X

ജിഷ കൊലക്കേസ്; പ്രതിയുടെ വിവരങ്ങള്‍ മറച്ചുവെച്ചവർക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വിവരങ്ങള്‍ മറച്ചുവെച്ചവർക്കെതിരെ കേസ്സെടുക്കാന്‍ സാധ്യത.  ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനും ലോഡ്ജ് ഉടമയ്ക്കും എതിരെയാകും ആദ്യ നടപടികള്‍ എന്ന് സൂചനയുണ്ട്. അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും അമീറുൽ ഇസ്ലാം സ്ഥലം വിട്ടതിനെക്കുറിച്ച് കരാറുകരാനോ ലോഡ്ജുടമയോ വിവരങ്ങള്‍ ഒന്നും കൈമാറുകയുണ്ടായില്ല.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പെരുമ്പാവൂരിൽ നിന്ന് കൊലപാതകത്തിന് ശേഷം കാണാതായ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് കരാറുകാർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. കരാറുകാരുടെ വിവര ശേഖരണ യോഗത്തിലും ഇയാളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ല.തെരഞ്ഞെടുപ്പ് സമയമായതിനാൽ അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും തിരിച്ചെത്താത്തവരെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് പൊലീസ് വീണ്ടും അറിയിപ്പ് നൽകിയിരുന്നു. 

അതേസമയം, അമീറുൽ ഇസ്ലാമിന്‍റെ സുഹൃത്തിനുവേണ്ടിയുള്ള തെരച്ചിൽ അന്വേഷണ സംഘം ശക്തമാക്കി. കൊലപാതകത്തിന് മുൻപ് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതായി തെളിവുകളുണ്ട്. ജിഷയുടെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്നുള്ളതും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

This post was last modified on December 27, 2016 4:11 pm