X

ശബരിമല: മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡിന് നഷ്ടം 100 കോടിയോളം രൂപ; കണക്കുകളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

180.18 കോടി രൂപയാണ് ഈ സീസണിലെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം 279.43 കോടിയായിരുന്നു ഇത്.

ശബരിമല മണ്ഡലകാലത്ത് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടം 100 കോടിയോളം രൂപയെന്ന് കണക്കുകളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ മണ്ഡലകാലെത്തെ അപേക്ഷിച്ച് 99.25 കോടി രൂപ കുറഞ്ഞുവെന്നാണ് നിയമസഭയില്‍് അവതരിപ്പിച്ച കണക്കില്‍ പറയുന്നത്. ഇത് ബോര്‍ഡിന്റെ സ്വയംപര്യാപ്തത നേടാത്ത ക്ഷേത്രങ്ങളെയും ശമ്പളം പെന്‍ഷന്‍ തുടങ്ങിയവയുടെ വിതരണത്തെയും സാരമായി ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

180.18 കോടി രൂപയാണ് ഈ സീസണിലെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം 279.43 കോടിയായിരുന്നു ഇത്. ബാങ്കുകള്‍ തമ്മിലുള്ള പണിമിടപാട് രീതിയായ ആര്‍ടിജിഎസ് വഴി കഴിഞ്ഞ വര്‍ഷം 16.15 കോടി ലഭിച്ചപ്പോള്‍ ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ല. കാണിക്ക ഇനത്തില്‍ മാത്രം 25.42 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. അപ്പം വില്‍പനയില്‍ 10.93 കോടിയും അരവണ വില്‍പനയില്‍ 37.06 കോടിയും കുറഞ്ഞു.

ശബരിമല വരുമാനം സംബന്ധിച്ച് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച പട്ടിക ഇങ്ങനെ

അതേസമയം യുവതീ പ്രവേശനത്തിന് പിറകെ ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തിയത് വിവാദമായതോടെ ദേവസ്വം ബോര്‍ഡ് തേടിയ വിശദീകരണത്തിന് തന്ത്രി കണ്ഠര് രാജീവര് മറുപടി നല്‍കി. ആചാരപരമായി താന്‍ ചെയ്തത് ശരിയായ നടപടിയാണ്. ശുദ്ധിക്രിയയ്ക്കു മുന്‍പ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കിയ തന്ത്രി ദേവസ്വം കമ്മിഷണറുടെ നോട്ടിസിലെ ആരോപണങ്ങള്‍ക്കു അടിസ്ഥാനമില്ല. സുപ്രീം കോടതി വിധിക്കു നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ല. മകരവിളക്കിനു നട തുറക്കുമ്പോള്‍ ശുദ്ധിക്രിയ നടത്താന്‍ നേരത്തേ നിശ്ചയിച്ചിരുന്നതാണെന്നും ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തില്‍ തന്ത്രി പറയുന്നു.

യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിറകെ തന്നെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ച് ആചാരപരമായ കാര്യങ്ങള്‍ നടത്തണമെന്നറിയിച്ചിരുന്നതായി എക്‌സിക്യൂട്ടീവ് ഓഫിസര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ അറിവോടെയാണ് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതെന്ന് വ്യക്തമാക്കുന്ന കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. പുണ്യാഹവും ബിംബശുദ്ധിയും നടത്താന്‍ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂര്‍ത്തിയാക്കുമെന്നും തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു.

This post was last modified on February 5, 2019 8:38 am