X

വിദഗ്ധത്തൊഴിലാളികള്‍ക്ക് കനകാവസരം: അയര്‍ലന്റ് നിങ്ങളെ സ്വാഗതം ചെയ്യുന്നു

യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ളവരുടെ കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാന്‍ യുകെയും മറ്റ് രാജ്യങ്ങളും ശ്രമിക്കെ പ്രവാസി വിദഗ്ധരെ സര്‍വാത്മനാ സ്വാഗതം ചെയ്തു കൊണ്ട് അയര്‍ലന്റ്. അയര്‍ലന്റ് വര്‍ക്ക് പെര്‍മിറ്റുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ നിയമം ഈ മാസം ഒന്നിന് നിലവില്‍ വന്നു. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ളവര്‍ക്ക് വര്‍ക്ക് വിസകള്‍ ലഭിക്കാന്‍ ഇനി എളുപ്പമായിരിക്കും.

നിരവധി പുതിയ തൊഴിലുകള്‍ വിദേശികള്‍ക്കായി തുറന്നിട്ടിട്ടുണ്ട്. ഐടി എഞ്ചിനീയര്‍മാര്‍, സിറോപ്രാക്ടേഴ്‌സ്, കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിനുള്ള മൊബിലിറ്റി ഇന്‍സ്ട്രക്ടര്‍മാര്‍, മീറ്റ് ബോണേഴ്‌സ് തുടങ്ങിയ മേഖലകളില്‍ ഇനി വിദേശികളെ ജോലി ചെയ്യാന്‍ അനുവദിക്കും. ഉന്നത വൈദഗ്ധ്യം ആവശ്യമുള്ള റേഡിയേഷന്‍ തെറാപ്പിസ്റ്റ്, ഓര്‍ത്തോഡോണ്ടിസ്റ്റ്, പ്രോസ്‌തെറ്റിസ്റ്റിസ് എന്നീ തസ്തികകളിലും അയര്‍ലന്റ് യൂറോപ്പിന് പുറത്തുനിന്നുള്ള വിദേശികളെ സ്വാഗതം ചെയ്യുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജോബ്, എന്റര്‍പ്രൈസസ് ആന്റ് ഇന്നൊവേഷന്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വിദഗ്ധ തൊഴിലാകളുടെ അഭാവം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വാദം നിലനില്‍ക്കുന്ന സ്ഥിതിക്ക്. നിര്‍മ്മാണം, എഞ്ചിനീയറിംഗ്, ഐടി തുടങ്ങിയ മേഖലകളെല്ലാം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം മൂലം വീര്‍പ്പുമുട്ടുകയാണ്.
സാമ്പത്തികമാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ വിദഗ്ധ തൊഴിലാളികള്‍ രാജ്യം വിട്ടത് അയര്‍ലന്റിന്റെ സമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

അയല്‍രാജ്യമായ യുകെയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുകയും ടയര്‍ 2 വിസകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ മലയാളി പ്രവാസികള്‍ക്ക് ഇതൊരു കനകാവസരമായിരിക്കും. അയര്‍ലന്റില്‍ പെര്‍മനന്റ് റസിഡന്‍സും പൗരത്വം ലഭിക്കാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ എളുപ്പമാണെന്നതാണ് മറ്റൊരു ആകര്‍ഷണം. ഒരു അയര്‍ലന്റ് പൗരനായിക്കഴിഞ്ഞാല്‍ പിന്നീട് യൂറോപ്യന്‍ യൂണിയനില്‍ എവിടെയും സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാന്‍ സാധിക്കും എന്നതുകൊണ്ട് തന്നെ മലയാളികള്‍ക്ക് വലിയൊരു അവസരമാകും ഇപ്പോള്‍ തുറന്നുകിട്ടുന്നത്.

This post was last modified on December 27, 2016 3:21 pm