X

വ്യാജ ബിരുദം: അങ്കിവ് ബൈസോയയുടെ മാർക്ക്ഷീറ്റ് പരിശോധിക്കാനുള്ള ഫീസ് ഡൽഹി സർവ്വകലാശാല അടച്ചിട്ടില്ലെന്ന് തിരുവള്ളുവർ സർവ്വകലാശാല

നവംബർ 12നു മുൻപ് അങ്കിതിന്റെ മാർക്ക്ഷീറ്റ് പരിശോധന നടന്നില്ലെങ്കിൽ ഡൽഹി സർവ്വകലാശാലയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറവാണ്.

ഡൽഹി സർവ്വകലാശാല യുണിയൻ പ്രസിഡണ്ടായ എബിവിപി നേതാവ് അങ്കിത് ബൈസോയയുടെ മാർക്ക്ഷീറ്റ് പരിശോധിക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുന്നതായി റിപ്പോര്‍ട്ട്. മാർക്ക്ഷീറ്റ് പരിശോധിക്കാനാവശ്യമായ ഫീസ് ഡൽഹി സർവ്വകലാശാല അടച്ചിട്ടില്ലെന്ന് തിരുവള്ളുവർ സർവ്വകലാശാല അധികൃതർ പറയുന്നു. മാർക്ക്ഷീറ്റ് പരിശോധിക്കാൻ പതിനഞ്ച് ദിവസമെടുക്കുമെന്നാണ് തിരുവള്ളുവർ സർവ്വകലാശാല പറയുന്നത്. നവംബർ 12നു മുൻപ് അന്വേഷണം പുർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഡൽഹി ഹൈക്കോടതി ഡൽഹി സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അങ്കിതിന് തിരുവള്ളുവർ സർവ്വകലാശാലയിൽ നിന്നും ലഭിച്ചു എന്ന് പറയപ്പെടുന്ന ബിരുദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് ഡൽഹി സർവ്വകലാശാലയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി തങ്ങൾ തിരുവള്ളുവർ സർവ്വകലാശാലയിൽ പണമടച്ച് അപേക്ഷിച്ചിട്ടുണ്ടെന്ന് ഡൽഹി സര്‍വ്വകലാശാലയിലെ ബുദ്ധിസ്റ്റ് സ്റ്റഡീസ് തലവൻ കെടിഎസ് സരാവോ അവകാശപ്പെടുന്നു.

എന്നാൽ ഇതിനെ പൂർണമായും നിഷേധിക്കുകയാണ് തിരുവള്ളുവർ സർവ്വകലാശാല കൺട്രോളർ ഓഫ് എക്സാമിനേഷൻ ബി സെന്തിൽകുമാർ. പണമടച്ച് അപേക്ഷിക്കണമെന്ന കാര്യം ഡൽഹി സർവ്വകലാശാലയെ താൻ അറിയിച്ചുവെങ്കിലും അവരിൽ നിന്നും മറുപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് സെന്തിൽകുമാർ വ്യക്തമാക്കി. ഒരു മാസം മുമ്പു തന്നെ തങ്ങൾ ഡൽഹി സർവ്വകലാശാലയെ വിശദമായ ഒരു കത്തിലൂടെ ഇക്കാര്യം അറിയിച്ചിരുന്നെന്നും സെന്തിൽകുമാർ പറഞ്ഞു.

ഓൺലൈൻ ഇടപാടിലൂടെയോ ഇന്ത്യൻ ഓവർസീസ് ബാങ്കിലൂടെയോ ഫീസ് അടയ്ക്കാവുന്നതാണ്.

എന്നാൽ തിരുവള്ളുവർ സർവ്വകലാശാല ഇതിനകം തന്നെ ഫീസ് സ്വീകരിച്ചു കഴിഞ്ഞെന്ന് ഡൽഹി സർവ്വകലാശാല പറഞ്ഞു. ഒക്ടോബർ 25നു തന്നെ ഇത് നടന്നിട്ടുണ്ടെന്നും ഡൽഹി സർവ്വകലാശാല അവകാശപ്പെടുന്നു.

നവംബർ 12നു മുൻപ് അങ്കിതിന്റെ മാർക്ക്ഷീറ്റ് പരിശോധന നടന്നില്ലെങ്കിൽ ഡൽഹി സർവ്വകലാശാലയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറവാണ്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷം രണ്ടു മാസത്തിനുള്ളിൽ വരുന്ന ഒഴിവിലേക്ക് മാത്രമേ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാകൂ എന്ന് ലിങ്ദോ കമ്മിറ്റിയുടെ നിർദ്ദേശം നിലവിലുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഡൽഹി സർവ്വകലാശാലയുടെ ഉദ്യോഗസ്ഥർ തിരുവള്ളുവർ സർവ്വകലാശാല നേരിട്ട് സന്ദർശിച്ച് മാർക്ക്ഷീറ്റ് പരിശോധിക്കുമെന്നാണ് അറിയുന്നത്.