X

പൊലീസുകാരെ മര്‍ദ്ദിച്ചെന്ന ആരോപണം: മാധ്യമപ്രവര്‍ത്തകന്‍ പി എ അനീബിനെതിരായ കേസ് കോടതി തള്ളി

അനീബിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തുടക്കത്തില്‍ പൊലീസ് ആരോപിച്ചെങ്കിലും പിന്നീട് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. പൊലീസുകാരെ മര്‍ദ്ദിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പരിപാടി റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമുള്ള അനീബിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

പ്രതിഷേധ പ്രകടനത്തിനിടെ പൊലീസുകാരനെ തല്ലിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ പിഎ അനീബിനെതിരായ കേസ് കോഴിക്കോട് കോടതി തള്ളി. തേജസ് ലേഖകനായ അനീബിനെതിരെ 2015ലാണ് പൊലീസ് കേസെടുക്കുന്നത്. ഞാറ്റുവേല എന്ന സംഘടന സംഘടിപ്പിച്ച പരിപാടിക്കിടെ ഹിന്ദുത്വ വര്‍ഗീയ സംഘടനയായ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ആക്രമണവുമായി രംഗത്തെത്തുകയും പൊലീസ് ഞാറ്റുവേല പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അനീബിനെ പൊലീസ് അറസ്റ്റ് ചെയതത്. അനീബിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തുടക്കത്തില്‍ പൊലീസ് ആരോപിച്ചെങ്കിലും പിന്നീട് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. പൊലീസുകാരെ മര്‍ദ്ദിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പരിപാടി റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമുള്ള അനീബിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണം മനപൂര്‍വം തടസപ്പെടുത്തിയെന്ന പേരില്‍ ഐപിസി 332ാം വകുപ്പ് ചുമത്തിയിരുന്നു. രണ്ട് എഫ്‌ഐആര്‍ എടുത്തിരുന്നതായും രണ്ടിലും സംഭവം നടന്നു എന്ന് പറയുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരുന്നു എന്നും അനീബ് അഴിമുഖത്തോട് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിയാണ്. സംഭവം നടന്ന് മൂന്ന് – മൂന്നര മണിക്കൂറിന് ശേഷം. Cognisable Offence ആണെങ്കില്‍ പൊലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. ബോധപൂര്‍വമായി കേസ് കെട്ടിച്ചമച്ചതായി ഇത് വ്യക്തമാക്കുന്നു. സംഭവം നടന്നത് 11  മണിക്കാണ് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ പരിക്കേറ്റെന്ന് പറയുന്ന പൊലീസുകാരന്‍ ആശുപത്രിയില്‍ പോയത് 10.30ന്. സംഭവം നടക്കുന്നതിന് അര മണിക്കൂര്‍ മുമ്പ്. അഞ്ച് ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു – അനീബ് പറഞ്ഞു.