X

വീണ്ടും കല്ലട: ഭക്ഷണത്തിന് നിര്‍ത്തിയപ്പോള്‍ കയറ്റാതെ പോയി, യാത്രക്കാരി അഞ്ച് മിനുട്ട് പിന്നാലെ ഓടി; ചോദിച്ചപ്പോള്‍ മോശം പെരുമാറ്റം

യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും കല്ലടയോടാണ് നിങ്ങള്‍ സംസാരിക്കുന്നത് ന്നെും ഡ്രൈവര്‍ പറഞ്ഞു.

യാത്രക്കാരെ മര്‍ദ്ദിച്ചതടക്കം മോശം പെരുമാറ്റങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ സുരേഷ് കല്ലട ബസ് സര്‍വീസിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരത്ത് നിന്ന് നിന്ന് ബംഗളൂരുവിലേയ്ക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായ 23കാരിയായ സ്റ്റെല്ല എന്ന എച്ച് ആര്‍ പ്രൊഫഷണലാണ് പരാതിയുമായി രംഗത്ത്. രാത്രി ഹൈവേയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ യുവതിയെ കയറ്റാതെ പോവുകയായിരുന്നു കല്ലടയുടെ ബസ്. അഞ്ച് മിനുട്ടോളം ബസിന് പിന്നാലെ യുവതിക്ക് ഓടേണ്ടി വന്നു. ദ ന്യൂസ് മിനുട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് 6.45നാണ് സ്റ്റെല്ല കഴക്കൂട്ടത്ത് നിന്ന് ബസില്‍ കയറിയത്. രാത്രി 10.30ന് തിരുനെല്‍വേലിയില്‍ ഭക്ഷണത്തിനായി നിര്‍ത്തി. 10-15 മിനുട്ടിനുള്ളില്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോളേക്കും യാതൊരു മുന്നറിയിപ്പുമില്ലാതെ ബസ് എടുത്തതായി സ്റ്റെല്ല ന്യൂസ് മിനുട്ടിനോട് പറഞ്ഞു. അവിടെ ഉണ്ടായിരുന്നവരെല്ലാം ബസുകാരെ ഉറക്കെ വിളിച്ചിരുന്നു. ഒരു കാര്‍ ബസിനെ പിന്തുടര്‍ന്ന് അവരെ തടഞ്ഞു. എന്നാല്‍ അപ്പോളും ബസ് തിരിച്ചുവന്നില്ല. എനിക്ക് ഓടിയെത്തേണ്ടി വന്നു. ബസിലെത്തിയപ്പോള്‍ അവര്‍ ക്ഷമ ചോദിക്കാന്‍ പോലും തയ്യാറായില്ല. ഡ്രൈവര്‍ മോശമായി പെരുമാറുകയാണുണ്ടായത്. പിന്നീട് സ്റ്റെല്ലയുടെ സുഹൃത്ത് ഡ്രൈവറെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ മോശമായാണ് സംസാരിച്ചത്. യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും കല്ലടയോടാണ് നിങ്ങള്‍ സംസാരിക്കുന്നത് ന്നെും ഡ്രൈവര്‍ പറഞ്ഞു.

ALSO READ: വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല, മുസ്ലീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ല; അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന്‍

ഏപ്രിലില്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് പോവുകയായിരുന്ന രണ്ട് പുരുഷ യാത്രക്കാരെ കല്ലട ബസുകാര്‍ മര്‍ദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബംഗളൂരുവിലേയ്ക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏഴ് കല്ലട സ്റ്റാഫുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് പുറപ്പടാന്‍ വൈകുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഗുണ്ടകളുടെ മര്‍ദ്ദനം.

This post was last modified on June 3, 2019 9:59 pm