X

അപകടകാരണം അമിതവേഗമെന്ന് സാങ്കേതിക പരിശോധനാഫലം; സ്വര്‍ണക്കടത്തില്‍ ബാലഭാസ്കറിന്റെ പണമില്ലെന്ന് വിഷ്ണു

റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം അമിതവേഗമാണെന്ന് സാങ്കേതിക പരിശോധനാ ഫലം. മോട്ടോര്‍വാഹനവകുപ്പും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനീയര്‍മാരും ചേര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടസമയത്ത് കാറിന്റെ വേഗത മണിക്കൂറില്‍ 100, 120 ആയിരുന്നെന്നാണ് കണ്ടെത്തല്‍.

റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തില്‍ ആസൂത്രിതമായ ഇടപെടലുകള്‍ ഉണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകടം നടന്ന സമയത്ത് ആരാണ് കാറോടിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ ഫോറന്‍സിക് ഫലം കൂടി വരാനുണ്ട്. 2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ അപകടത്തില്‍ പെട്ടാമ് ബാലഭാസ്കറും കുഞ്ഞും മരിച്ചത്. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അതെസമയം സ്വര്‍ണക്കടത്തിന് ബാലഭാസ്കറിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും കേസില്‍ പ്രതിയുമായ വിഷ്ണു പൊലീസിന് മൊഴി നല്‍കി. ബാലഭാസ്കറിന്റെ പണമാണ് ഫിനാന്‍സ് മാനേജരായിരുന്ന വിഷ്ണു കൈവശപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബിസിനസ് തുടങ്ങാന്‍ സഹായിച്ചിരുന്നെങ്കിലും ഈ പണം താന്‍ തിരിച്ചു നല്‍കിയെന്ന് വിഷ്മു പറഞ്ഞു.

ബാലഭാസ്കറിന്റെ മരണശേഷമാണ് സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് വിഷ്ണു മൊഴിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.