന്‍ റഹ്മാന്റേതായിരുന്നു സംഗീതം. 2009 ജൂലൈ ആറിനാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
ദിലീപ് ചിത്രമായ സി ഐ ഡി മൂസയിലൂടെ സിനിമയിലെത്തിയ സംവിധായകനാണ് ജോണി ആന്റണി. വന്‍ വിജയമായ ആദ്യ ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നിങ്ങനെയുള്ള ചിത്രങ്ങളും ജോണി ആന്റണി ചെയ്തിരുന്നു. ഇപ്പോള്‍ നടന്‍ എന്ന രീതിയില്‍ ഡ്രാമ എന്ന രഞ്ജിത് മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ജോണി ആന്റണി.
Leave a Comment