X

ബ്രെക്സിറ്റ് ഉടമ്പടിയില്‍ വെള്ളം ചേര്‍ത്തു; തെരേസ മേയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഉഭയസമ്മത പ്രകാരം തയാറാക്കിയ പിന്‍വാങ്ങല്‍ ഉടമ്പടി പ്രകാരം 75 % കാര്യങ്ങളിലും ധാരണയായിട്ടുണ്ട്

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 21 മാസത്തെ നടപ്പാക്കല്‍ കാലാവധി കഴിഞ്ഞു 2020 ഡിസംബര്‍ 31നു ബ്രെക്സിറ്റ് പൂര്‍ണമാകുമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തിച്ചേര്‍ന്നതിനെ സാര്‍ത്ഥക നിമിഷമെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് വിശേഷിപ്പിക്കുമ്പോള്‍ പല പ്രധാന നിബന്ധനകളിലും വെള്ളം ചേര്‍ത്തുവെന്ന പേരില്‍ പ്രധാനമന്ത്രി തെരേസ മേക്കെതിരെ പ്രതിഷേധം അലയടിക്കുകയാണെന്നു ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

“തെരേസ ദി അപ്പീസര്‍” (പ്രീണന വിദഗ്ധയായ തെരേസ) എന്നു മേയെ വിശേഷിപ്പിച്ച മുന്‍ യുകിപ് നേതാവ് നിഗേല്‍ ഫാരഗെ പ്രധാനമന്ത്രിയെ നീക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. ഫാരഗെയുടെ വിമര്‍ശനം ഒറ്റപ്പെട്ടതല്ല. വിവിധ വിഷയങ്ങളില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്റെ നിബന്ധനകള്‍ക്ക് എത്രത്തോളം വഴങ്ങിയെന്നതിന്‍റെ ഇഴ കീറി പരിശോധിച്ച് പ്രതിഷേധിക്കുകയാണ് ലെയ്ന്‍ ഡന്‍കണ്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍.

ശരിക്കും ആശങ്കയ്ക്ക് കാരണമുണ്ട്. നടപ്പാക്കല്‍ കാലാവധി കൊണ്ട് മാത്രം മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. പാര്‍ലമെന്‍റ് അംഗങ്ങളില്‍ ഏറെപ്പേരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. ഗവണ്മെന്‍റ് ഒരു നീക്കുപോക്ക് കണ്ടെത്തിയേ മതിയാവു. ഡന്‍കണ്‍ ബി ബി സി ക്കു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

നടപ്പാക്കല്‍ കാലാവധിക്കിടെ ബ്രിട്ടനില്‍ എത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പൌരന്മാര്‍ക്ക് ഇപ്പോഴുള്ളവര്‍ക്ക് നല്‍കുന്ന അതേ പരിഗണന നല്‍കുമെന്ന് സമ്മതിക്കേണ്ടി വന്നത് പ്രധാനമന്ത്രിക്കേറ്റ കനത്ത പരാജയമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കന്‍ അയര്‍ലണ്ട് ഇയു നിയമത്തിന്റെ നിയന്ത്രണത്തില്‍ നിറുത്താമെന്ന് സമ്മതിക്കേണ്ടി വന്നതും മേയ്ക്കേറ്റ തിരിച്ചടിയായി. നടപ്പാക്കല്‍ കാലാവധിയുടെ അവസാന വര്‍ഷത്തെ മത്സ്യബന്ധന ക്വാട്ടയെപ്പറ്റി വീണ്ടും ചര്‍ച്ച നടത്തണമെന്ന പരിസ്ഥിതി സെക്രട്ടറിയുടെ ആവശ്യത്തിന്മേല്‍ ഗവണ്മെന്‍റ് കീഴ്മേല്‍ മറിഞ്ഞതു സ്കോട്ട്ലന്‍ഡിലെ കണ്‍സര്‍വേറ്റീവ് അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്. സ്വന്തം കടലില്‍ പൂര്‍ണ നിയന്ത്രണം കിട്ടാന്‍ ഇനി 2020 വരെ കാത്തിരിക്കണമെന്നത് തികഞ്ഞ നിരാശയായെന്നാണ് സ്കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവായ റൂത്ത് ഡേവിഡ്സണ്‍ അഭിപ്രായപ്പെട്ടത്. മത്സ്യബന്ധന മേഖലയിലെ നേതാക്കളോട് സംസാരിച്ചിരുന്നു. ഈ ഒരു തിരിച്ചടിയില്‍ അവരും വല്ലാതെ നിരാശരാണെന്ന് ഡേവിഡ്‌സണ്‍ പറയുന്നു. മത്സ്യബന്ധന വിഷയം കൈകാര്യം ചെയ്യുന്ന സ്കോട്ടിഷ് എം പിമാര്‍ ഈ വിഷയത്തില്‍ ഇന്ന് പ്രധാനമന്ത്രിയെ കാണുന്നുണ്ട്.

ഉഭയസമ്മത പ്രകാരം തയാറാക്കിയ പിന്‍വാങ്ങല്‍ ഉടമ്പടി പ്രകാരം 75 % കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഒറ്റവിപണിയില്‍നിന്ന് വിട്ടുപോകുന്ന ബ്രിട്ടന് നടപ്പാക്കല്‍ കാലയളവില്‍ അതുമായി വാണിജ്യബന്ധം തുടരാനാകും. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ നികുതിരഹിത വാണിജ്യമാണ് നിലനില്‍ക്കുന്നത്.

ഗവണ്മെന്‍റ് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് ബ്രിട്ടന് 2021 മുതല്‍ പുതിയ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാം. ഒപ്പം വേണമെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ വിദേശ നയത്തിലും പ്രതിരോധ പരിപാടികളിലും പങ്കാളിയാവാം.

ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്കുള്ള ആശങ്കകള്‍ക്ക് അറുതി വരണമെങ്കില്‍ ഉടമ്പടി ഒപ്പ് വയ്ക്കുന്ന 2019 മാര്‍ച്ച് വരെ കാത്തിരിക്കണം. എങ്കിലും സാമ്പത്തിക മേഖലയില്‍ പുതിയ തീരുമാനം ഉണര്‍വുണ്ടാക്കി. പൗണ്ട് സ്റ്റെര്‍ലിംഗ് പോയ മൂന്നാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.

ബ്രെക്സിറ്റ് തീയതിക്ക് മുന്‍പ് വന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പരിഗണനയും നടപ്പാക്കല്‍ കാലാവധിക്കിടെ ബ്രിട്ടനില്‍ എത്തുന്ന യൂറോപ്യന്‍ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കും ഉറപ്പു നല്‍കുന്നതായി യൂറോപ്യന്‍ യൂണിയന്റെ മുഖ്യ മധ്യസ്ഥന്‍ മൈക്കല്‍ ബാണിയര്‍ സംയുക്ത പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

This post was last modified on March 30, 2018 10:29 am