X

അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; നാല്‍പ്പതോളം എംഎല്‍എമാര്‍ നിര്‍ണായക യോഗത്തിന് എത്തിയില്ല

കൂടുതല്‍ എംഎല്‍എമാര്‍ ദിനകരന് പിന്തുണ നല്‍കുന്നുവെന്ന സാഹചര്യം വന്നതോടെ സര്‍ക്കാരിന് ഭരണം നഷ്ടമാകുമെന്ന സാഹചര്യമാണ് വന്നിരിക്കുന്നത്

പനീര്‍സെല്‍വം-പളനിസാമി വിഭാഗങ്ങള്‍ വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗത്തില്‍ അണ്ണ ഡിഎംകെയ്ക്ക് തിരിച്ചടി. ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെയും ജില്ലാ ഭാഗവാഹികളുടെയും യോഗത്തില്‍ നിന്നും നാല്‍പ്പതോളം എംഎല്‍എമാര്‍ വിട്ടു നിന്നതോടെ ദിനകരന്‍ പക്ഷത്തിന്റെ ശക്തിപ്രകടനമായി യോഗം മാറി.

കൂടുതല്‍ എംഎല്‍എമാര്‍ ദിനകരന് പിന്തുണ നല്‍കുന്നുവെന്ന സാഹചര്യം വന്നതോടെ സര്‍ക്കാരിന് ഭരണം നഷ്ടമാകുമെന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ഇടഞ്ഞു നിന്നിരുന്ന ഇപിഎസ്, ഒപിഎസ് വിഭാഗങ്ങള്‍ ലയിക്കുന്നതോടെ ഒരു വെല്ലുവിളികളും ഇല്ലാതെ ഭരിക്കാമെന്ന അണ്ണ ഡിഎംകെയുടെ പ്രതീക്ഷകള്‍ക്കാണ് ദിനകരനിലൂടെ തിരിച്ചടി നേരിട്ടത്. ശശികലയെയും അവരുടെ വിശ്വസ്തനായ ദിനകരനെയും പുറത്താക്കി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം പൂര്‍ണമായും തങ്ങളിലെത്തിക്കാനും ബിജെപിയുമായി സഖ്യമുണ്ടാക്കിയ കേന്ദ്രഭരണത്തിലെ പങ്കാളിത്തം നേടാനുമാണ് ഇപിഎസ്, ഒപിഎസ് പക്ഷങ്ങള്‍ ശ്രമിച്ചത്.

പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രവും ഇന്ന് ചേരുന്ന യോഗത്തില്‍ മെനയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിരോധിച്ച പാന്‍ മസാലകള്‍ക്ക് വില്‍പ്പനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിക്കെതിരായ പ്രതിഷേധത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും സംഘവും ഗുഡ്ക ഉയര്‍ത്തിക്കാട്ടിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ നടന്ന ഈ സംഭവം ചട്ടവിരുദ്ധമാണോയെന്ന് ഇന്ന് ചേരുന്ന പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും.

സ്റ്റാലിന്‍ അടക്കമുള്ള 20 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണ പ്രതിപക്ഷ അംഗങ്ങളുള്ള പ്രിവിലേജ് കമ്മിറ്റിയില്‍ ദിനകരന്‍ അനുകൂലികളും ഉണ്ട്. നിയമസഭ വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമോയെന്നാണ് പ്രതിപക്ഷവും വിമത എംഎല്‍എമാരും നോക്കുന്നത്. ഗവര്‍ണറോട് ഭരണഘടന പരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

This post was last modified on August 28, 2017 12:13 pm