X

പത്താന്‍കോട്ട് ആക്രമണം മസൂദ് അസറിനെതിരെ തെളിവില്ല പാകിസ്താന്‍

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകളില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ പങ്ക് തെളിയിക്കാന്‍ ആവശ്യമായവയില്ലെന്ന് പാകിസ്താന്‍. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ രൂപീകരിച്ച സംഘത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് പാകിസ്താന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ പാക് എന്‍ എസ് എ നാസര്‍ ഖാന്‍ ജന്‍ജുവ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. കൂടാതെ ഇരുരാജ്യങ്ങളുടെ വിദേശ കാര്യ സെക്രട്ടറിമാര്‍ തമ്മിലെ ചര്‍ച്ചയുടെ തിയതികളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ആക്രമണത്തില്‍ മസൂദിന്റെ പങ്ക് തെളിയിക്കാന്‍ ആവശ്യമായ ഫോണ്‍ വിളി രേഖകള്‍ അടക്കമുള്ള തെളിവുകള്‍ കൈമാറിയെന്ന നിലപാടിലാണ് ഇന്ത്യ. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാതെ ചര്‍ച്ചകളില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ജനുവരി രണ്ടാം വാരമാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആറംഗ അന്വേഷണ സംഘം രൂപീകരിച്ചത്. ഇന്ത്യ-പാക് ചര്‍ച്ചകളെ ഈ ഭീകരാക്രമണം ബാധിച്ചുവെന്ന് അടുത്തിടെ ഷെറീഫ് സമ്മതിച്ചിരുന്നു. ജനുവരി രണ്ടിന് ആരംഭിച്ച് മൂന്നു ദിവസം നീണ്ട ആക്രമണത്തില്‍ ഇന്ത്യയുടെ ഏഴ് പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയും ആറ് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:39 pm