X

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ത്രീയെ പരസ്യമായി പീഡിപ്പിക്കുന്ന ടാബ്ലോ

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദത്തിന്റെ സ്ത്രീ വിരുദ്ധ ടാബ്ലോയിഡ് എതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. കണ്ണൂര്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദ പ്രകടനത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന ആഭാസ പ്രവര്‍ത്തനം നടന്നത്. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എസ്ഡിപിഐയുടെ വനിതാ പ്രതിനിധിയെ ഒരു സംഘം പീഡിപ്പിക്കുന്നതായി കാണിക്കുന്ന സാങ്കല്‍പ്പിക ദൃശ്യം ഒരുക്കിയിരുന്നു. പര്‍ദ്ദ ധരിച്ച സ്ത്രീരൂപത്തിനെ പരാജയപ്പെട്ട സ്ഥനാര്‍ത്ഥിയുടെ പേര് നല്‍കി പരസ്യമായി സംഘം ചേര്‍ന്ന് പീഡിപ്പിക്കുന്നതാണ് ദൃശ്യം. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം മാട്ടൂലിലെ ലീഗ് ഓഫീസിന് മുന്നിലാണ് ഈ കൃത്യം നടന്നത്.

തെരുവില്‍ ജനക്കൂട്ടത്തിന് മുന്നില്‍ നേതാക്കള്‍ നോക്കി നില്‍ക്കേ ലീഗ് പ്രവര്‍ത്തകരായ ചെറുപ്പക്കാരുടെ സംഘമാണ് പ്രതിഷേധം ക്ഷണിച്ചു വരുത്തിയ ടാബ്ലോ ഒരുക്കിയതും അവതരിപ്പിച്ചതും. സ്ത്രീയെ പീഡിപ്പിച്ച് ആര്‍ത്തുല്ലസിക്കുന്ന യുവ സംഘത്തിന്റെ പ്രകടനമാണ് ടാബ്ലോ. കൂടാതെ ഈ ദൃശ്യം ചിത്രീകരിച്ച് വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നവമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയാണ് ഇപ്പോള്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. വിവിധ പാര്‍ട്ടികളുടെ വനിതാ നേതാക്കള്‍ ഇതിനെ അപലപിച്ചു. കുറ്റക്കാര്‍ക്ക് എതിരെ അടിയന്തര നടപടി വേണമെന്ന് ടിഎന്‍ സീമ, ഷാഹിദ കമാല്‍, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ കെസി റോസക്കുട്ടിയും അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം അതിര് കടക്കുന്നുവെന്ന ചില മുസ്ലിം സംഘടനകളുടെ പരാതി കൂടി ചേര്‍ത്ത് സ്ത്രീ വിരുദ്ധ ടാബ്ലോയെ വിലയിരുത്തിയിട്ടുണ്ട്. പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന വനിതകളുടെ അനുഭവം ഇതാകുമെന്നാണ് ഇത്തരം ചെയ്തികളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

This post was last modified on December 27, 2016 3:23 pm