X

‘സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാനും ഒരു കാബിനറ്റ് മന്ത്രിയുണ്ട്‌’: അയ്യപ്പ ഭക്ത സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി

ശബരിമലയിലെ സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നാണ് അമൃതാന്ദമയി വിശേഷിപ്പിച്ചത്.

തിരുവനന്തപുരം പുത്തരിക്കണ്ടം മെതാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത് ‘കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഒറ്റ ഒരാളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം’ എന്നാണ്.

തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും എത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്ത്രിയെ അല്ല മേല്‍ശാന്തിയായിരുന്നു പുറത്താക്കിയത്. അന്ന് രാജാവാണ് പുറത്താക്കിയത്, പക്ഷെ ഇന്ന് മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുകയാണ്. അതു തിരുത്തപ്പെടേണ്ടതാണ്. സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാനും ഒരു കാബിനറ്റ് മന്ത്രിയുണ്ടെന്ന് മന്ത്രി സുധാകരനേ ലക്ഷ്യം വച്ച് അദ്ദേഹം പരിഹസിച്ചു. ഒരു സമൂഹത്തെ ചവിട്ടിമെതിക്കാന്‍ തീരുമാനിച്ചാല്‍ കേരളം അതിനു മാപ്പ് നല്‍കില്ലെന്നും ചിദാനന്ദപുരി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ മുഖ്യാതിഥിയായി മാതാ അമൃതാന്ദമയി വേദിയിലെത്തി. ശബരിമലയിലെ സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നാണ് അമൃതാന്ദമയി വിശേഷിപ്പിച്ചത്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ടിപി സെന്‍കുമാറും വേദിയില്‍ സംസാരിച്ചു. ശ്രീ ശ്രീ രവിശങ്കര്‍ തിരുവന്തപുരത്ത് എത്തിയില്ലെങ്കിലും ലൈവ് വീഡിയോയില്‍ അയ്യപ്പ ഭക്ത സംഗമത്തില്‍ എത്തിയവരുമായി സംവാദനം നടത്തുകയാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സംഗമത്തില്‍ കോട്ടയം, ആലപ്പുഴ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. മ്യൂസിയം, പിഎംജി എന്നിവിടങ്ങളിലുടെയുള്ള നാമജപയാത്ര പുത്തരിക്കണ്ടത്ത് സമാപിക്കും.

This post was last modified on January 20, 2019 9:04 pm