X

കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം

ഹ്യൂമന്‍, ടൈം, സ്പേസ്, ആന്‍ഡ് ഹ്യൂമന്‍ ആണ് കിം കി ഡുക്കിന്റെ ഏറ്റവും പുതിയ സിനിമ. അത് ഈ വര്‍ഷം തന്നെ കാണാന്‍ മലയാളിക്ക് അവസരമുണ്ടാകുമോ?

ഒടുവില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേണ്ടി മഹാനായ ഒരു ചലച്ചിത്രകാരന്റെ വാക്കുകള്‍. “പ്രളയമെന്ന കാരണം പറഞ്ഞു ചലച്ചിത്രോത്സവം മാറ്റിവെക്കരുത്.” ആണവയുദ്ധത്തിന്റെ ഭീഷണിയുടെ നിഴലില്‍ നിന്നുകൊണ്ടു കൊറിയന്‍ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും പീഡനങ്ങള്‍ അതിജീവിച്ചു ലോകത്തിന് മുന്‍പില്‍ അതിഗംഭീര സിനിമകള്‍ അവതരിപ്പിച്ച ഒരു രാജ്യവും അവിടത്തെ മാസ്റ്റര്‍ സംവിധായകനുമാണ് ഈ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം കിം കി ഡുകിന്‍റെ കൊറിയയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തര കൊറിയ ലോക സിനിമാ ഭൂപടത്തില്‍ വട്ടപ്പൂജ്യമാണ് എന്നു കൂടി തിരിച്ചറിയുമ്പോഴാണ് കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തിനെ കുറിച്ചുള്ള ചിന്ത ഗൌരവതരമാകുന്നത്.

അതിജീവനത്തില്‍ കലയ്ക്ക് വലിയ പങ്ക് ഉണ്ടെന്നും, കല മാറ്റിവെയ്ക്കരുതെന്നും കിം കി ഡുക് പറഞ്ഞതായി പ്രശസ്ത സംവിധായകന്‍ ഡോ. ബിജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതായാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറിയന്‍ ഭാഷയില്‍ കിം എഴുതിയ കുറിപ്പും ബിജു തന്റെ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. റഷ്യയിലെ അല്‍മാട്ടി ചലച്ചിത്രമേളയില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് കിമ്മിന്റെ പ്രതികരണം എന്നാണ് ഡോ. ബിജു പറയുന്നത്.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരള ചലച്ചിത്ര മേള നിർത്തരുത് എന്ന് കിം കി ഡുക്ക്..കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖം ഉണ്ടെന്നും മനസ്സുകൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം പറഞ്ഞു. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അത് നിർത്തിവെക്കരുത് എന്ന് സർക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും കിം അറിയിച്ചു. അതിജീവനത്തിൽ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ “ഹ്യൂമൻ, സ്‌പെയ്‌സ്, ടൈമ് , ഹ്യൂമൻ” ന്റെ പ്രദർശനം അൽമാട്ടി ചലച്ചിത്ര മേളയിൽ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയിൽ കൊറിയൻ ഭാഷയിൽഎഴുതിയ കത്ത് ഞങ്ങളെ ഏൽപ്പിച്ചത്.

നന്ദി പ്രിയ കിം..കേരളത്തിലെ ജനങ്ങളോടും കേരള ചലച്ചിത്ര മേളയോടും ഉള്ള സ്നേഹത്തിന്.. കലയുടെ മാനവികതയ്ക്ക്… (കിം കി ഡുക്കിന് കൊറിയൻ ഭാഷ മാത്രമേ അറിയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ)

പ്രളയത്തെ അതിജീവിക്കാന്‍ മുണ്ടുമുറുക്കി ഉടുക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ എഫ് എഫ് കെ അടക്കമുള്ള കലാ സാംസ്കാരിക പരിപാടികള്‍ റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സാംസ്കാരിക രംഗത്ത് നിന്നും ഉയര്‍ന്നുവന്നത്. മന്ത്രിമാരടക്കം വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തുവന്നു. രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് കലോത്സവ വിഷയത്തില്‍ ഒരു പുനരാലോചന പെട്ടെന്നുണ്ടായി. എന്നാല്‍ ഐ എഫ് എഫ് കെ നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പൊഴും വ്യക്തത കൈവന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്നും വന്നയുടനെ ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് ചലചിത്ര അക്കാദമി വൃത്തങ്ങള്‍ പറയുന്നത്.

നേരത്തെ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രോത്സവം റദ്ദാക്കാനുള്ള തീരുമാനത്തെ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്. “മേള നടത്താന്‍ ചിലവു കുറഞ്ഞ രീതികള്‍ സ്വീകരിക്കാം. എന്നാല്‍ പുര്‍ണമായും റദ്ദാക്കുന്നത് ഐഎഫ്എഫ്‌കെയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കും. ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സിനിമകളുടെ എണ്ണം, അതിഥികള്‍, മറ്റ് അഘോഷ പരിപാടികള്‍ എന്നിവ കുറയ്ക്കുന്നത് പരിഗണിക്കാം. ഇതിനുപുറമേ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും വേണ്ടെന്ന് വയ്ക്കാവുന്നതാണ്.” –എന്നാണ് അടൂര്‍ പ്രതികരിച്ചത്.

മേള റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ തുടക്കം മുതല്‍ രംഗത്തുള്ള ഡോ. ബിജു തന്റെ ഒരു ഫേസ്ബുക്ക് പേജില്‍ പ്രകൃതിദുരന്തങ്ങളുടെ കാലത്ത് മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ ചലച്ചിത്രോത്സവങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നു വിശദീകരിക്കുന്നുണ്ട്.

“ചൈനയിൽ 2008 മെയ് 12 ൽ സിചുവാൻ ഭൂകമ്പം ഉണ്ടാവുകയും തൊണ്ണൂറായിരത്തിൽ അധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ചൈനീസ് സർക്കാർ മാധ്യമ വാർത്തകൾ ഉൾപ്പെടെ എല്ലാത്തിനും സെൻസർഷിപ് ഏർപ്പെടുത്തി. ആ വർഷം ഷാങ്ഹായി ചലച്ചിത്ര മേളയുടെ പതിനൊന്നാമത് എഡിഷൻ ആയിരുന്നു. അത് പക്ഷെ ചൈനീസ് സർക്കാർ റദ്ദ് ചെയ്തില്ല. 2008 ജൂൺ 14 മുതൽ 22 വരെ ഷാങ്ഹായി മേള നടന്നു. രണ്ടു മിനിറ്റ് ദുഃഖാചരണത്തോടെ ആണ് മേള തുടങ്ങിയത്. ജൂറി ചെയർമാൻ വോങ് കാർ വായിയും പ്രശസ്ത ചൈനീസ് താരം ജാക്കി ചാനും മേളയിൽ പങ്കെടുക്കാൻ എത്തിയ വിദേശ പ്രതിനിധികളോട് ഒരു സംയുക്ത അഭ്യർത്ഥന നടത്തി . ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട 5 മില്യൺ ചൈനീസ് ആളുകൾക്ക് സഹായം നൽകാനായി അവരവർക്ക് ആവുന്ന ഡൊണേഷൻ നൽകണം എന്ന്. ഫെസ്റ്റിവൽ ഡയറക്ടർ ഗെസ്റ്റുകളോട് ആ വർഷം ഡ്രസ്സ് കോഡ് മേളയിൽ ഉണ്ടാവുക ഇല്ല എന്നും പകരം പ്രതീക്ഷയുടെ പ്രതീകമായി ഒരു പച്ച റിബൺ ധരിക്കുവാനും ആവശ്യപ്പെട്ടു. ഇതോടൊപ്പം ഓർക്കാവുന്ന മറ്റൊന്നാണ് ആ വർഷം മെയ് മാസത്തിൽ കാൻ ചലച്ചിത്ര മേളയിൽ ചൈനയിലെ പ്രശസ്ത താരങ്ങളായ ജാക്കി ചാനും സിയി ഷാങ്ങും മേളയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു റെഡ് കാർപ്പറ്റ് വാക്കിങ്ങിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു ചിത്രം ഉയർത്തി പ്പിടിച്ചു സിചുവാൻ ഭൂകമ്പത്തിൽ ചൈനയെ സഹായിക്കാൻ ആവശ്യപ്പെട്ടു. ഏതാണ്ട് ഒരു മില്യൺ യു എസ് ഡോളർ ആണ് ഈ അഭ്യർത്ഥനയുടെ ഫലമായി സമാഹരിക്കപ്പെട്ടത്.”

ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം: 2008ല്‍ സിചുവാൻ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 90,000ല്‍ അധികം പേര്‍; എന്നിട്ടും ഷാങ്ഹായി ചലചിത്ര മേള ചൈന നടത്തുക തന്നെ ചെയ്തു.

സെക്സി ദുര്‍ഗ്ഗ എന്ന സിനിമയിലൂടെ മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്; “സന്തോഷമുള്ള ജനതക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. വിലപിക്കുന്ന ജനത വിലപിച്ചുകൊണ്ടെയിരിക്കും. എന്ത് ചെയ്താലും ഇത്തവണ iffk നടത്താനേ പാടില്ല എന്നൊക്കെ ചിലരുടെ ചോര തിളയ്ക്കുന്നത് കാണുമ്പോള്‍ മരണവീട്ടില്‍ ചിരിക്കാന്‍ പാടില്ല.. ഒരു വര്‍ഷം ആഘോഷങ്ങള്‍ പാടില്ല.. നിറമുള്ള വസ്ത്രം ഉടുക്കാന്‍ പാടില്ല.. മൂളിപ്പാട്ട് ഒട്ടുമേ പാടില്ല.. എന്നൊക്കെയുള്ള പഴയ തറവാട്ടുതിട്ടൂരം ആണ് ഓര്‍മവരുന്നത്.”

എന്തായാലും നൂറ്റാണ്ടിന്റെ മഹാപ്രളയം ചില തിരിച്ചറിവുകളിലേക്ക് നമ്മെ നയിച്ചിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പ്രകൃതിയെ വെറും ചരക്കാക്കി കാണരുത് എന്ന തിരിച്ചറിവു തന്നെയാണ് ഇതില്‍ പ്രധാനം. സംസ്കാരത്തെയും അങ്ങനെ കാണരുത് എന്നതും പരമ പ്രധാനം തന്നെ.

ഇനി കിം കി ഡുകിലേക്ക് വരാം. 2005ല്‍ നവ സംവിധായക പാക്കേജില്‍ ഉള്‍പ്പെടുത്തി അര ഡസന്‍ കിം സിനിമകള്‍ കാണിച്ചത് മുതല്‍ കേരളത്തിലെ നല്ല സിനിമയുടെ കാഴ്ചക്കാര്‍ കിം കി ഡുക്കിന്റെ കടുത്ത ആരാധകാരായി മാറിക്കഴിഞ്ഞു. കിമ്മിന്റെ ‘സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍’ കണ്ടു മലയാളികള്‍ വിസ്മയിച്ചു. ത്രീ അയേണ്‍ കണ്ട് അന്തംവിട്ടു. ബാഡ് ഗയ് കണ്ട് നമ്മുടെ തന്നെ അധോലോകങ്ങളിലേക്ക് ഊളിയിട്ടു. പിന്നീടിങ്ങോട്ട് ടൈമും ഡ്രീമും പിയത്തെയുമൊക്കെ ഐ എഫ് എഫ് കെയുടെ അവിസ്മരണീയ കാഴ്ചാനുഭവങ്ങളായി. മോബിയസ് കാണാന്‍ ഇരച്ചു കയറിയവര്‍ തിയറ്റര്‍ തകര്‍ത്തു. കിമ്മിന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ പോലെ പ്രേക്ഷകരും ഭ്രമചിത്തരാകുന്നത് നമ്മള്‍ കണ്ടു. ഏറ്റവും ഒടുവില്‍ ഇരു കൊറിയകള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ദി നെറ്റും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. കിമ്മിന്റെ സിനിമ ഐ എഫ് എഫ്കെയില്‍ ഇല്ലെങ്കില്‍ മാധ്യമ വാര്‍ത്തയായി. കിമ്മിന്റെ നായിക ഷൂട്ടിംഗിനിടെ മരണാസന്നയായതും അതിനെ തുടര്‍ന്ന് വിഷാദത്തിലായ കിം ഏകാന്തജീവിതത്തിലേക്ക് തിരിഞ്ഞതും ആ ജീവിതം ആരിരംഗ് എന്ന ഡോക്യുമെന്ററി ആയി ലോകം കണ്ടതും ഒരു സിനിമാക്കഥ പോലെ നമ്മള്‍ വായിച്ചും കണ്ടും അറിഞ്ഞു. കിം കി ഡുക് ചലച്ചിത്രോത്സവത്തിന്റെ ഐശ്വര്യം എന്ന ട്രോള്‍ കഥകള്‍ ഇറങ്ങി. ഇതിനിടയില്‍ 2013ല്‍ കിം കി ഡുക് തന്റെ പ്രിയ പ്രേക്ഷകരെ കാണാന്‍ കേരളത്തില്‍ പറന്നിറങ്ങുകയും ചെയ്തു.

ഹ്യൂമന്‍, ടൈം, സ്പേസ്, ആന്‍ഡ് ഹ്യൂമന്‍ ആണ് കിം കി ഡുക്കിന്റെ ഏറ്റവും പുതിയ സിനിമ. അത് ഈ വര്‍ഷം തന്നെ കാണാന്‍ മലയാളിക്ക് അവസരമുണ്ടാകുമോ? അതോ തിരുവനന്തപുരത്തെ ബീമാ പള്ളിയിലെ ബ്ളാക്ക് മാര്‍ക്കറ്റിലേക്ക് നമ്മള്‍ ഒഴുകേണ്ടി വരുമോ?

മുഖ്യമന്ത്രി വരട്ടെ, അപ്പോഴറിയാം…

2008ല്‍ സിചുവാൻ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 90,000ല്‍ അധികം പേര്‍; എന്നിട്ടും ഷാങ്ഹായി ചലചിത്ര മേള ചൈന നടത്തുക തന്നെ ചെയ്തു

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on September 19, 2018 11:42 am