X

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചാല്‍ നടപടിയെടുക്കുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്നും പ്രചരണത്തിന് ഉപയോഗിച്ചാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

ലോക് സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രചരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ നടപടിയെടുക്കുമെന്നുള്ള മുന്നറിയിപ്പുമായി കേരള ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണ്. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്നും പ്രചരണത്തിന് ഉപയോഗിച്ചാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.

സുപ്രിംകോടതി വിധിക്കെതിരെ സംസാരിക്കാന്‍ പാടില്ലെന്നും ഇതുമായി സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നാലെ നല്‍കുമെന്നും ടിക്കാംറാം മീണ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കെതിരെയുള്ള കേസുകളുടെ വിവരം പത്രത്തില്‍ പ്രസിദ്ധീകരിക്കണം. മൂന്ന് തവണ പ്രധാന പത്രങ്ങളില്‍ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജനുവരി 30 ഓട് കൂടി അന്തിമ വോട്ടര്‍ പട്ടിക തയാറായി. 2,54, 87, 0,11 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്.

ഇതില്‍ 1,22, 97, 403 പുരുഷന്മാരും, 1,31,11,189 സ്ത്രീകളും, 119 ട്രാന്‍സ്ജെന്‍ഡഴ്സുമാണുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണുള്ളത് (30,47,923 പേര്‍). ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം വയനാട്ടിലാണ് (5,81, 245 പേര്‍). 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുണ്ടാകുക.

എല്ലായിടത്തും വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടര്‍മാര്‍ക്ക് ഇനിയും പേരു ചേര്‍ക്കാനുള്ള അവസരമുണ്ട്. നോമിനേഷന്‍ പിന്‍വലിക്കുന്ന അന്നുവരെ പേരു ചേര്‍ക്കാന്‍ സാധിക്കും. ഇതിനായി 2 ലക്ഷം അപേക്ഷകള്‍ പരിഗണനയിലുണ്ട്.

This post was last modified on March 11, 2019 2:21 pm