X

അവസാന അഞ്ചലോട്ടക്കാരന്‍ ‘അഞ്ചല്‍ കണ്ണന്‍’ വിടവാങ്ങി

തിരുവിതാംകൂര്‍ രാജഭരണകാലത്ത് ഭരണപരമായ രേഖകളും കത്തുകളും അയച്ചിരുന്ന തപാല്‍ സംവിധാനമായിരുന്നു അഞ്ചല്‍

കേരളത്തിലെ അവസാന അഞ്ചലോട്ടക്കാരന്‍ അഞ്ചല്‍ കണ്ണന്‍ (90) അന്തരിച്ചു. കാന്തല്ലൂര്‍ പഞ്ചായത്തില്‍ കണക്കയം ഗോത്രവര്‍ഗ കോളനിയിലെ അഞ്ചല്‍ കണ്ണന്‍ എന്ന കണ്ണന്‍ ചപ്ലി 1950കളില്‍ പ്രദേശത്തെ അഞ്ചലോട്ടക്കാരനായിരുന്നു. വാഹനസൗകര്യം ഇല്ലാതിരുന്ന മറയൂര്‍, കാന്തല്ലൂര്‍ പ്രദേശത്തെ അഞ്ചലോട്ടക്കാരനായിരുന്നു കണ്ണനും സഹോദരനായ നാഗനും.

മൂന്നാര്‍, ഉദുമല്‍പേട്ട എന്നിവിടങ്ങളില്‍ നിന്ന് മറയൂരില്‍ എത്തിയിരുന്ന തപാല്‍ ഉരുപ്പടികള്‍ 16 കിലോമീറ്റര്‍ അകലെ കാന്തല്ലൂരിലേക്കും അവിടെ നിന്നുള്ളവ തിരിച്ചും ഓടി കൊണ്ടുപോയിക്കൊടുത്തിരുന്നത് ഇവരാണ്. കണക്കയംകുടിയില്‍ നിന്ന് എട്ടു കി.മീ അകലെയായിരുന്നു ഇവരുടെ സേവന മേഖല.

ഗോത്രവര്‍ഗ വിഭാഗമായ ഹില്‍പുലയ സമുദായത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ജീവനക്കാരായിരുന്നു ഈ സഹോദരങ്ങള്‍. നാഗന്‍ 1999-ല്‍ മരിച്ചു. അഞ്ചലോട്ടത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ കണ്ണന്റെ മാസശമ്പളം 45 രൂപയായിരുന്നു. പിരിയുമ്പോള്‍ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ഭാര്യ: മീനാക്ഷി. മക്കള്‍: സുബ്രമണ്യന്‍, രാജു, ബാബു. മരുമക്കള്‍: ഭാനുമതി, ശാന്തമ്മ, മാരിയമ്മ. മൃതദേഹം സംസ്‌കരിച്ചു.

തിരുവിതാംകൂറിന്റെ ജീവിതസമരവും സി കേശവനും; പാഠപുസ്തകങ്ങള്‍ക്ക് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

തിരുവിതാംകൂറിന്റെ സ്വന്തം തപാല്‍ സംവിധാനം ‘അഞ്ചല്‍’

തിരുവിതാംകൂര്‍ രാജഭരണകാലത്ത് ഭരണപരമായ രേഖകളും കത്തുകളും അയച്ചിരുന്ന തപാല്‍ സംവിധാനമായിരുന്നു അഞ്ചല്‍. 1857ലാണ് ആദ്യത്തെ അഞ്ചലാപ്പീസ് തിരുവിതാംകൂറില്‍ ആരംഭിക്കുന്നത്. എന്നാല്‍ 1812 മുതല്‍ കൊട്ടാരം കോപ്പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങളും കൊണ്ടു പോകാനുദ്ദേശിച്ചുള്ള അഞ്ചല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 1951-ല്‍ ഇന്ത്യന്‍ കമ്പി തപാല്‍ സംവിധാനത്തിലേക്ക് ലയിക്കുന്നതുവരെ അഞ്ചല്‍ സമ്പ്രദായം നിലനിന്നിരുന്നു.

തപാല്‍ ഉരുപ്പടികളുള്ള തോല്‍സഞ്ചിയുമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടിയെത്തിയിരുന്നവരെ അഞ്ചല്‍ക്കാരന്‍, അഞ്ചലോട്ടക്കാരന്‍, അഞ്ചല്‍ ശിപായി, അഞ്ചല്‍ പിള്ള എന്നാണ് വിളിച്ചിരുന്നത്. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായി യാത്ര ചെയ്തിരുന്ന ഇവര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമായിരുന്നു നല്‍കിയിരുന്നത്.

കാലകാലങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നെങ്കിലും തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖുമുദ്രയും പതിപ്പിച്ച കുന്തവും (അതില്‍ ഒരു മണിയും കൂടി കെട്ടും), മണികെട്ടിയ അരപ്പട്ടയും അഞ്ചലോട്ടക്കാരന്റെ വേഷവിധാനത്തിന്റെ പ്രധാന ഭാഗമായിരുന്നു. കാക്കി നിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു ഇവരുടെ വേഷം.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ശിപായി ദിവസവും 8 മൈല്‍ ഓടണമെന്നാണ് ഉത്തരവ്. അഞ്ചലോട്ടക്കാരന്‍ ഓടി വരുമ്പോള്‍ കേള്‍ക്കുന്ന മണികിലുക്ക ശബ്ദം കേട്ട് വഴി ഒതുങ്ങികൊടുക്കമെന്ന് നിയമമുണ്ടായിരുന്നു. അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നത്.

അഞ്ചല്‍ പെട്ടിയില്‍ നിക്ഷേപിക്കുന്ന കത്തുകള്‍ അഞ്ചല്‍ കേന്ദ്രകളിലെത്തിച്ച് തരംതിരിച്ചതിന് ശേഷം അഞ്ചലോട്ടക്കാരന്‍ വഴിയാണ് വിലാസക്കാര്‍ക്ക് എത്തിച്ചിരുന്നത്. അഞ്ചല്‍ പെട്ടികള്‍ 1812 കാലഘട്ടങ്ങളിലുമുണ്ടായിരുന്നു കൊട്ടാരംകോപ്പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങളും കൊണ്ടു പോകാനുദ്ദേശിച്ച് ആരംഭിച്ച അഞ്ചല്‍ വകുപ്പിന്റെ പ്രാദേശിക സംഭരണികളായിരുന്നു ഈ അഞ്ചല്‍പ്പെട്ടികള്‍. എച്ച് ആന്‍ഡ് സി കമ്പനിയായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്.

അവസാന അഞ്ചലോട്ടക്കാരനും വിടവാങ്ങി.. എന്താണ് അഞ്ചലോട്ടം?/ വീഡിയോ കാണാം

പുലയരുടെ രാജചരിത്രം രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതാരാണ്? പുലയനാര്‍കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

This post was last modified on January 8, 2019 4:04 pm