X

50 ലക്ഷം പേരെ കൊന്നൊടുക്കാന്‍ കഴിയുന്ന ‘ഫെന്റനില്‍’ നിര്‍മാണശാല മധ്യപ്രദേശില്‍; പിടിച്ചെടുത്തത് 110 കോടിയുടെ 9 കിലോ രാസവസ്തു

ഹെറോയിന്‍ മോര്‍ഫിന്‍ എന്നിവയേക്കാള്‍ നൂറിരട്ടിയിലധികം ശക്തിയേറിയ ഫെന്റനില്‍ കണികകള്‍ നേരിട്ട് ശ്വസിക്കുന്നതുപോലും ജിവന് ഭീഷണിയാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

രാസായുധ പ്രയോഗത്തിലൂടെ ജനലക്ഷങ്ങളെ കൊന്നൊടുക്കാന്‍ കഴിവുള്ള ഫെന്റനില്‍ നിര്‍മാണശാല ഇന്ത്യയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ലബോറട്ടറി കണ്ടെത്തിയത്. ഇവിടെ നിന്നും 9 കിലോഗ്രാമോളം ഫെന്റനിലാണ് പിടിച്ചെടുത്തത്. അന്‍പത് ലക്ഷത്തോളം പേരെ
കൊന്നൊടുക്കാന്‍ കഴിയുന്നതാണ് കണ്ടെടുത്ത രാസവസ്തു. ഏകദേശം 110 കോടി വില മതിക്കുന്നതാണ് രാസവസ്തു. സംഭവത്തില്‍ ഒരു മെക്‌സിക്കന്‍ സ്വദേശി ജോര്‍ജ്ജ് സോലിസ് പ്രദേശവസികളായ മുനുഗുപ്ത, മുഹമ്മദ് സാദിഖ് എന്നിവര്‍ പിടിയിലായി. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം മാരക മയക്കുമരുന്ന് പിടിയിലാവുന്നത്. നാട്ടുകാരായ വ്യവസായിയുടെയും രസതന്ത്രത്തില്‍ ഗവേഷണം ചെയ്യുന്ന വ്യക്തിയും ചേര്‍ന്നായിരുന്നു ലബോറട്ടറി നടത്തിയതെന്ന് ഡിആര്‍ഐ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു പരിശോധന.

എന്നാല്‍ വന്‍ തോതില്‍ ജനങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന മാരക രാസസാന്നിധ്യം കണ്ടെത്തിയത് ഗൗരവകരമായി കണക്കാക്കുമ്പോഴും സംഭവത്തില്‍ ഇതുവരെ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ് (ഡിആര്‍ഡിഇ) ശാസ്ത്രജ്ഞര്‍ പോലീസ് എന്നിവരും ഡിആര്‍ഐക്കൊപ്പം പരശോധനയില്‍ പങ്കെടുത്തു. കേസിന്റെ അന്വഷണത്തിലും സംസ്ഥാന പോലീസ് പങ്കാളികളാണെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഫെന്റനില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന എന്‍പിപി എന്ന രാസവസ്തു എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഹെറോയിന്‍ മോര്‍ഫിന്‍ എന്നിവയേക്കാള്‍ നൂറിരട്ടിയിലധികം ശക്തിയേറിയ ഫെന്റനില്‍ കണികകള്‍ നേരിട്ട് ശ്വസിക്കുന്നതുപോലും ജിവന് ഭീഷണിയാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ട് മില്ലി ഫെന്റനില്‍ ഒരാള്‍ക്ക ജീവഹാനി വരുത്താന്‍ ധാരാളമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ശ്വസനത്തിലൂടെയും ചര്‍മ്മത്തിലൂടെയും ശരീരത്തിനുള്ളില്‍ കടക്കാനും ഫെന്റനിലിന് സാധിക്കും. നിലവില്‍ വേദന സംഹാരിയായും അനസ്‌ത്യേഷ്യക്കും ഫെന്റമിന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത്യാധുനിക ലബോറട്ടറികളില്‍ മാത്രം ഫെന്റനില്‍ ഉണ്ടാക്കാനാവു എന്നിരിക്കെ ഇന്‍ഡോറില്‍ തീര്‍ത്തും പ്രദേശികമായി ഇവ നിര്‍മിച്ചതും അധികൃതരെ അമ്പരപ്പിക്കുന്നുണ്ട്.

2002 ല്‍ മോസ്‌കോയിലെ തിയ്യറ്റില്‍ ചെചെയിന്‍ വിഘടനവാദികള്‍ക്കെതിരെ റഷ്യന്‍ സൈന്യം ഫെന്‍നില്‍ ഉപയോഗിച്ചിരുന്നു. തിയ്യറ്ററില്‍ അടച്ചിട്ട 800 ഓളം പേരക്കെതിരെയായിരുന്നു റഷ്യ ഫെന്റനില്‍ ഉപയോഗിച്ചത്. 120 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ടവരില്‍ നടത്തിയ പരിശോധനയിലാണ് ഫെന്റനില്‍ പ്രയോഗം തിരിച്ചറിഞ്ഞത്. 1960ല്‍ യുഎസില്‍ കുരങ്ങന്‍മാരിലായിരുന്നു ആദ്യമായി ഫെന്റനില്‍ പരീക്ഷിക്കുന്നത്. പിന്നീട് റഷ്യ, ചൈന എന്നിവിടങ്ങളിലും പലകാലങ്ങളിലായി പരീക്ഷണങ്ങള്‍ നടന്നിരുന്നു. 1997 ല്‍ ഹമാസ് നേതാവ് ഖാലിഷ് മഷാലിനെ ഇസ്രായേല്‍ ചാരസംഘടന വധിക്കാന്‍ ശ്രമിച്ചതും ഫെന്റനില്‍ ഉപയോഗിച്ചായിരുന്നു. ഫെന്റലിനിന്റെ അമിതോപയോഗം മുലം 20,000ലധികം പേര്‍ 2016ല്‍ അമേരിക്കയില്‍ മരിച്ചതായും റിപോര്‍ട്ടുകളുണ്ട്.

This post was last modified on October 1, 2018 12:38 pm

Related Post
Leave a Comment