X

രക്തപരിശോധനയ്ക്ക് ശ്രീരാം വെങ്കിട്ടരാമന്‍ വിസമ്മതിച്ചു, മദ്യത്തിന്റെ ഗന്ധമെന്ന് ഡോക്ടര്‍; പൊലീസിന് ഗുരുതര വീഴ്ച

ശ്രീരാം ആണ് കാര്‍ ഓടിച്ചത് എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയിട്ടുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സൂചന. ശ്രീരാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പറയുന്ന പൊലീസ് രക്തപരിശോധന നടത്തിയിട്ടില്ല. രക്തസാംപിള്‍ എടുക്കാന്‍ ശ്രീരാം വെങ്കിട്ടരാമന്‍ വിസമ്മതിക്കുകയും ചെയ്തു.

12 മണിക്കൂറിനുള്ളില്‍ രക്തപരിശോധന നടത്തിയാല്‍ മതി എന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം വൈദ്യപരിശോധനയ്ക്കായി ശ്രീരാം വെങ്കിട്ടരാമനെ ആദ്യം കൊണ്ടുപോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നതായി പറയുന്നു. ശ്രീരാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിന് പകരം സ്വന്തം നിലയില്‍ ശ്രീരാം സ്വകാര്യ ആശുപത്രിയില്‍ പോവുകയാണുണ്ടായത്. അതേസമയം ശ്രീരാം ആണ് കാര്‍ ഓടിച്ചത് എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയിട്ടുണ്ട്. വഫയാണ് ഓടിച്ചത് എന്നാണ് ശ്രീരാം പൊലീസിനോട് പറഞ്ഞത്. ഇതിന് വിരുദ്ധമാണ് യുവതിയുടെ മൊഴി.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീര്‍ ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

This post was last modified on August 3, 2019 10:53 am