X

കുമ്പിടിയാ… കുമ്പിടി; സന്നിധാനത്തും തിരുവനന്തപുരത്തും ഒരേ സമയം പ്രയാറിനെ കണ്ടവരുണ്ടത്രേ!

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും രണ്ട് വഴിക്കാണെന്ന ആരോപണം ശക്തമാണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കുമ്പിടി ട്രോളര്‍മാരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഒരേസമയം പലയിടങ്ങളില്‍ കണ്ടവരുണ്ടെന്നാണ് ചിത്രത്തില്‍ ആള്‍ദൈവമായ കുമ്പിടിയെക്കുറിച്ച് പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെയും അംഗം അജയ് തറയിലിന്റെയും ചില അഴിമതി കഥകള്‍ കേള്‍ക്കുമ്പോള്‍ ആരും കുമ്പിടിയെ മനസില്‍ വിചാരിച്ചു പോകും. അത്രയ്ക്ക് സാമ്യമാണ്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായ ചില ക്രമക്കേടുകളെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രയാറിനും അജയ് തറയിലിനുമുള്ള കുരുക്ക് തയ്യാറായിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നെന്ന് രേഖയിലുള്ള ദിവസം ശബരിമലയില്‍ ഉണ്ടായിരുന്നതായി കാട്ടി ഇരുവരും യാത്രാപ്പടി എഴുതിയെടുത്തതായാണ് തെളിഞ്ഞിരിക്കുന്നത്. ഒരേദിവസം തന്നെ സിറ്റിംഗ് ഫീസും യാത്രപ്പടിയും കൈപ്പറ്റിയതായി കണ്ടെത്തിയതോടെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ഇതിനായി ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സിലോ ശബരിമല സന്ദര്‍ശക രജിസ്റ്ററിലോ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്നാണ് ഉറപ്പായിരിക്കുകയാണ്. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുകയെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നുമാണ് കടകംപള്ളി വ്യക്തമാക്കിയിരിക്കുന്നത്.

2016 ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും പങ്കെടുക്കുകയും 1.15 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേ ദിവസം തന്നെ ഇരുവരും ശബരിമലയിലേക്ക് യാത്ര ചെയ്തതിന്റെ യാത്രബത്തയും എഴുതിയെടുത്തതിന്റെ തെളിവുകളും ദേവസ്വം അധികൃതര്‍ക്ക് ലഭിച്ചു. യാത്ര ബത്തയ്ക്കായി ഹാജരാക്കിയ രേഖകളില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചിതറയില്‍ നിന്നും അജയ് തറയില്‍ ആലുവയില്‍ നിന്നും ശബരിമലയിലേക്ക് യാത്ര ചെയ്തുവെന്നാണ് പറയുന്നത്. യോഗം ചേരാതെ മിനിറ്റ്‌സ് എഴുതിയുണ്ടാക്കിയെന്നോ അല്ലെങ്കില്‍ യാത്രബത്തയ്ക്കായി യാത്ര ചെയ്തുവെന്ന് വ്യാജരേഖയുണ്ടാക്കിയെന്നോ സംശയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും രണ്ട് വഴിക്കാണെന്ന ആരോപണം ശക്തമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലുള്‍പ്പെടെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും രണ്ട് നിലപാടുകള്‍ സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണനെ നിയമിച്ചത് യുഡിഎഫ് സര്‍ക്കാരായിരുന്നുവെങ്കിലും സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് പ്രയാറിനെയും സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും തമ്മില്‍ തെറ്റിച്ചത്. കഴിഞ്ഞ ദേവസ്വം ഭരണസമിതിയുടെ കാലത്ത് നിരവധി ക്രമക്കേടുകള്‍ നടന്നുവെന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ആരോപിക്കുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായിരുന്നു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഭരണസമിതി അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷമായി വെട്ടിക്കുറച്ചത്. ഇതിന്റെ ഫലമായി അപ്രതീക്ഷിതമായി സ്ഥാനം തെറിച്ചത് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനുമായിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ഇരുവര്‍ക്കും സ്ഥാനം നഷ്ടമാകുകയും ചെയ്തു.

പ്രത്യേക ഓര്‍ഡിനന്‍സിലൂടെ പ്രയാറിന് സ്ഥാനം നഷ്ടമാകുമെന്ന് വന്നപ്പോള്‍ അതില്‍ ഏറ്റവുമധികം വിഷമിച്ചത് കോണ്‍ഗ്രസ് അല്ലെന്നതും ശ്രദ്ധേയമാണ്. കൊല്ലത്ത് കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉറച്ച ശബ്ദവും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന പ്രയാറിന് വേണ്ടി ഇവിടെ ഏറ്റവും ഉയര്‍ന്നു കേട്ട ശബ്ദം ബിജെപിയുടേതായിരുന്നു. തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കേരള സര്‍ക്കാരിന്റെ അധികാര ഇടനാഴിയില്‍ തല്‍ക്കാലം ആളില്ലെന്നതാണ് അവരെ പ്രകോപിതരാക്കിയത്.

പ്രയാറിനും അജയ് തറയിലിനുമെതിരായ അന്വേഷണം പ്രഥമികം മാത്രമാണെന്നാണ് മന്ത്രി തന്നെ വ്യക്തമാക്കിയിക്കുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കൂടുതല്‍ അന്വേഷണം നടക്കും. അജയ് തറയിലിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ചുമതലയുണ്ടായിരുന്ന ക്ഷേത്രത്തില്‍ നിന്നും ഏഴ് ലക്ഷം രൂപ വകമാറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. ക്രമക്കേട് പിടികൂടിയതോടെ പണം തിരിച്ചടച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇത്തരത്തിലുള്ള സ്റ്റാഫുകളെ നിയമിക്കുന്നതില്‍ പ്രയാറും മോശക്കാരനായിരുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ചില ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തു വന്നേക്കും. പ്രയാര്‍ ദേവസ്വം പ്രസിഡന്റായിരുന്ന രണ്ട് വര്‍ഷക്കാലം നടത്തിയ ഔദ്യോഗിക യാത്രകളെല്ലാം കൂടി പരിശോധിച്ചാല്‍ ഒരുപക്ഷെ ദേവസ്വം ബോര്‍ഡിന് അതുതന്നെ ഒരു വലിയ ധനസമാഹരണമായേക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കാരണം വിശ്രമിക്കാന്‍ സമയമില്ലാതെ അദ്ദേഹം ഓടുകയായിരുന്നല്ലോ!

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 28, 2017 7:34 am