X

കിം ജോംഗ്-ഉന്‍: ഒറ്റപ്പെട്ട ഒരു രാജ്യത്തിന്റെ ഒറ്റപ്പെട്ട തലവന്‍

കിം ജോംഗ്-ഇല്ലിന്റെയും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായിരുന്ന കോ യംഗ്-ഹ്യൂയിയുടെയും ഏറ്റവും ഇളയമകന്‍

ഒറ്റപ്പെട്ട ഒരു രാജ്യത്തിന്റെ ഒറ്റപ്പെട്ട തലവനാണ് അദ്ദേഹം. പക്ഷെ, രാഷ്ട്രീയമോ സൈനീകമോ ആയ അനുഭവപരിചയങ്ങള്‍ ഒന്നുമില്ലാതെ ഉത്തര കൊറിയയുടെ പരമോന്നത നേതൃത്വം എന്ന ഭാരിച്ച ചുമതല ഏറ്റെടുത്ത കിം ജോംഗ്-ഉന്‍ ഇപ്പോള്‍ യുസ്എയോടെ യുദ്ധഭാഷയില്‍ തന്നെ സംസാരിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങളുടെ നട്ടെല്ലിനെ തന്നെ മരവിപ്പിക്കുകയാണ്.

ഉത്തര കൊറിയയുടെ ‘പ്രിയപ്പെട്ട നേതാവ്’ ആയിരുന്ന കിം ജോംഗ്-ഇല്‍ 2011 ഡിസംബര്‍ 17ന് അന്തരിക്കുന്നത് വരെ കിം ജോംഗ്-ഉന്നിനെ തന്റെ അനന്തരാവകാശിയായി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. പിതാവ് മരിച്ച ഉടന്‍ തന്നെ കിംഗ് ‘മഹാനായ അന്തരാവകാശി’ ആയി വാഴിക്കപ്പെട്ടു. പിതാവ് മരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും സൈന്യത്തിന്റെയും നേതാവായി അദ്ദേഹം നിയമിക്കപ്പെട്ടു.

ഭൂഗര്‍ഭ ഹൈട്രജന്‍ ബോംബ് പരീക്ഷണം എന്ന് ഭരണകൂടം അവകാശപ്പെട്ടതിന് നേതൃത്വം നല്‍കിക്കൊണ്ട്  2016 ജനുവരിയില്‍ കിം വീണ്ടും തലക്കെട്ടുകള്‍ പിടിച്ചടക്കി. അദ്ദേഹം അധികാരത്തിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ ആണവായുധ പരീക്ഷണമായിരുന്നു അത്.

തന്റെ അമ്മാവനായ ചാംഗ് സോംഗ്-തേക്കിനെ ഒഴിവാക്കാനും വധിക്കാനും നടത്തിയ ശ്രമമായിരുന്നു അതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയ നീക്കം. ഒരു അട്ടിമറിക്ക് ശ്രമിക്കുകയായിരുന്നു തേക് എന്നാണ് ഔദ്യോഗിക മാധ്യമം 2013 ഡിസംബറില്‍ നല്‍കിയ വിശദീകരണം.


‘മോണിംഗ് സ്റ്റാര്‍ കിംഗ്’

കിം ജോംഗ്-ഇല്ലിന്റെയും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായിരുന്ന കോ യംഗ്-ഹ്യൂയിയുടെയും ഏറ്റവും ഇളയമകനായ ഈ ഒറ്റപ്പെട്ട ചെറുപ്പക്കാരനെ കുറിച്ച് വളരെ കുറച്ച് മാത്രമേ പുറത്തറിഞ്ഞിരുന്നുള്ളു. വെറും 11 വയസുകാരനായ ഒരു കുട്ടിയുടെ ചിത്രമാണ് കിം ജോംഗ്-ഉന്നിന്റെ പടങ്ങള്‍ നല്‍കുന്നത്. 1983ല്‍ അല്ലെങ്കില്‍ 1984 ആദ്യം ജനിച്ചിട്ടുണ്ടാകാവുന്ന ഉന്‍, തന്റെ പിതാവിന്റെ ദീപശിഖ ഏറ്റെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ കിം ജോംഗ്-ചോലിലും അര്‍ത്ഥ സഹോദരന്‍ കിം ജോംഗ്-നാമിലുമായിരുന്നു നിരീക്ഷകരുടെ ശ്രദ്ധ.

എന്നാല്‍ 2001 മേയില്‍ കിം ജോംഗ്-നാമിനെ ജപ്പാന്‍ പുറത്താക്കിയതും കിം ജോംഗ്-ചോലിന്റെ പ്രത്യക്ഷത്തിലുള്ള ‘ആണത്തമില്ലായ്മയും’ അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. നിരവധി ഉന്നതമായ രാഷ്ട്രീയ പദവികള്‍ ലഭിച്ചു തുടങ്ങിയതോടെ ഇദ്ദേഹമാണ് വരാന്‍ പോകുന്ന ആള്‍ എന്ന് നിരീക്ഷകര്‍ വിലയിരുത്താന്‍ തുടങ്ങി.

തന്റെ സഹോദരന്മാരെ പോലെ സ്വിറ്റ്‌സര്‍ലന്റില്‍ വിദ്യാഭ്യാസം നേടിയ കിം ജോംഗ്-ഉന്‍ പാശ്ചാത്യ സ്വാധീനം ഒഴിവാക്കുന്നതില്‍ ശ്രദ്ധിച്ചു. ക്ലാസുകള്‍ ഇല്ലാത്തപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയും ഉത്തര കൊറിയന്‍ സ്ഥാനപതിയോടൊപ്പം ഭക്ഷണം കഴിക്കുകയും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ വിനോദം. പോംഗ്യാങിലേക്ക് മടങ്ങിയെത്തിയ ശേഷം കിം ഇല്‍-സംഗ് സൈനീക സ്‌കൂളില്‍ അദ്ദേഹം വിദ്യാഭ്യാസം നേടി എന്നാണ് പറയപ്പെടുന്നത്.

കിംഗ് ജോംഗ്-ഇല്ലിന്റെ പ്രിയപ്പെട്ട ഭാര്യ എന്നറിയപ്പെടുന്ന ഉന്നിന്റെ അമ്മ, മകനെ കൃത്യമായി ശ്രദ്ധിക്കുകയും ‘മോണിംഗ് സ്റ്റാര്‍ കിംഗ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കെഞ്ചി ഫുജിമോട്ടോ എന്ന അപരനാമത്തില്‍ ഒരു ജപ്പാന്‍കാരന്‍ 2003-ല്‍ എഴുതിയ ‘ഐ വാസ് കിം ജോംഗ്-ഇല്‍സ്് ഷെഫ്’ എന്ന പുസ്തകത്തില്‍ കിം ജോംഗ്-ഉന്‍ പിതാവിന്റെയും പ്രിയപ്പെട്ടവനായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

2010 ഓഗസ്റ്റില്‍ കിം ജോംഗ്-ഇല്‍ ചൈന സന്ദര്‍ശിച്ചു. ആ യാത്രയില്‍ തന്റെ പിതാവിനോടൊപ്പം കിം ജോംഗ്-ഉന്നും ഉണ്ടായിരുന്നു എന്ന് ഒരു തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഒരു തെക്കന്‍ കൊറിയന്‍ ടിവി ചാനല്‍ അവകാശപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ സ്ഥാപകന്‍ കിം ഇല്‍-സംഗിന്റെ ഛായ ഉള്ളതിനാലാണ് ഉന്നിനെ അന്തരാവകാശിയാക്കിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. കിം കുടുംബം അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി മാറുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം കിം ഇല്‍-സംഗുമായുള്ള സാമ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഉന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന് വരെ ചില ഉത്തര കൊറിയന്‍ നിരീക്ഷകര്‍ സംശയിക്കുന്നു.

2012 ഏപ്രില്‍ 15-ന് കിം ഉല്‍-സംഗിന്റെ 100-ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കിമ്മിന്റെ ആദ്യത്തെ പൊതു അഭിസംബോധന നടക്കുന്നത്. ‘സൈന്യം ആദ്യം’ എന്ന സിദ്ധാന്തത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം തന്റെ രാജ്യം ഭീഷണി നേരിടുന്ന കാലഘട്ടം ‘എന്നെന്നെക്കുമായി’ അവസാനിച്ചു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

‘സൈനീക സാങ്കേതികവിദ്യ സാമ്രാജ്യവാദികളുടെ കുത്തകയായിരുന്ന കാലം അവസാനിച്ചിരിക്കുന്നു,’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ജനകീയ സായുധ സേനകളെ ശാക്തീകരിക്കാന്‍ നാം എല്ലാ ശ്രമങ്ങളും നടത്തുകയും വേണം,’ എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കിമ്മിന്റെ ഭാര്യ

അപരിചിതയായ ഒരു സ്ത്രീ അദ്ദേഹത്തോടൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത് വരെ കിമ്മിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. ‘സഖാവ് റി സോല്‍-ജുവിനെ’ കിം വിവാഹം കഴിച്ചതായി 2012 ജൂലൈയില്‍ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തി.

റിയെ കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും അവരുടെ പറ്റെ വെട്ടിയ മുടിയും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണവും വെച്ച് അവര്‍ ഒരു ഉന്നത കുലജാതയാണെന്നാണ് ഉത്തര കൊറിയന്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. തന്റെ മുന്‍ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര പരുക്കനല്ലാത്ത പ്രതിച്ഛായ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന കിമ്മിന് യോജിച്ച സഹയാത്രികയാണ് ഇവരെന്നും അനുമാനിക്കപ്പെടുന്നു.

ഇവര്‍ തങ്ങളിലുള്ള വിവാഹത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല. റി ഒരു ഗായികയാണെന്നും ഒരു പരിപാടിയിലെ അവരുടെ പ്രകടനമാണ് കിമ്മിനെ വശീകരിച്ചതെന്നും മിക്ക റിപ്പോര്‍ട്ടുകളും പറയുന്നു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് പുറമെ ചില പാര്‍ക്കുകളിലെ സന്ദര്‍ശനവും ഡിസ്‌നി കഥാപാത്രങ്ങളുടെ വേഷത്തില്‍ നടന്ന ഒരു സംഗീത പരിപാടിയുമാണ് ഇവരുവരും പങ്കെടുത്ത പൊതുചടങ്ങുകള്‍. 2013-ലും 2014-ലും കിമ്മിനെ സന്ദര്‍ശിച്ച അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ പറയുന്നത് കിമ്മിന് ഒരു മകള്‍ ഉണ്ടെന്നാണ്.

അന്താരാഷ്ട്ര പ്രതികരണങ്ങള്‍

കരസേന മേധാവിയായിരുന്ന റി യോംഗ്-ഹോ നീക്കം ചെയ്യപ്പെട്ട ഒരു ഉന്നതതല സൈനീക അഴിച്ചുപണിയിലൂടെ 2012-ല്‍ മാര്‍ഷലായി അവരോധിതനായി. അതിന് ശേഷം ഉത്തര കൊറിയ എടുത്ത ചില തീരുമാനങ്ങള്‍ അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി. കിം നേതൃത്വം ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ക്ക് ശേഷം 2012 ഏപ്രിലില്‍, ഒരു ഉപഗ്രഹത്തെ ഭ്രമണപദത്തില്‍ എത്തിക്കുമെന്ന് അവര്‍ അവകാശപ്പെടുന്ന ഒരു റോക്കറ്റ്് ഉത്തര കൊറിയ വിക്ഷേപിച്ചു. വിലക്കപ്പെട്ടിരുന്ന ദീര്‍ഘദൂര മിസൈല്‍ സാങ്കേതികവിദ്യയുടെ പരീക്ഷണമായിരുന്നു പരാജയപ്പെട്ട ഈ വിക്ഷേപണം എന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.

ഇതേ തുടര്‍ന്ന് 2012 ഡിസംബറില്‍ മൂന്ന് ഘട്ടങ്ങള്‍ ഉള്ള ഒരു റോക്കറ്റ് ഉപയോഗിച്ച് ഒരു ഉപഗ്രഹത്തെ അവര്‍ വിജയകരമായി ഭ്രമണപദത്തിലെത്തിച്ചു. എന്നാല്‍ ഇതൊരു ഗൂഢ മിസൈല്‍ പരീക്ഷണമാണെന്ന് തെക്കന്‍ കൊറിയയും ജപ്പാനും അമേരിക്കയും ആരോപിക്കുകയും വിക്ഷേപണത്തെ വിമര്‍ശിക്കുകയും ഉപരോധങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഒരു പ്രമേയം ഐക്യരാഷ്ട്രസഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു.

2013 ഫെബ്രുവരിയില്‍ ഉത്തര കൊറിയ മൂന്നാമത്തെ ആണവ പരീക്ഷണം നടത്തി. 2009-ല്‍ നടത്തിയ പരീക്ഷണത്തെക്കാള്‍ ഇരട്ടി ശക്തിയുള്ള ഒന്നാണ് ഇതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതോടെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സുരക്ഷ കൗണ്‍സില്‍ നിര്‍ബന്ധിതമായി.

തുടര്‍ന്ന് പ്രദേശത്തെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ഇരു കൊറിയയും തമ്മിലുള്ള സഹകരണത്തിന്റെ അവസാന പ്രതീകവും തെക്കന്‍ കൊറിയയുമായി സംയുക്തമായി നടത്തിക്കൊണ്ട് പോവുകയും ചെയ്യുകയുമായിരുന്ന കെസോംഗ് വ്യവസായ മേഖലയില്‍ നിന്നും തങ്ങളുടെ തൊഴിലാളികളെ 2013 ഏപ്രിലില്‍ ഉത്തര കൊറിയ പിന്‍വലിക്കുകയും ചെയ്തു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം തൊട്ടടുത്ത സെപ്റ്റംബറില്‍ വ്യവസായമേഖല വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

തങ്ങള്‍ ഭൂഗര്‍ഭ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു അവകാശവാദം 2016 ജനുവരിയില്‍ ഉത്തര കൊറിയ നടത്തി. ഇത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി. അധികം സഖ്യകക്ഷികളില്ലാത്ത ഈ രാജ്യത്തിന് പുറം ലോകം അറിയുന്നതിനേക്കാല്‍ കൂടുതല്‍ ആധുനികമായ ആണവ ആയുധങ്ങളുണ്ടെന്ന ഭീതി വ്യാപകമാവുകയും ചെയ്തു.

അദ്ദേഹത്തിന്റെ അമ്മാവനെ 2013-ല്‍ പുറത്താക്കിയത് അന്താരാഷ്ട്ര ആശങ്കയ്ക്ക് കാരണമായിരുന്നു. രാജ്യത്തിന്റെ അധികാരത്തിന്റെ ഹൃദയത്തിലിരുന്ന അദ്ദേഹം ദേശീയ പ്രതിരോധ കമ്മീഷന്‍ ഉപാദ്ധ്യക്ഷനും കിമ്മിന്റെ ഭരണകൂടത്തിലെ പ്രധാന വ്യക്തി എന്ന് അറിയപ്പെട്ടിരുന്ന ആളുമാണ്. 2014 ജനുവരി ഒന്നിന് അമ്മാവന്റെ വധത്തെ കുറിച്ച് നടത്തിയ ആദ്യത്തെ പൊതു പരാമര്‍ശത്തില്‍ ‘വിഭാഗീയ മാലിന്യങ്ങളുടെ ഉന്മൂലനം’ എന്നാണ് കിം സംഭവത്തെ വിശേഷിപ്പിച്ചത്.