X

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: അജ്ഞാതർ എഴുതി നൽകിയ വിധിന്യായത്തിൽ ഒപ്പിടാൻ ലോയയ്ക്കു മേൽ സമ്മർദ്ദമുണ്ടായെന്ന് അഭിഭാഷകൻ

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പറയേണ്ട വിധിന്യായം മറ്റാരോ എഴുതിക്കൊടുത്ത് ബിഎച്ച് ലോയയെക്കൊണ്ട് ഒപ്പിടുവിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് അഭിഭാഷകനായ സതീഷ് ഉകെ. ഈ വിധിന്യായത്തിന്റെ ഡ്രാഫ്റ്റ് തന്റെ പക്കലുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ബോംബെ ഹോക്കോടതിയിൽ ഉകെ ഒരു സത്യവാങ്മൂലം സമർപ്പിച്ചു.

ഈ വിഷയത്തിൽ അന്വേഷണ ഏജൻസികൾ ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തയ്യാറാവുകയാണെങ്കിൽ തന്റെ പക്കലുള്ള വിധിന്യായം കൈമാറാന്‍ തയ്യാറാണെന്നും സതീഷ് ഉകെ പറയുന്നു. താൻ ജീവിച്ചിരിക്കുകയാണെങ്കിൽ മാത്രമേ ഇത് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അജ്ഞാതരായ ചിലരാണ് ലോയയെക്കൊണ്ട് അവരെഴുതിയ വിധിന്യായത്തിൽ ഒപ്പിടീക്കാൻ സമ്മർദ്ദം ചെലുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ലോയയ്ക്ക് തന്റെ ജീവനിൽ ഭയമുണ്ടായിരുന്നെന്നും സതീഷ് ഉകെ കോടതിയെ അറിയിച്ചു.

ജസ്റ്റിസ് ലോയയുടെ മരണം റേഡിയോ ആക്ടീവ് ഐസോടോപ് പോയിസണിങ് മൂലമാണെന്ന് വെളിപ്പെടുത്തി രംഗത്തു വന്ന അഭിഭാഷകനാണ് സതീഷ് ഉകെ. ദുരൂഹ സാഹചര്യത്തിൽ അന്തരിച്ച അഭിഭാഷകരായ ശ്രീകാന്ത് ഖണ്ടാൽക്കറും പ്രകാശ് തോംബ്രെയുമാണ് ലോയയുടെ മരണത്തിന് പിന്നിലെ ഈ രഹസ്യം തന്നെ അറിയിച്ചതെന്ന് 209 പേജുള്ള ക്രിമിനൽ ഹരജിയിൽ സതീഷ് ഉകെ പറഞ്ഞിരുന്നു. ഇതിനു വേണ്ടി ബിജെപി അധ്യക്ഷൻ അമിത് ഷാ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ രത്തൻ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം പറയുകയുണ്ടായി.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖ് വധക്കേസ് പരിഗണിക്കുന്ന സന്ദർഭത്തിലായിരുന്നു ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹ മരണം.